വർക്കലയിൽ അഞ്ച് പേർ മരിച്ചതിൽ ദുരൂഹത; ബാക്കിയായത് സിസിടിവി! സകലതും അരിച്ചു പെറുക്കി പോലീസും

വർക്കലയിൽ അർദ്ധരാത്രി മൂത്രമൊഴിക്കാനായി വീടിനു പുറത്തിറങ്ങിയ ശശാങ്കൻ കണ്ടത് അതിഭയാനകമായ കാഴ്ചയായിരുന്നു. അയവാസിയായ പ്രതാപന്റെ വീടിനെ തീ വിഴുങ്ങുന്ന സാഹചര്യമായിരുന്നു. എന്ത് ചെയ്യണം എങ്ങനെ പ്രതികരിക്കണം എന്ന് ആദ്യത്തെ നിമിഷം അറിയില്ലായിരുന്നു. അതിന് പിന്നാലെ അയൽവീട്ടിലെ ശശാങ്കൻ തന്റെ മകൾ അലീനയെ വിവരം അറിയിച്ച് ഫോണിൽ നിഹുലിനെ വിളിച്ചുണർത്തി. തീ ആളിപ്പടരുന്നു എന്തെങ്കിലും പെട്ടന്ന് ചെയ്യ് എന്ന് വിളിച്ച് പറഞ്ഞു. ചിലപ്പോൾ അതാകാം വലിയൊരു ദുരന്തത്തിൽ നിന്നും ഇളയമകൻ നിഹുൽ മാത്രം രക്ഷപെട്ടത്.
ശശാങ്കന്റെ വാക്കുകൾ....
നാട്ടുകാരെ എഴുന്നേൽപ്പിച്ച് ബഹളം വച്ചെങ്കിലും പ്രതാപനും കുടുംബവും ഒന്നും അറിഞ്ഞില്ല. അപ്പോഴാണ് അലീന നിഹുലിന്റെ ഫോണിൽ വിളിച്ചത്. രണ്ടു തവണ വിളിച്ചപ്പോഴാണു ഫോൺ എടുത്തത്. നിങ്ങളുടെ വീട്ടിൽ തീ പിടിക്കുന്നു എന്ന് അലീന പറഞ്ഞു. ചിലപ്പോൾ നിഹുൽ ഓടി താഴത്തെ നിലയിലേക്കു വന്നിരിക്കാം എന്നാണ് കരുതുന്നത്. ഗുരുതരമായി പൊള്ളലേറ്റ നിഹുൽ അപകടാവസ്ഥ തരണം ചെയ്താലേ എന്താണ് ശരിക്കും സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ സാധിക്കൂ...
നെഞ്ച് പിടയുന്ന കാഴ്ചയായിരുന്നു ആദ്യം അകത്തേക്ക് കയറിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടത്. മുകളിൽ ഒരു കിടപ്പു മുറിയോടു ചേർന്നുള്ള ശുചിമുറിയിൽ ആയിരുന്നു നിഹുലിന്റെ ഭാര്യ അഭിരാമിയും മകൻ എട്ടുമാസം പ്രായമുള്ള റയാനും ഉണ്ടായിരുന്നത്. ചേതനയറ്റ കുഞ്ഞിനൊപ്പം ആ അമ്മയെ കണ്ടപ്പോൾ ചങ്ക് തകർന്നു പോയി എന്നാണ് അവർ പ്രതികരിച്ചത്. കട്ടിലിൽ ഉറങ്ങിക്കിടക്കുന്നതു പോലെയായിരുന്നു അടുത്ത മുറിയിൽ നിഹുലിന്റെ സഹോദരൻ അഹിൽ മരിച്ചു കിടന്നിരുന്നത്. ചിലപ്പോൾ ഉറക്കത്തിൽ പുക ശ്വസിച്ച് ആയിരിക്കാം മരിച്ചത് എന്ന് കരുതുന്നു.
അടുക്കളയിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നുവെങ്കിലും തീ അങ്ങോട്ടേക്കു പടർന്നിരുന്നില്ല. അത് എന്തായാലും വലിയൊരു ഭീകര അന്തരീക്ഷത്തിൽ നിന്നും ഒഴിവാക്കി. പുക പുറത്തേക്കു പോകാൻ വീടിന്റെ ജനലുകൾ എറിഞ്ഞുടച്ചും സമീപത്തെ വീടുകളിൽ നിന്നു പൈപ്പിൽ വെളളം ഒഴിക്കാൻ ശ്രമിച്ചെങ്കിലും പടർന്നു കയറിയ തീയുടെ മുന്നിൽ ശ്രമങ്ങൾ ഒക്കെ പരാജയപ്പെട്ടു. ചൂടിൽ വീടിന്റെ ഭിത്തിയിലെ സിമന്റ് ഇളകി വീണു. തറ പൊട്ടിത്തെറിച്ച് ഇളകി മാറി. ഫർണിച്ചറുകൾ ഉരുകിയ സ്ഥിതിയിലാണ്.
വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപൻ. പ്രതാപന് മൂന്ന് ആൺ മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകൻ അഖിൽ വിദേശത്താണ്. മരണ വിവരം മൂത്ത മകനെ അറിയിച്ചിട്ടുണ്ട്. മൂത്ത മകൻ അഖിലും കുടുംബവും ഇന്ന് തന്നെ എത്തുമെന്നാണ് വിവരം. അതിനുശേഷമാകും സംസ്‌കാര ചടങ്ങുകൾ അടക്കം നടക്കുക. മരിച്ച അഹിലും ഗുരുതരമായി പൊള്ളലേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തിൽ പങ്കാളികളായിരുന്നു.
പച്ചക്കറി മൊത്ത വ്യാപാരം നടത്തുന്ന പ്രതാപനെ കുറിച്ചും വീട്ടുകാരെ കുറിച്ചും നാട്ടുകാർക്ക് നല്ലതേ പറയാനുള്ളു. എല്ലാവരേയും സഹായിക്കുന്ന ആളായിരുന്നു പ്രതാപനെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപന്റേതെന്നും നാട്ടുകാർ പറയുന്നുണ്ട്. പിഞ്ചുകുഞ്ഞടക്കം മരിച്ച അതിദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. അവർ ഇപ്പോഴും ആ ഭയത്തിൽ നിന്ന് മോചിതരായിട്ടില്ല. വീട്ടിൽ 28 വർഷമായി ജോലി നോക്കിയിരുന്ന അനിൽ പറയുന്നതിങ്ങനെയാണ്....
തീപിടുത്തം ചിലപ്പോൾ ഷോർട്ട് സർക്ക്യൂട്ട് മൂലം ആകാമെന്ന പ്രാഥമിക നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. അട്ടിമറി സാധ്യതകൊളൊന്നും ഇതേവരെയുള്ള അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നും അന്വേഷണം സംഘം പറയുന്നു. കടുത്ത ചൂടും പുക ശ്വസിച്ചതുമാണ് അഞ്ചുപേരുടെ മരണത്തിന് കാരണമെന്നാണ് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ നിഗമനം. ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിഷയത്തെ കുറിച്ച് വിപുലമായ അന്വേഷണം നടത്തും.
തീപിടുത്തമുണ്ടായ വീടിൻെറ കാർ ഷെഡിൽ നിന്നോ ഹാളിൽ നിന്നോ തീ പടർന്നതാകാമെന്നാണ് ഇലക്ട്രിക് ഇൻസ്പക്ടറിൻ്റേയും ഫൊറൻസിക് വിഭാഗത്തിൻ്റേയും അനുമാനം. വീടിൻ്റെ കാർ ഷെഡിലുണ്ടായിരുന്ന ബൈക്കുകൾ കത്തിയിരുന്നു. ബൈക്കുകൾക്ക് മുകളിലുണ്ടായിരുന്ന അലങ്കാര ബൾബ് കേടായി അതിൻെറ വയർ താഴേക്ക് നീണ്ടു കിടന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വയറിൽ നിന്നും തീപ്പൊരി വീണ് വാഹനങ്ങൾ കത്തുകയും തീ പടരുകയും ചെയ്യാമെന്നാണ് ഒരു നിഗമനം.
ഹാളിൽ തീപടർന്ന് മുഴുവൻ കത്തി നശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് ഇവിടെയുണ്ടായോയെന്നും സംശയമുണ്ട്. പക്ഷെ സിസിടിവി പരിശോധിച്ച പൊലീസ് സംഘം കാർഷെഡിൽ നിന്നും തീപടരാനാണ് സാധ്യതയാണ് മുന്നിൽ കാണുന്നത് ദൃശ്യങ്ങളിൽ ഈ ഭാഗത്താണ് തീ ആദ്യം ഉയരുന്നത്. തീപിടുത്തമുണ്ടായ വീട്ടിലുണ്ടായിരുന്ന സിസിടിവികളുടെ ഹാർഡ് ഡിസ്ക്കും കത്തി നശിച്ചു. ഇതിലെ ദൃശ്യങ്ങൾ ഫൊറൻസിക് ലാബിൽ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഈ ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായക വഴിത്തിരവാകും. ഫൊറൻസിക് വിദഗ്ദ്ധരുടെ അന്തിമ ഫലം വേഗത്തിൽ കൈമാറാനും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. തീപിടുത്തമുണ്ടായ വീടിനു ചുറ്റുവട്ടത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് ഇതേവരെയുള്ള നിഗമനം.
അട്ടിമറിക്കുള്ള തെളിവുകൾ ഇതേ വരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അഞ്ചു പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം. വർക്കല ഡിവൈഎസ്പി നിയാസാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
https://www.facebook.com/Malayalivartha
























