റോക്കറ്റ് പോലെ കുതിച്ച് ഇന്ധനവില... നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായകമായ ചർച്ചാവിഷയം... നികുതി വെട്ടികുറയ്ക്കാൻ ആലോചിച്ച് കേന്ദ്രസർക്കാർ....

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിലക്കയറ്റം പ്രധാന പ്രചാരണ വിഷയമാകും എന്നത് യാതൊരു സംശയവുമില്ലാത്ത കാര്യമാണ്. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും മുതൽ നിത്യോപയോഗ സാധനങ്ങൾക്കു വരെ വില കൂടുകയാണ്.
കോവിഡിനു ശേഷമുള്ള സാമ്പത്തികമാന്ദ്യം തുടരുന്നതിനാൽ സാധാരണക്കാരുടെ ജീവിതം വളരെയധികം കഷ്ടതയിലാണ് നീങ്ങുന്നത്. ജോലി നഷ്ടമായ പലരും താൽക്കാലിക ജോലികൾ ചെയ്താണ് ഇപ്പോൾ കുടുംബം പുലർത്തുന്നത്. പലർക്കും വരുമാനം കുറഞ്ഞു.
ഇതിനിടെയുണ്ടായ വിലക്കയറ്റ പ്രതിസന്ധി ഫലപ്രദമായി ഉപയോഗിക്കാനാണ് രാഷ്ട്രീയകക്ഷികളുടെ നീക്കം. കേന്ദ്രത്തിൽ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസും സിപിഎമ്മും ബിജെപിക്കെതിരായ പ്രധാന പ്രചാരണായുധമായി ഇതിനെ മാറ്റും.
പ്രതിരോധിക്കാനായി സംസ്ഥാനത്ത് ബിജെപി വളരെ പാടുപെടും. വിലക്കയറ്റം പ്രധാന പ്രചാരണ വിഷയമാകുമെന്ന വിവരം സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്.
ലോക്ഡൗൺ മുതലുള്ള ഒരു വർഷത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപയാണ്. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളിൽ 238 രൂപയുടെ വർധനവ് ഉണ്ടായി.
കഴിഞ്ഞദിവസം 25 രൂപയാണ് പാചകവാതകത്തിന് വർധിച്ചത്. ഡീസൽ വിലയ്ക്കനുസരിച്ച് വാഹനവാടക കൂടുന്നതോടെ പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടുകയാണ്.
കോവിഡ് രൂക്ഷമായ 2020 മാർച്ച് മുതൽ ആഗോള എണ്ണവില ഇടിയാൻ തുടങ്ങിയതോടെ ഇന്ധനവില കുറഞ്ഞിരുന്നു. മാർച്ച് പകുതിയോടെ കേരളത്തിൽ പെട്രോളിന് 70-72 രൂപയായും ഡീസലിന് 65-67 രൂപയായും കുറഞ്ഞു.
ജൂൺ മുതലാണ് ഇത് ഉയരാൻ തുടങ്ങിയത്. 2020 ഡിസംബർ ആദ്യത്തോടെ 82-84ൽ എത്തി. ഈ വർഷം ജനുവരിമുതലുള്ള രണ്ടു മാസത്തിനിടെ മാത്രം പെട്രോളിന് 7.50 രൂപയും ഡീസലിന് എട്ടുരൂപയും വർധിച്ചു.
എക്‌സൈസ് നികുതി വെട്ടിക്കുറച്ചുകൊണ്ട് പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ഇപ്പോൾ ആലോചിക്കുന്നുണ്ട്.
എണ്ണവിലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ കാര്യമായ കുറവുണ്ടായിരുന്നു. പക്ഷേ കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ആ കാലഘട്ടത്തില്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നത് ഈ വര്‍ധനവ് മൂലം തടയപ്പെട്ടുവെന്നാണ് സാമ്പത്തിക വിദഗ്ധരും മറ്റും ചൂണ്ടിക്കാണിച്ചത്.
നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ഇതിന് ആനുപാതികമായി എക്‌സൈസ് നികുതി ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ നികുതി വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇത് സംബന്ധിച്ച് നിര്‍ണായകമായ ചര്‍ച്ചകള്‍ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിച്ചിട്ടുണ്ടെന്നാണ് വിവരം. പൊതുമേഖലാ എണ്ണക്കമ്പനികള്‍, ചില സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
പക്ഷേ ഏതെല്ലാം സംസ്ഥാനങ്ങളുമായാണ് ചര്‍ച്ച നടത്തിയതെന്ന കാര്യം വ്യക്തമല്ല. എണ്ണ വില കുറയ്ക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നികുതി വെട്ടിക്കുറയ്ക്കണമെന്ന് നേരത്തെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് എത്ര വേഗത്തില്‍ ഇത് നടപ്പാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു. പക്ഷേ ഇക്കാര്യത്തില്‍ നിര്‍ണായ നീക്കം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കുമെന്നാണ് വിവരം.
ഇന്ധനവില വർധിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടിത്തുടങ്ങി. സവാളയുടെ വില കിലോയ്ക്ക് 35 രൂപയിൽനിന്ന് 60 രൂപ വരെയായി ഉയർന്നു. ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 120 രൂപയായി.
മുരിങ്ങക്കായ കിലോയ്ക്ക് 98 രൂപയും പയറിന് 88 രൂപയും ബീൻസിന് 60 രൂപയും തേങ്ങയ്ക്ക് 54 രൂപയുമാണ് ഇന്നലത്തെ ഹോർട്ടി കോർപിലെ വില. വിലക്കയറ്റത്തിന്റെ പേരിൽ കേന്ദ്രം സംസ്ഥാനത്തെയും സംസ്ഥാനം കേന്ദ്രത്തെയുമാണു കുറ്റപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha























