ഇയാന്‍ ഹ്യൂമിന്റെ ഫോമില്ലായ്മയില്‍ നിരാശരായി ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ക്ഷാമമാണ്. സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ ഫോമില്ലായ്മയാണ് ആരാധകരെ നിരാശരാക്കുന്നത്. ഈ സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കിയപ്പോള്‍ നാല് ഗോളുകള്‍ മാത്രമാണ് മഞ്ഞപ്പടയ്ക്ക് നേടാന്‍ സാധിച്ചത്. സികെ വിനീത്, ബെര്‍ബറ്റോവ് ഇയാന്‍ ഹ്യൂം എന്ന ഐഎസ്എല്ലിലെ ഏറ്റവും മികച്ച മുന്നേറ്റനിരകല്‍ ഒന്നുണ്ടായിട്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ വരള്‍ച്ച തുടരുകയാണ്.
കഴിഞ്ഞ മത്സരത്തില്‍ ഗോളടിച്ച് വിനീത് തിരിച്ചെത്തിയെട്ടുണ്ടെങ്കിലും മുന്നേറ്റ നിരയില്‍ നിര്‍ണായകമാകുമെന്ന് കരുതിയിരുന്ന സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ ഫോമിലാണ് ആരാധകര്‍ക്ക് ആശങ്ക. ബ്ലാസ്റ്റേഴ്‌സിന്റെ കുപ്പായത്തില്‍ ആദ്യ സീസണില്‍ മിന്നും ഫോമിലെത്തിയ കനേഡിയന്‍ താരം രണ്ടാം സീസണില്‍ അത്‌ലറ്റിക്കോ കുപ്പായത്തിലും തിളങ്ങി. ഗോളടിക്കാനുള്ള താരത്തിന്റെ മിടുക്കില്‍ വിശ്വാസമര്‍പ്പിച്ചാണ് താരത്തെ വീണ്ടും ബ്ലാസ്റ്റേഴ്‌സിലെത്തിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.
എന്നാല്‍ അഞ്ച് മത്സരങ്ങല്‍ പൂര്‍ത്തിയായിട്ടും ഇതുവരെ ലക്ഷ്യം കാണാന്‍ സാധിച്ചിട്ടില്ലെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. അത്‌ലറ്റിക്കോ, ജംഷഡ്പൂര്‍ എന്നീ ടീമുകളോടുള്ള ഹോം മത്സരങ്ങളില്‍ ആദ്യ പതിനൊന്നില്‍ ഇടം ലഭിച്ച ഹ്യൂമിന് മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.
മൂന്നാം മത്സരത്തില്‍ മുംബൈയുമായി പകരക്കാരനായിറങ്ങിയ ഹ്യൂമിന് 20 മിനുട്ട് മാത്രമാണ് അവസരം ലഭിച്ചത്. ഇതിനിടയില്‍ ചെറിയ പരിക്കേറ്റതോടെ ഗോവയുമായുള്ള മത്സരത്തില്‍ കാഴ്ചക്കാരനാകേണ്ടി വന്നു. പിന്നീട്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച മത്സരത്തില്‍ ഹ്യൂം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് ആരാധകര്‍ ആശ്വസിക്കുന്നത്.
ചെന്നൈയിന്‍ എഫ്‌സിയുമായുള്ള മത്സരമാണ് ആരാധകര്‍ ഹ്യൂമേട്ടനെന്ന് വിളിക്കുന്ന ഇയാന്‍ ഹ്യൂമില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുള്ളത്. ചെന്നൈയില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ഗോളടിച്ച് താരം ഫോമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ സിറ്റിക്കെതിരേ കഴിഞ്ഞ മൂന്ന് സീസണുകളിലും ഗോളടിച്ച താരമെന്ന നേട്ടം ഹ്യൂമിനൊപ്പമുള്ളതാണ് ആരാധകരുടെ പ്രതീക്ഷയ്ക്കു കാരണം. എന്നാല്‍, ചെന്നൈയില്‍ ഇതുവരെ മൂന്ന് പോയിന്റ് നേട്ടം കരസ്ഥമാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചിട്ടില്ല എന്നതും ആരാധകര്‍ക്കറിയാം.
ഇതുവരെ അഞ്ചു ഗോളുകളാണ് ഹ്യൂം എത്തിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണ തങ്ങളുടെ ഹ്യൂമേട്ടന്‍ ഫോമിലെത്തുന്നത് ചെന്നൈയുടെ നെഞ്ച് പിളര്‍ത്തിയിട്ടാകുമെന്ന് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha






















