ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ.
എസ്റ്റാഡിയോ ഒളിമ്പിക്കോയിൽ റോമയ്ക്കെതിരേ നടന്ന മത്സരത്തിലാണ് 27-ാം വയസിൽ എംബാപ്പെ ഈ നാഴികക്കല്ല് പിന്നിടുന്നത്. മത്സരത്തിൽ റയൽ മാഡ്രിഡ് 4-3 എന്ന സ്കോറിന് വിജയിച്ചപ്പോൾ, ആദ്യ പകുതിയിൽ സമനില ഗോൾ നേടി എംബാപ്പെ തങ്ങളുടെ ഈ വലിയ നേട്ടം ആഘോഷമാക്കുകയായിരുന്നു. എംബാപ്പെ മറികടന്നത് 2015 സെപ്റ്റംബറിൽ റോമയ്ക്കെതിരേ തന്നെ 28-ാം വയസിൽ ഈ റെക്കോഡ് കുറിച്ച ലയണൽ മെസ്സിയുടെ നേട്ടമാണ് .
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സീസണിൽ 15 ഗോളുകളോടെ എംബാപ്പെ ഗോൾവേട്ടയിൽ ഒന്നാമതായിരുന്നു. ഒളിമ്പ്യാക്കോസിനെതിരായ മത്സരത്തിൽ വെറും ആറു മിനിറ്റും 42 സെക്കൻഡും കൊണ്ട് ഹാട്രിക് നേടി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഹാട്രിക്കും താരം കുറിച്ചിട്ടുണ്ടായിരുന്നു.
അതേസമയം ഇന്നലെ മെസ്സിക്ക് മറ്റൊരു റെക്കോർഡ് കൂടി നഷ്ടമായി. പിഎസ്ജിക്കെതിരായ മത്സരത്തിൽ മാഞ്ചെസ്റ്റർ സിറ്റി 4-2 ന് തോറ്റെങ്കിലും ഇരട്ട ഗോളുകൾ നേടിയ എർലിങ് ഹാളണ്ട് ടൂർണമെന്റിലെ തന്റെ ഗോൾ നേട്ടം 60 മത്സരങ്ങളിൽ നിന്ന് 61 ഗോൾ ആക്കി ഉയർത്തി. ഇതോടെ ചാമ്പ്യൻസ് ലീഗിൽ 60 ഗോളുകൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഹാളണ്ട് സ്വന്തമാക്കുകയായിരുന്നു. 26 വയസും 85 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഹാളണ്ടിന്റെ നേട്ടം. മെസ്സിയുടെ റെക്കോർഡ് ഹാലണ്ട് മറികടന്നത് ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് .
"
https://www.facebook.com/Malayalivartha

























