എത്ര ശ്രദ്ധിച്ചാലും ഇനിയും... വര്‍ക്കലയില്‍ തീപിടിച്ച് ഇരുനിലവീട്ടിലെ 5 പേര്‍ മരിച്ചതില്‍ വല്ലാത്ത ഞെട്ടല്‍; ഇത്രയും പേര്‍ ഒന്നിച്ചെങ്ങനെ മരിച്ചുവെന്ന ചോദ്യം ചോദിച്ച് നാട്ടുകാര്‍; അയല്‍വാസികളെ ഉണര്‍ത്തി ബഹളം വച്ചെങ്കിലും പ്രതാപനും കുടുംബവും അതറിഞ്ഞില്ല

വല്ലാത്തൊരു ദുരന്തമാണ് വര്‍ക്കലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണു നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഉറങ്ങിക്കിടന്ന എട്ടു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ 5 പേര്‍ക്ക് അര്‍ധരാത്രി വീടിനുള്ളില്‍ തീ പടര്‍ന്ന് ദാരുണാന്ത്യം സംഭവിച്ചു. പൊള്ളലേറ്റും പുകയില്‍ ശ്വാസംമുട്ടിയുമാണ് എല്ലാവരുടെയും മരണം.
തീപിടിത്തത്തില്‍ പുത്തന്‍ചന്തയിലെ പച്ചക്കറി മൊത്തവ്യാപാരശാലയായ ആര്‍.പി.എന്‍. വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ് ഉടമ ചെറുന്നിയൂര്‍ അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ പ്രതാപന്‍ (ബേബി 62), ഭാര്യ ഷേര്‍ളി (53), മകന്‍ അഹില്‍ (29), മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (25), ഇവരുടെ മകന്‍ റയാന്‍ (8 മാസം) എന്നിവരാണു മരിച്ചത്. നിഹുലി(32)നെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നുവെങ്കിലും കാര്‍ പോര്‍ച്ചില്‍ ഉണ്ടായിരുന്ന ബൈക്കുകള്‍ കത്തിയമര്‍ന്ന് അവിടെ നിന്നു വീടിനകത്തേക്കു തീ പടര്‍ന്നതാണോയെന്നും സംശയമുണ്ട്. അതിനാല്‍ ഫൊറന്‍സിക് പരിശോധനാ ഫലത്തിനായി കാക്കുകയാണെന്നു റൂറല്‍ എസ്പി ദിവ്യ വി.ഗോപിനാഥ് പറഞ്ഞു.
തീ പടരുന്നതു കണ്ട അയല്‍വീട്ടിലെ ശശാങ്കന്റെ മകള്‍ അലീന ഫോണില്‍ വിളിച്ചുണര്‍ത്തിയതാകാം കൂട്ടമരണത്തില്‍ നിന്നു നിഹുലിനെ മാത്രം രക്ഷിച്ചത് എന്നാണു കരുതുന്നത്. തീ ആദ്യം കണ്ടതു ശശാങ്കനാണ്. ഒരു ഉറക്കത്തിനു ശേഷം ശുചിമുറിയില്‍ കയറുമ്പോഴാണ് എതിര്‍വശത്തെ വീട്ടില്‍ തീആളുന്ന പ്രകാശം ഇദ്ദേഹം കണ്ടത്.
അയല്‍വാസികളെ ഉണര്‍ത്തി ബഹളം വച്ചെങ്കിലും പ്രതാപനും കുടുംബവും അതറിഞ്ഞില്ല. അപ്പോഴാണ് അലീന നിഹുലിന്റെ ഫോണില്‍ വിളിച്ചത്. രണ്ടു തവണ വിളിച്ചപ്പോഴാണു ഫോണ്‍ എടുത്തത്. നിങ്ങളുടെ വീട്ടില്‍ തീ പടരുന്നു എന്ന് അലീന പറഞ്ഞു. എന്താണു സംഭവിച്ചതെന്നറിയാന്‍ നിഹുല്‍ ഓടി താഴത്തെ നിലയിലേക്കു വന്നിരിക്കാമെന്നാണ് അനുമാനം. ഗുരുതരമായി പൊള്ളലേറ്റ നിഹുല്‍ അപകടാവസ്ഥ തരണം ചെയ്താലേ സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിക്കൂ.
താഴത്തെ ഹാളിനോടു ചേര്‍ന്നായിരുന്നു നിഹുലിന്റെ പിതാവ് പ്രതാപന്റെ മൃതദേഹമെന്നു പൊലീസ് അറിയിച്ചു. കിടപ്പുമുറിയില്‍ ഭാര്യ ഷെര്‍ലിയും. ഇരുവര്‍ക്കും ചെറിയ തോതിലേ പൊള്ളലേറ്റിരുന്നുള്ളൂ.
അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നുവെങ്കിലും തീ അങ്ങോട്ടേക്കു പടര്‍ന്നിരുന്നില്ല. മുകളില്‍ ഒരു കിടപ്പു മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയില്‍ നിഹുലിന്റെ ഭാര്യ അഭിരാമിയും മകന്‍ എട്ടുമാസം പ്രായമുള്ള റയാനും നിശ്ചലമായി കിടന്നിരുന്നതു ഹൃദയഭേദകമായ കാഴ്ചയായിരുന്നു. കട്ടിലില്‍ ഉറങ്ങിക്കിടക്കുന്നതു പോലെയായിരുന്നു അടുത്ത മുറിയില്‍ നിഹുലിന്റെ സഹോദരന്‍ അഹില്‍ മരിച്ചു കിടന്നിരുന്നത്.
പുക പുറത്തേക്കു പോകാന്‍ വീടിന്റെ ജനലുകള്‍ എറിഞ്ഞുടച്ചും സമീപത്തെ വീടുകളില്‍ നിന്നു പൈപ്പില്‍ വെളളം ചീറ്റിച്ചും ശ്രമിച്ചെങ്കിലും പടര്‍ന്നു കയറിയ തീയുടെ മുന്നില്‍ എല്ലാം വിഫലമായി. ചൂടില്‍ വീടിന്റെ ഭിത്തിയിലെ സിമന്റ് ഇളകി വീണു. തറ പൊട്ടിത്തെറിച്ച് ഇളകി മാറി. ഫര്‍ണിച്ചറുകള്‍ ഉരുകിയ സ്ഥിതിയിലാണ്.
അഗ്‌നിശമനസേന ഉള്ളില്‍ കടന്നപ്പോഴാണു നിഹുലിനെ താഴത്തെ നിലയിലേക്കുള്ള പടികള്‍ക്കരികില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവരെല്ലാം സ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വീട്ടിലെ 5 കിടപ്പു മുറികളിലും എസിയുണ്ട്. വെന്റിലേഷന്‍ അടച്ചതുമാണ്. ജിപ്‌സം ഉപയോഗിച്ചുളള അലങ്കാര മേല്‍ക്കൂരയും കര്‍ട്ടനുകളും തടിയലമാരകളുമെല്ലാം തീപിടിത്തത്തിന്റെ വ്യാപനം വര്‍ധിപ്പിച്ചു. തടി കൊണ്ടുള്ള സ്‌റ്റെയര്‍കേസിനും തീ പിടിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























