പൊലീസിനേയും മറ്റ് അധികാരകേന്ദ്രങ്ങളെയും ഉപയോഗിച്ചുള്ള ഭീഷണിയുടെ പേരിൽ നിലപാടിൽ നിന്നും പിന്നിലേക്ക് ഇല്ല ; ആ ബസ് സ്റ്റാൻഡ് ശരിയാക്കേണ്ടത് ആരാണെങ്കിലും അവിടെ പോകുന്നത് സാധാരണക്കാരായ ജനങ്ങളാണ് ; പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു ; വീണ ജോർജിനെതിരെ വീണ്ടും തുറന്നടിച്ച് സൂരജ്

പത്തനംതിട്ട ജില്ലിലെ പ്രധാന ബസ് സ്റ്റേഷനായ പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിന്റെ ശോചനീയ അവസ്ഥയെ തുറന്ന് കാണിച്ചും സ്ഥലം എംഎൽഎ വീണ ജോർജിന്റെ കെടുകാര്യസ്ഥതയെ ചോദ്യം ചെയ്തും ഫേസ്‌ബുക്ക് പോസ്റ്റിട്ട സൂരജ് എന്ന യുവാവിനെ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയ സൂരജ് വീണ്ടും എംഎൽഎയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. താൻ ഇന്നലെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും നിലപാടിൽ യാതൊരുവിതമായ മാറ്റവും ഇല്ലെന്നും പൊലീസിനെ ഉപയോഗിച്ചുള്ള ഭീഷണിക്ക് വഴങ്ങുകയുമില്ലെന്നുമാണ് സൂരജിന്റെ പ്രതികരണം . ഒരു സെൽഫി വീഡിയോ ആയിട്ടാണ് സൂരജ് തന്റെ നിലപാട് വീണ്ടും തുറന്നുപറഞ്ഞത്
ആറന്മുളയിലെ വോട്ടർ എന്ന നിലയിൽ മണ്ഡലത്തിലെ സാധാരണ ജനങ്ങളെ ബാധിക്കുന്ന ഏതൊരു പ്രശ്‌നത്തിലും ഇടപെടും എന്ന് പറഞ്ഞാണ് സൂരജ് തന്റെ വീഡിയോ തുടങ്ങുന്നത്. പൊലീസിനേയും മറ്റ് അധികാരകേന്ദ്രങ്ങളെയും ഉപയോഗിച്ചുള്ള ഭീഷണിയുടെ പേരിൽ നിലപാടിൽ നിന്നും പിന്നിലേക്ക് ഇല്ലെന്നും സൂരജ് പറയുന്നു. ബസ് സ്റ്റാൻഡിന്റെ ശോചനീയ അവസ്ഥ മാറ്റേണ്ടത് നഗരസഭയാണോ എംഎൽഎ ആണോ അതോ എംപിയോ മുഖ്യമന്ത്രിയോ ആണോ എന്നൊന്നും ജനങ്ങൾക്ക് അറിയേണ്ട കാര്യമില്ല. ഇപ്പറഞ്ഞവരാരും തന്നെ ആ ബസ് സ്റ്റാൻഡിൽ വരാറില്ലെന്നും സാധാരണക്കാരായ ജനങ്ങളാണ് അവിടെ സ്ഥിരമായി വരുന്നതെന്നും വീഡിയോയിൽ പറയുന്നു. അവർക്കെല്ലാം വേണ്ടിയാണ് ആ പോസ്റ്റ് ഇട്ടത്. അതിൽ എംഎൽഎയെ വ്യക്തിഹത്യ ചെയ്തുവെന്ന് വായിക്കുന്ന ആർക്കും തോന്നുകയില്ല. എന്നാൽ അതിനെ അങ്ങനെയാക്കി മാറ്റുകയായിരുന്നു.ഇത്തരം പൊതുപ്രശ്‌നങ്ങളിൽ ഇടപെട്ടതിന്റെ പേരിൽ കേസുകളുണ്ടാക്കി അകത്തിട്ട് എതിരെയുള്ള ശബ്ദങ്ങളെ അടിച്ചമർത്താം എന്ന് കരുതുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണെന്നും സൂരജ് പറയുന്നു.
