കണ്ണടച്ചു വിശ്വസിച്ച ചിലരുടെ ചതി; വർഷങ്ങൾ നീണ്ട ജയിൽ വാസം... ഉറ്റവരൊക്കെ അകന്നപ്പോൾ എന്റെ മനസിന്റെ താളം തെറ്റാതെ മുറുകെ പിടിച്ചത് അവളുടെ സാമീപ്യം കൊണ്ട് മാത്രമാണ്; കുടുംബ സുഹൃത്ത് ശ്യാമയോട് മനസു തുറന്നു രാമചന്ദ്രന്‍

ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ അറ്റ്ലസ് രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ഒടുവിലാണ് ഇപ്പോള്‍ മോചിതനായിരിക്കുന്നത്. മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിൽ ഏറ്റവും വലിയ വേദന ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതായിരുന്നെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍. മനസിന്റെ താളം തെറ്റാതിരുന്നതു ഭാര്യ ഇന്ദിരയുടെ സാമീപ്യം കൊണ്ടുമാത്രമെന്നു അറ്റ്‌ലസ് രാമചന്ദ്രന്‍.
ജയിലിലായതിനു പിന്നില്‍ കണ്ണടച്ചു വിശ്വസിച്ച ചിലരുടെ ചതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ മോചിതനായശേഷം തന്നെ സന്ദര്‍ശിച്ച കുടുംബ സുഹൃത്ത് ശ്യാമയോടാണു രാമചന്ദ്രന്‍ മനസു തുറന്നത്. വിശ്വസിച്ച ചിലര്‍ ചതിച്ചെങ്കിലും ആരോടും വിദ്വേഷമില്ല. ജനങ്ങള്‍ക്കിടെ ജീവിച്ച താന്‍ ജയിലിലായപ്പോള്‍ കരയിലെത്തിച്ച മീനിന്റെ അവസ്‌ഥയിലായി. ആദ്യകാലത്ത് തുണയായി നിന്നവര്‍പോലും ജയില്‍വാസം നീണ്ടതോടെ തിരിഞ്ഞു നോക്കാതായി.
ആരും വരാതിരുന്നപ്പോഴും തന്നെക്കാണാന്‍ പതിവായി ജയിലിലെത്തിയത് ഭാര്യ ഇന്ദിരയായിരുന്നു. സന്ദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ പലപ്പോഴും മണിക്കൂറുകള്‍ കാത്തുനിന്നശേഷം നിരാശയോടെ ഇന്ദിരയ്‌ക്കു മടങ്ങേണ്ടി വന്നിട്ടുണ്ട്. ഫോണ്‍ വിളിക്കും നിയന്ത്രണമുണ്ടായിരുന്നു. അഞ്ചോ പത്തോ മിനിറ്റു മാത്രമേ ഫോണില്‍ സംസാരിക്കാന്‍ അനുമതിയുള്ളൂ. ചില ഉദ്യോഗസ്‌ഥര്‍ 15 മിനിറ്റ് അനുവദിക്കും. മോചനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഇന്ദിരയെന്ന ഇന്ദുവിനുള്ളതാണ്. രാഷ്‌ട്രീയ-സാംസ്‌കാരിക-കലാ രംഗത്തെ അനവധി പ്രമുഖര്‍ തന്റെ മോചനത്തിനായി പ്രയത്നിച്ചിട്ടുണ്ട്. കടം വീട്ടാന്‍ ഉറപ്പു നല്‍കിയ വ്യവസായ ഗ്രൂപ്പുകളോടുംനന്ദിയുണ്ട്.
രണ്ടാം ജന്മത്തിനു തുല്യമായ ജയില്‍ മോചനത്തിനു വഴിയൊരുക്കിയത് ഇന്ദിരയാണ്. ഇന്ദിര ബിസിനസില്‍ കൂടുതല്‍ നിപുണയായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ തകര്‍ച്ച നേരിടേണ്ടി വരില്ലായിരുന്നു. വീട്ടമ്മയായി ഒതുങ്ങിക്കൂടാനാണ് എന്നും ശ്രമിച്ചത്. ഏറെ നിര്‍ബന്ധിച്ചാല്‍ മാത്രമേ പുതിയ ഷോറൂമുകളുടെ ഉദ്‌ഘാടന വേളകളില്‍ പോലും പങ്കെടുത്തിരുന്നുള്ളൂ-രാമചന്ദ്രന്‍ പറഞ്ഞു. തകര്‍ച്ച പുത്തരിയല്ല. കുവൈത്ത് യുദ്ധക്കാലത്ത് ബിസിനസ് സാമ്രാജ്യം മുഴുവന്‍ തകര്‍ന്നടിഞ്ഞതാണ്. അവിടെനിന്നു തിരിച്ചു കയറിയ താന്‍ ഫിനിക്‌സ് പക്ഷിയെപ്പോലെ ഇനിയും ഉയര്‍ത്തെഴുനേല്‍ക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കില്‍ കടങ്ങളെല്ലാം തീര്‍ക്കാന്‍ കഴിയുമായിരുന്നു.
എന്നാല്‍, ചോദ്യംചെയ്യാന്‍ പോലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ച തന്നെ ജയിലിലടച്ചതിനാല്‍ അതിനുള്ള സാധ്യതകള്‍ അടഞ്ഞു. ജീവിതത്തിലെ പ്രശ്‌നങ്ങളില്‍നിന്നും ഇന്നു വരെ ഒളിച്ചോടിയിട്ടില്ല, ഇനിയും അങ്ങനെ തന്നെയായിരിക്കും. പ്രശ്‌നങ്ങളില്‍നിന്നും ഒളിച്ചോടുന്നവന്‍ ജീവിക്കാന്‍ കൊള്ളാത്തവനാണ്-രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശക്തമായ ഇടപെടലാണ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് സഹായിച്ചത്.
ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ അവര്‍, രാമചന്ദ്രന്‍ പുറത്തിറങ്ങിയാല്‍ കടങ്ങള്‍ വീട്ടുമെന്ന് ഉറപ്പുനല്‍കാന്‍ വരെ തയാറായി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും സുരേഷ് ഗോപി എം.പിയുമൊക്കെയാണു രാമചന്ദ്രന്റെ ദുരവസ്ഥ സുഷമയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ബി.ജെ.പി. പ്രവാസി സെല്ലും സുഷമയുടെ ഇടപെല്‍ അഭ്യര്‍ഥിച്ചു.
ആദ്യഘട്ടത്തില്‍ ചില വ്യവസായ ഗ്രൂപ്പുകളുടെ സമ്മര്‍ദം മൂലം ഇടപെടാന്‍ മടിച്ച സുഷമാ സ്വരാജ്, ദുബായ് ഭരണകൂടവുമായി ബന്ധപ്പെട്ട് രാമചന്ദ്രനു മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. രാമചന്ദ്രന്റെ ബിസിനസുകള്‍ നേരായ വഴിയിലാണെന്നു കേരള സര്‍ക്കാര്‍ വ്യക്തമാക്കുകയും കൂടി ചെയ്തതോടെ കേന്ദ്രം സജീവമായി ഇടപെട്ടു. സുഷമ ദുബായ് സര്‍ക്കാരിനു കത്തയച്ചു. ആവശ്യമായ നടപടികള്‍ക്ക് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ ചുമതലപ്പെടുത്തി. അദ്ദേഹമാണ് ബാങ്കുകളുമായി സംഭാഷണം നടത്തി ഒത്തുതീര്‍പ്പുകളിലേക്കു വഴിതുറന്നത്. ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവും ദുബായില്‍ ചെന്ന് പ്രശ്നത്തില്‍ ഇടപെട്ട് കടമ്പകള്‍ മറികടന്നു.
https://www.facebook.com/Malayalivartha























