ജിങ്കനും ഹ്യൂമുമില്ല; ബ്ലാസ്റ്റേഴ്സ് ജീവൻ മരണ പോരാട്ടത്തിന്
ഐ എസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അത്ലറ്റികോ ഡി കൊൽക്കത്തയെ നേരിടും. ഇന്നത്തെ മത്സരം ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകു. എന്നാൽ മത്സരത്തിന് മുൻപേ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. സൂപ്പർ താരം ഇയാൻ ഹ്യൂം പരിക്കേറ്റ് പുറത്തായി. സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ഹ്യൂമിന്റെ സേവനം നഷ്ട്ടമാകുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വ്യക്തമാക്കി.
മുൻ മത്സരങ്ങളിലെ മഞ്ഞക്കാർഡുകൾ കാരണം ഒരു മത്സരത്തിൽ നിന്നും സസ്പെൻഷൻ നേരിടുന്ന ക്യാപ്റ്റനും ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ലുമായ സന്ദേശ് ജിങ്കൻ ഇല്ലാതെയാണ് ടീം ഇറങ്ങുന്നത്. ജിങ്കൻറെ അഭാവം ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയെ ബാധിക്കുമെന്നതിൽ സംശയമില്ല. എന്നാൽ മുന്നേറ്റനിരയിൽ മികച്ചഫോമിലുള്ള ജാക്കി – വിനീത് കൂട്ടുകെട്ട് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നു.
കേരള ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം ജയിച്ചാൽ പോയിന്റ് നിലയിൽ ജാംഷെദ്പുരിനെ മറികടന്ന് നാലാം സ്ഥാനത്തെത്താം.കഴിഞ്ഞ നാല് മത്സരങ്ങളും തുടർച്ചയായി തോറ്റാണ് കൊൽക്കത്ത എത്തുന്നത്. സീസണിൽ മോശം ഫോമിലാണ് കൊൽക്കത്ത. പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച കൊൽക്കത്ത അഭിമാനപോരാട്ടത്തിനാണ് ഇറങ്ങുന്നത്.
https://www.facebook.com/Malayalivartha