ഇങ്ങനെയൊരു കാര്യത്തിൽ ഇടപെട്ടതിന്റെ പേരിൽ തനിക്ക് കോടതി ഇനി ആജീവനാന്ത ശിക്ഷ നൽകിയാലും താൻ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്ന് സൂരജ് പറയുന്നു.എംഎൽഎയുടെ പരാതിയിൽ ബിജെപി നേതാവിനെതിരെ കേസ് എടുത്തിരിക്കുന്നത് ഏത് സെക്ഷൻ ഉപയോഗിച്ചാണ് എന്ന് വ്യക്തമല്ല. എന്തായാലും ഐടി ആക്ടിൽ സൂരജിനെതിരെ ചാർജ് ചെയ്യാൻ പറ്റിയ ഒരു വകുപ്പും ഇപ്പോൾ അവശേഷിക്കുന്നില്ല. പൊതുസമൂഹത്തിൽ അഭിപ്രായം തുറന്നു പറയുന്നതിന്റെ പേരിൽ ലൈംഗികമായ അതിക്രമങ്ങൾക്കും വാക്കുകൾ കൊണ്ടുള്ള ആക്രമണത്തിനും ഇരയാവുുന്ന സ്ത്രീകളെ സഹായിക്കാൻ 354 പൊലീസ് ചാർജ് ചെയ്യാറുണ്ട്.
എന്നാൽ സൂരജ് അത്തരത്തിലുള്ള ഒരു വാക്കുകളും ഉപയോഗിച്ചിട്ടില്ല. സൂരജ് പറഞ്ഞത് ഇങ്ങനെയായിരുന്നു. പ്രിയപ്പെട്ട എംഎൽഎ മാഡം, ബ്യൂട്ടിപാർലറുകളും ഓർത്തഡോക്സ് വിരുന്നുകളുമൊക്കെ കഴിഞ്ഞ് ഇതൊക്കെയൊന്ന് ശ്രദ്ധിച്ചാൽ വളരെ ഉപകാരപ്രദമായിരുന്നു. മാഡത്തിന് സഞ്ചരിക്കാൻ സർക്കാർ ചെലവിൽ ആഡംബര വാഹനമുണ്ട്. അതല്ലെങ്കിൽ സഭ വക, അല്ലെങ്കിൽ മുത്തൂറ്റ് വക ആഡംബര വാഹനങ്ങൾ ധാരാളം ഉണ്ടായിരിക്കും. അറിയാതെ വോട്ടു ചെയ്തു പോയ പാവങ്ങൾക്ക് വേറെ വഴിയില്ല മേഡം..എന്നാണ് പോസ്റ്റ്.
ഈ പറഞ്ഞതിന്റെ അകത്ത് അപമാനകരമായത് എന്താണ് ഉള്ളത്. ഒരു പൊതുപ്രവർത്തക ഇത്തരം വിമർശനങ്ങളെ ഗൗരവമായി എടുക്കാൻ പാടില്ല. മാന്യമായ ഭാഷയിലാണ് അയാൾ വീണയെ പരിഹസിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അല്ല വീണാ ജോർജ് എന്ന വ്യക്തിയെ മാത്രമാണ് ഇയാൾ ഇത് വഴി അപമാനിച്ചിരിക്കുന്നത്. ഇതിന് പൊലീസിൽ പരാതി കൊടുത്ത് നടപടി എടുക്കുന്നത് നിയമ വിരുദ്ധമാണ്. കേസ് എടുത്ത പൊലീസ് ചെയ്തതും നിയമ വിരുദ്ധമാണ്.ഒരു മാധ്യമ പ്രവർത്തകയായ ജനപ്രതിനിധി ഇങ്ങനെ അസഹിഷ്ണുവാകുന്നത് നല്ലതല്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
https://www.facebook.com/Malayalivartha























