ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; സൂപ്പർ താരം സിഫ്നിയോസും ബ്ലാസ്റ്റേഴ്സ് വിട്ടു
ഐ എസ് എൽ നാലാം സീസണിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. പരിശീലകൻ റെനെ മ്യൂലന്സ്റ്റീന് ബ്ലാസ്റ്റേഴ്സ് വിട്ടതിന് പിന്നാലെ മുന്നേറ്റ നിര താരം മാര്‍ക് സിഫ്നിയോസും ബ്ലാസ്റ്റേഴ്സിനായുള്ള കളി മതിയാക്കി. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി നാല് ഗോൾ നേടിയ താരമാണ് സിഫ്നിയോസ്.
ഡച്ച് താരമായ സിഫ്നിയോസ് ബ്ലാസ്റ്റേഴ്സ് നിരയിലെ പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളാണ്. ടീം വിടുന്നതിന് പിന്നിലുള്ള കാരണം വ്യക്തമല്ല. എന്നാൽ ദേശീയ ടീമിൽ കളിക്കാനുള്ള അവസരം ലഭിച്ചതിനാലാണ് ടീം വിടുന്നത് എന്നാണ് ലഭിക്കുന്ന സൂചന. പുതിയ വിദേശ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചുവെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയ ഡച്ച് താരം അപ്രതീക്ഷിതമായി ടീം വിട്ടത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ടീം മാനേജ്മെന്റുമായി പരസ്പര ധാരണയോടെയാണ് സിഫ്നിയോസ് ബ്ലാസ്റ്റേഴ്സ് വിട്ടത്. സിഫ്നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നതായും മാനേജ്മെന്റ് അറിയിച്ചു.
https://www.facebook.com/Malayalivartha