എല്‍ഡിഎഫിന് 4.92 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിന്, 6.11 ലക്ഷം വോട്ട് കുറഞ്ഞെന്നാണ് പിണറായി നിയമസഭയില്‍ പറയുന്നത്... മുഖ്യമന്ത്രി പിണറായി വിജയന് അഹങ്കാരത്തിനൊരു കുറവുമില്ല...

പഴയചില മാടമ്പി കാരണവന്മാരുണ്ട് തറവാടിന്റെ അസ്ഥിവാരം വരെ തോണ്ടാറായിട്ടും ഉത്തരവും കഴുക്കോലും വരെ ചിതലരിച്ചു നശിച്ചാലും അഹങ്കാരത്തിനൊരു കുറവും കാണില്ല. ഞങ്ങള് പരമ്പരാഗതമായി ആനയുള്ള കുടുംബക്കാരാണെന്ന് മേനി പറഞ്ഞോണ്ടേയിരിക്കും. യഥാര്‍ത്ഥത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ എന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നതാണ് അവസ്ഥ. ഇതേ അവസ്ഥയിലാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും. മുമ്പ് ജനം കൂടെയുണ്ടായിരുന്നു, ഇപ്പോ പാര്‍ട്ടിക്കാരുടെ പോലും പിന്തുണയില്ല. എന്നിട്ടും മാടമ്പിമാരെ പോലെ അഹങ്കാരത്തിനൊരു കുറവുമില്ല. പ്രതിപക്ഷം പണിയെടുക്കാതെയാണ് വിജയിച്ചതെന്ന് സാമാന്യബുദ്ധിയുള്ള ഏതൊരു മലയാളിക്കും അറിയാം.
പക്ഷെ, പണിയെടുക്കാത്തവര്‍ക്ക് എന്തുകൊണ്ട് ജനം വോട്ട് ചെയ്‌തെന്ന് പിണറായി ചിന്തിക്കുന്നില്ല. ഗതികെട്ടാണ് വോട്ട് ചെയ്തത്. ഇത്രയും നാറിയൊരു ഭരണം കേരളത്തില്‍ മുമ്പുണ്ടായിട്ടില്ല. എല്‍ഡിഎഫിന് 4.92 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിന് 6.11 ലക്ഷം വോട്ട് കുറഞ്ഞെന്നാണ് പിണറായി നിയമസഭയില്‍ പറയുന്നത്. ഇതിന് നിരത്തുന്ന വാദം ബഹുവിചിത്രമാണ്. രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കരുതുന്നവരുണ്ട്, അവര്‍ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് ഇറക്കിവിടാനാണ് യുഡിഎഫിന് വോട്ട് ചെയ്തതെന്നും അല്ലാതെ ഇടതുപക്ഷത്തോടുള്ള വിരോധം കൊണ്ടല്ലെന്നും തള്ളിവിട്ടു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരു പാര്‍ട്ടിക്കും അപ്രമാദിത്വം ഇല്ലെന്നും പറഞ്ഞു. ഇതൊക്കെ വാദത്തിന് വേണ്ടി സമ്മതിക്കാം. ആലപ്പുഴയിലും ആറ്റിങ്ങലിലും അടക്കം പത്തോളം മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതം കൂടിയതിനെ കുറിച്ച് എന്താണ് പിണറായിക്ക് പറയാനുള്ളത്.
ഒന്നും പറയാനില്ല, തൃശൂരില്‍ യുഡിഎഫിന്റെ വോട്ട് പത്ത് ശതമാനം കുറഞ്ഞതാണ് പിണറായിയെ ആശങ്കപ്പെടുത്തുന്നത്.അല്ലാതെ 19 മണ്ഡലങ്ങളിലും ഇടത് മുന്നണി തോറ്റ് തുന്നംപാടിയതിനെ കുറിച്ച് ഒരു വേവലാതിയുമില്ല. എങ്ങനെ വേവലാതിപ്പെടും അപ്പനും മോളും കൂടി കാണിച്ച് കൂട്ടിയത് കണ്ട് വെറുത്താണ് ജനം യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തത്. സിപിഎമ്മിന്റെ വലിയ കോട്ടയാണല്ലോ ആലപ്പുഴ അവിടെ ശോഭാ സുരേന്ദ്രന്‍ രണ്ട് ലക്ഷത്തിലധികം വോട്ട് പിടിച്ചതെങ്ങനെ. ആറ്റിങ്ങലില്‍ വി.എസ് ജോയിയെ വി.മുരളീധരന്‍ വിറപ്പിച്ചില്ലേ. തിരുവനന്തപുരത്ത് ഇത്തവണയും മൂന്നാംസ്ഥാനത്തേക്ക് മൂക്ക് കുത്തിയില്ലേ. പത്തോളം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷത്തിലധികം വോട്ട് ഭൂരിപക്ഷം കിട്ടിയില്ലേ. എല്ലാ കാര്യത്തിലും മുസ്ലിം പക്ഷപാതം കാട്ടിയിട്ട് ആ സമുദായം നിങ്ങളെ തേച്ചൊട്ടിച്ചില്ലേ. മലപ്പുറത്തും പൊന്നാനിയിലും ഒരു ചുക്കും നിങ്ങള്‍ക്ക് ചെയ്യാനായില്ല.
