നാലംഗ കുടുംബം കിടപ്പുമുറിയില്‍ വെന്തുമരിച്ച സംഭവം... ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്
അങ്കമാലിയില്‍ നാലംഗ കുടുംബം കിടപ്പുമുറിയില്‍ വെന്തുമരിച്ച സംഭവം ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്. തീപിടിത്തമുണ്ടായ മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ജൂണ്‍ എട്ടിന് പുലര്‍ച്ചെയാണ് അങ്കമാലി അങ്ങാടിക്കടവ് അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് (45), ഭാര്യ അനുമോള്‍ (40), മക്കളായ ജൊവാന (എട്ട് ), ജസ്വിന്‍ (അഞ്ച് ) എന്നിവര്‍ പൊള്ളലേറ്റ് മരിച്ചത്. ബിനീഷ് പെട്രോള്‍ വാങ്ങുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് മുകളിലത്തെ മുറിയില്‍ തീ പടരുന്നത് ആദ്യം കണ്ടത്. ഇവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. തീപിടിത്തത്തിന് പിന്നാലെ സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. മുകളിലത്തെ മുറിയില്‍ മാത്രം തീപിടിച്ചതില്‍ പൊലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു.
അന്വേഷണത്തില്‍ ജൂണ്‍ 6ന് ബിനീഷ് ആലുവ റോഡിലെ പമ്പിലെത്തി കാനില്‍ നാലുലിറ്റര്‍ പെട്രോള്‍ വാങ്ങിയതും അത് വീടിന് മുന്‍വശത്തെ ചെടികള്‍ക്ക് മറവില്‍ സൂക്ഷിച്ചതും കണ്ടെത്തി. ഏഴിന് രാത്രി 11.30 ഓടെ ബിനീഷ് താഴെ വന്ന് പെട്രോള്‍ എടുക്കുന്നതും കാറില്‍ നിന്ന് ലൈറ്റര്‍ എടുത്ത് കത്തിച്ചു നോക്കുന്നതുമായ സി.സി ടിവി ദൃശ്യവും ലഭിച്ചു.
അങ്കമാലിയിലെ ഹോള്‍സെയില്‍ ജാതിക്ക കച്ചവടക്കാരനായിരുന്നു ബിനോയി. അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിഅയച്ച ജാതിക്കയുടെ പണം ലഭിക്കാനുണ്ടായിരുന്നു. മൂന്നര കോടിയുടെ ബാദ്ധ്യത ബിനോയിക്ക് ഉണ്ടായിരുന്നതായാണ് സുഹൃത്തുക്കളുടെ മൊഴി.സഹോദരനുമായി തര്‍ക്കമുണ്ടായിരുന്നതിനാല്‍ വീടും പറമ്പും വില്‍ക്കാനുള്ള വഴിയും അടഞ്ഞിരുന്നു. ഇതാകും കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
https://www.facebook.com/Malayalivartha