ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിക്ക് കെ.പി.സി.സി. നിർമിച്ചു, നൽകിയ വീടിന്റെ താക്കോൽ വെള്ളിയാഴ്ച കെ. സുധാകരൻ കൈമാറും...മറിയക്കുട്ടിയുടെ പഴയവീട് പൊളിച്ചാണ് പുതിയ വീട് നിർമിച്ചത്...

ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിക്ക് കെ.പി.സി.സി. നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ വെള്ളിയാഴ്ച പ്രസിഡന്റ് കെ. സുധാകരൻ കൈമാറും. ഇരുന്നൂറേക്കറിൽ മറിയക്കുട്ടിയുടെ പഴയവീട് പൊളിച്ചാണ് പുതിയ വീട് നിർമിച്ചത്. ജനുവരിയിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനും ഡീൻ കുര്യാക്കോസ് എം.പിയും ചേർന്നാണ് വീടിന് തറക്കല്ലിട്ടത്.സി.പി.എം. എന്ന ക്രിമിനൽ പാർട്ടിയാൽ വേട്ടയാടപ്പെടുന്ന സാധാരണക്കാരിന്റെ പ്രതീകമാണ് മറിയക്കുട്ടിയെന്ന് കെ. സുധാകരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. 'സാമൂഹിക സുരക്ഷാ പെൻഷനുകൾ കോൺഗ്രസ് കൊണ്ടുവന്നതുതന്നെ ഈ നാട്ടിലെ പാവപ്പെട്ടവന്റെ അവകാശമായാണ്.
എന്നാൽ, പെൻഷൻ അവകാശമല്ല ഔദാര്യമാണെന്നാണ് വിജയന്റെ സർക്കാർ കോടതിയിൽ പ്രഖ്യാപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങൾ മാത്രമല്ല, പെൻഷൻ ചോദിച്ചിറങ്ങിയ മറിയക്കുട്ടി ചേട്ടത്തിയെ പോലെയുള്ള പാവങ്ങളെ വ്യാജപ്രചാരണം നടത്തി സി.പി.എം. നാണംകെടുത്തി', എന്നും അദ്ദേഹം ആരോപിച്ചു.'സി.പി.എം. ഈ വന്ദ്യവയോധികയെപ്പറ്റി നവമാധ്യമങ്ങളിൽ അശ്ലീലകഥകൾ മെനഞ്ഞു. അവരെ അതിസമ്പന്നയായി ചിത്രീകരിച്ചു. അന്നംമുട്ടിച്ച സർക്കാരിനെതിരേ പ്രതികരിച്ചതിന്റെ പേരിൽ സി.പി.എം. അവരുടെ ജീവിതം വഴിമുട്ടിച്ചപ്പോൾ ചേർത്തുപിടിക്കാനാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ചത്.അതിന്റെ ഭാഗമായി നിർമ്മിച്ചുകൊടുക്കുമെന്ന് പറഞ്ഞ വീട് പൂർത്തിയായിരിക്കുന്നു. വെറുംവാക്കുകൾ പറയുന്ന പ്രസ്ഥാനമല്ല, പാവപ്പെട്ടവന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന അവരുടെ ഹൃദയവികാരമാണ് നമ്മുടെ കോൺഗ്രസ്', അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് അടിമാലി ടൗണിൽ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ചതോടെയാണ് അവർ ശ്രദ്ധാകേന്ദ്രമാകുന്നത്. പിന്നാലെ 'മജിസ്‌ട്രേറ്റ് മറിയക്കുട്ടി എന്ന പേരും വന്നു.ചെറുപ്പം മുതലേ ചുറ്റിലുമുള്ള കൊള്ളരുതായ്മകൾക്കെതിരെ മുഖം നോക്കാതെ ശബ്ദമുയർത്തിയിരുന്നു. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. നേരിൽ കണ്ടിട്ടുള്ള തർക്കങ്ങളിലും അടിപിടിക്കേസുകളിലും പക്ഷംപിടിക്കാതെ പൊലീസിൽ സാക്ഷി പറയാനും പരാതിപ്പെടാനും മടിയില്ല. ചുറ്റുവട്ടത്തുള്ള സാധാരണക്കാരുടെ പ്രശ്നങ്ങളിൽ പണ്ടുമുതലേ ഒപ്പം നിൽക്കാറുണ്ട്.
ഇതോടെയാണ് 'മജിസ്‌ട്രേറ്റ് മറിയക്കുട്ടി' എന്ന പേര് വീണത്. ഇങ്ങനെ വിളിക്കുന്നതിൽ യാതൊരുവിധ പരിഭവമോ വിഷമമോ ഇതുവരെ തോന്നിയിട്ടില്ല എന്നും മറിയക്കുട്ടി പിന്നീട ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 36 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയിട്ടും നാല് പെൺമക്കളെ കൂലിപ്പണിയെടുത്ത് വളർത്തി. വായനയിലൂടെയും കേൾവികളിലൂടെയും അനുദിനം വളരുന്നതുകൊണ്ട് ചുറ്റുമുള്ള എല്ലാത്തിനേക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളുണ്ട്. അത് തുറന്നുപറയാൻ ഒരു പേടിയുമില്ല.
https://www.facebook.com/Malayalivartha