സമസ്തയെ പൊക്കിപിടിച്ച് നടക്കുകയായിരുന്നല്ലോ, റമസാന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളെക്കൊണ്ട് ദേശാഭിമാനിയില്‍ ലേഖനം എഴുതിച്ചിട്ട് എന്തെങ്കിലും ഗുണം ലഭിച്ചോ. ഇല്ല, അവരെല്ലാം യുഡിഎഫിനൊപ്പം കട്ടയ്ക്ക് നിന്നു. പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ വോട്ട് ബിജെപിക്ക് കിട്ടിത്തുടങ്ങി. അത് ഇടത് പക്ഷത്തിന്റെ വോട്ടാണ്. ഇതെല്ലാം മറന്നാണ് യുഡിഎഫിനെ കുറ്റംപറയാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നാണമില്ലേ സഖാവേ നിങ്ങള്‍ക്ക്. സത്യം സ്വര്‍ണപാത്രം കൊണ്ട് മൂടിവെച്ചാലും അത് പുറത്തുവരും. സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ യോഗം അതിന് ഉത്തമ ഉദാഹരണമാണ്. തോല്‍വിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമാണെന്ന് അംഗങ്ങള്‍ യോഗത്തില്‍ തുറന്നടിച്ചു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന പാറപ്പുറത്ത് വരെ വോട്ട് ചോര്‍ച്ചയുണ്ടായി.
ആഭാഗത്തെ ഓരോ ബൂത്തുകളിലെയും കണക്ക് പ്രത്യേകമെടുത്താലത് മനസ്സിലാകും. ചില പത്രങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പ്രദേശത്തെ എല്ലാ ബൂത്തിലും കൂടി വോട്ട് കൂടിയിട്ടുണ്ടെന്ന കണക്ക് നിരത്തിയാണ് ദേശാഭിമാനി അതിന് മറുപടി നല്‍കിയത്. പൂച്ചയ്ക്കാര് മണികെട്ടും എന്നതാണ് അവസ്ഥ. പക്ഷെ, പിണറായിക്കെതിരെ പി. ജയരാജന്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ചരിത്രത്തെ ശരിയായി വിലയിരുത്തി തെരഞ്ഞെടുപ്പ് പരാജയത്തെ നോക്കി കാണണമെന്നാണ് ജയരാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കണ്ണൂരില്‍ പിണറായിയേക്കാള്‍ ജനപ്രിയനായി വളര്‍ന്ന പി. ജയരാജനെ ഒതുക്കിയിട്ടിരിക്കുകയാണ്. ജനങ്ങളില്‍ നിന്ന് പല നേതാക്കളും അകന്നപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നത് ജയരാജനെ പോലെ ചുരുക്കം ചിലരാണ്.
അവരെയൊക്കെ പാര്‍ട്ടിയിലോ, സര്‍ക്കാരിന്റെയോ കേന്ദ്രസ്ഥാനങ്ങളില്‍ അടുപ്പിക്കില്ല. മരുമോനെ മുഖ്യമന്ത്രിയാക്കാന്‍ ഏതറ്റംവരെ പോകാനും തയ്യാറാണ്. റിയാസിന് മന്ത്രിസഭയില്‍ നല്‍കിയ അപ്രമാദിത്വവും തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമാണ്. റിയാസിനേക്കാള്‍ യോഗ്യതയും സീനിയോറിറ്റിയുമുള്ള നേതാക്കളുണ്ടായിട്ടും അവരെയാരെയും മന്ത്രിസഭയിലോ, പാര്‍ട്ടി സ്ഥാനങ്ങളിലോ അടുപ്പിച്ചില്ല. ഭൂരിപക്ഷ സമുദായത്തെ അവഗണിച്ച് സിപിഎം മുന്നോട്ട് പോകുന്നതിന് അവര്‍ വലിയ വില നല്‍കേണ്ടിവരും. ക്രൈസ്തവസഭകളും ഇടതുപക്ഷത്ത് നിന്ന് അകന്നു കഴിഞ്ഞു. അവരില്‍ ചിലരൊക്കെ ബിജെപിക്കൊപ്പം പോയി. പുരോഗമന പ്രസ്ഥാനമായ സിപിഎം എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോവുകയാണ് വേണ്ടത്.
അല്ലാതെ കാന്തപുരത്തിന്റെയും ജിഫ്രിമുത്തുക്കോയ തങ്ങളുടെയും ഹുസൈന്‍ മടവൂരിന്റെയും തിണ്ണനിരങ്ങി നടക്കുകയല്ല ചെയ്യേണ്ടത്. അതിനുള്ള ആര്‍ജ്ജവം ഇടത് മുന്നണി കാണിക്കണം. വെള്ളാപ്പള്ളി നടേശന്‍ ഇതാണ് പച്ചക്ക് പറഞ്ഞത്. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ ഒന്നും പറയാനില്ല. പിന്നെ 2019ലെ ലോക്‌സഭാ തോല്‍വിക്ക് ശേഷം 2021ല്‍ ഞങ്ങള്‍ 2021ല്‍ 99 സീറ്റുമായി തിരിച്ചുവന്നൂ എന്ന ന്യായീകരണം നിരത്തിയിട്ട് ഒരു കാര്യോമില്ല. കോവിഡ് മാഹാമാരിയുടെ കാലമായിരുന്നതിനാല്‍ അന്ന് ജനം സര്‍ക്കാരിനൊപ്പം നിന്നു. അത് ആരോടും പറയണ്ട സ്വയം മനസ്സിലാക്കിയാ മതി. ഇല്ലെങ്കില്‍ മഹാമാരിക്ക് പകരം ദുരന്തമാകും സിപിഎമ്മിനെ കാത്തിരിക്കുക.
https://www.facebook.com/Malayalivartha