ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; ഈജിപ്തിന് ജയം അനിവാര്യം
മോസ്കോ: ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. കൊളംബിയയും ഏഷ്യൻ പ്രതീക്ഷയായ ജപ്പാനും ആദ്യ മത്സരത്തിന് ഇറങ്ങും. അതേസമയം, റഷ്യയും ഈജിപ്റ്റും രണ്ടാം മത്സരം കളിക്കാനിറങ്ങും.
ഗ്രൂപ്പ് എച്ചിൽ ഇന്ന് ജപ്പാൻ ആദ്യ മത്സരത്തിനിറങ്ങുന്നു. വൈകിട്ട് 5.30 ന് നടക്കുന്ന മത്സരത്തിൽ എതിരാളികൾ കൊളംബിയയാണ്. കഴിഞ്ഞ ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ 4-1 ന് ജയം കൊളംബിയയ്ക്കായിരുന്നു.
ഇതുവരെ ഇരു ടീമുകളും മൂന്നു തവണ ഏറ്റുമുട്ടിയപ്പോൾ രണ്ടെണ്ണം കൊളംബിയ ജയിക്കുകയും ഒരു മത്സരം സമനിലയിൽ കലാശിക്കുകയുമായിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം മത്സരം ഗ്രൂപ്പ് എച്ചിലെ തന്നെ പോളണ്ടും സെനഗലും തമ്മിലാണ്. രാത്രി 8.30 നാണ് മത്സരം.
മൂന്നാം മത്സരത്തിൽ ഗ്രൂപ്പ് എയിൽ റഷ്യയും ഈജിപ്റ്റും ഏറ്റുമുട്ടും. രാത്രി 11.30 നാണ് മത്സരം. ആതിഥേയരായ റഷ്യ ആദ്യ മത്സരത്തിൽ സൗദിയ 5-0 ന് തകർത്തിരുന്നു. എന്നാൽ തുടക്ക മത്സരത്തിൽ ഉറുഗ്വേയോട് ഒരുഗോളിന് തോറ്റ ഈജിപ്റ്റിന് ഇന്ന് ജയിക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ സൂപ്പർ താരം മുഹമ്മദ് സലാ ഇന്ന് കളിക്കുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha