കടല്‍കൊള്ളക്കാര്‍ക്ക് വീണ്ടും ചാകര; നാവികർ പിന്മാറിയതോടെ ആ നീക്കം വീണ്ടും...

അറബിക്കടലില്‍ സൊമാലിയന്‍ തീരത്തുവെച്ച് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍നിന്ന് ഇന്ത്യക്കാരടമുള്ളവരെ അതിസാഹസികമായി കഴിഞ്ഞ ദിവസം നാവികസേന മോചിപ്പിച്ചിരുന്നു. 15 ഇന്ത്യക്കാരടക്കം കപ്പലിലുണ്ടായിരുന്ന 21 പേരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ നാവികസേന പിന്നീട് അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ നാവികസേനയുടെ എലൈറ്റ് കമോന്‍ഡോകളായ മാര്‍കോസ് ചരക്കുകപ്പലില്‍ പ്രവേശിച്ചാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനസമയത്ത് കപ്പലില്‍ കൊള്ളക്കാര്‍ ഉണ്ടായിരുന്നില്ലെന്നും നാവികസേന അറിയിച്ചു. ഹെലികോപ്റ്ററയച്ച് നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്ന് കൊള്ളക്കാര്‍ രക്ഷപ്പെട്ടുപോയെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈയായിരുന്നു ദൗത്യത്തിന് നേതൃത്വം നല്‍കിയത്. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍ വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോകള്‍ കപ്പലില്‍ പ്രവേശിച്ചത്. കപ്പല്‍ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന നടപടികള്‍ ആരംഭിച്ചിരുന്നു. ഐഎന്‍എസ് ചെന്നൈയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു.
ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് വ്യാഴാഴ്ച വൈകീട്ടാണ് കപ്പല്‍ റാഞ്ചിയതെന്നാണ് റിപ്പോര്‍ട്ട്. ബ്രസീലിലെ പോര്‍ട്ട് ഡു അകോയില്‍ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിന്‍ സല്‍മാനിലേക്ക് പോകുന്നതിനിടെയാണ് സോമാലിയയില്‍ നിന്ന് 300 നോട്ടിക്കല്‍ മൈല്‍ കിഴക്കുനിന്ന് കടല്‍ക്കൊള്ളക്കാര്‍ എം.വി. ലില നോര്‍ഫോക് എന്ന ചരക്കുകപ്പല്‍ തട്ടിയെടുത്തത്. അതിനിടെ കടൽക്കൊള്ളക്കാരിൽ നിന്ന് സുരക്ഷിതമായെന്നു കരുതിയിരുന്ന അറബിക്കടലിന്റെ സൊമാലിയൻ ഭാഗത്തു വീണ്ടും തലയോട്ടിക്കൊടി ഉയരുകയാണോ എന്ന സംശയം ശക്തമാണ്.
ഏതാനും ആഴ്ചകളായി ആ പ്രദേശത്തു നടന്ന കപ്പൽ റാഞ്ചൽ ശ്രമങ്ങൾ ഉയർത്തുന്ന ചോദ്യമാണിത്. ലൈബിരിയൻ കൊടി പറത്തിയ കപ്പലാണ് സൊമാലിയൻ കടൽക്കൊള്ളക്കാരെന്നു സംശയിക്കപ്പെടുന്ന സംഘം തട്ടിയെടുത്തത്. ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെ കപ്പലും ജീവനക്കാരും രക്ഷപ്പെട്ടെങ്കിലും വീണ്ടും സൊമാലിയൻ കടലിൽ കൊള്ളശ്രമങ്ങൾ നടക്കുന്നതു നാവികസേനകൾക്കു തലവേദനയായി.
മൂന്നാഴ്ച മുൻപ് മാൾട്ടയുടെ കൊടി പറത്തിയിരുന്ന എം.വി.റൂവൻ എന്ന കപ്പലും സൊമാലിയൻ കൊള്ളക്കാർ റാഞ്ചിയിരുന്നു. അന്നും ഇന്ത്യൻ നേവിയാണ് ആദ്യം സഹായത്തിനെത്തിയത്. അതിന് ഏതാനും ദിവസം മുൻപ് ഇറാൻ പിന്തുണയുള്ള ഹൂതികൾ ബ്രിട്ടിഷ് ഉടമസ്ഥതയിലുള്ള ഒരു കപ്പൽ പിടിച്ചെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. 1990 കളിൽ ആരംഭിച്ച സൊമാലിയൻ കടൽക്കൊള്ളകൾ വിവിധ നാവികപ്പടകളുടെ സംയുക്ത ശ്രമങ്ങളെത്തുടർന്ന് 2013 ഓടെ കുറഞ്ഞു തുടങ്ങിയിരുന്നു. 2013 ൽ 9 കപ്പലുകൾ മാത്രമേ ആക്രമിക്കപ്പെട്ടുള്ളൂ. ഒരു റാഞ്ചൽപോലും നടന്നില്ല. തുടർന്ന് ആ സമുദ്രപ്രദേശം ‘അത്യപകടകരമല്ല’ എന്ന് ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചു.
ഇസ്രയേലിലേക്കു പോവുകയോ അവിടെനിന്നു പുറപ്പെടുകയോ ചെയ്യുന്ന ചരക്കുകപ്പലുകളെ ചെങ്കടലിലും സമീപപ്രദേശങ്ങളിലും ഹൂതികൾ ആക്രമിക്കുന്നുണ്ട്. എന്നാൽ, തങ്ങൾക്കു റാഞ്ചൽ ശേഷിയുണ്ടെന്ന് അറിയിക്കാൻ വേണ്ടി മാത്രം ചെയ്ത ഏതാനും ‘വിഡിയോ റാഞ്ചൽ’ ഒഴികെ അവർ അത്തരം ശ്രമങ്ങളൊന്നും നടത്തിയതായി തെളിവില്ല. ഡ്രോണുകളും റോക്കറ്റുകളും അയച്ചു കപ്പലുകൾ തകർക്കുന്ന തന്ത്രമാണ് അവർ സ്വീകരിച്ചുപോരുന്നത്. കടൽക്കൊള്ള കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ വിവിധ നാവികസേനകൾ പിൻവലിഞ്ഞുതുടങ്ങിയതാണ് കൊള്ള വീണ്ടും സജീവമാകാൻ ഒരു കാരണം.
മീൻപിടിത്ത ബോട്ടുകളെ ആക്രമിക്കുന്നതിലേക്കു മാറിയ കൊള്ളക്കാർ എപ്പോൾ വേണമെങ്കിലും കപ്പലാക്രമണത്തിലേക്കു തിരിച്ചുവരാമെന്ന് ചൈനീസ് നാവികസേന മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പും, റാഞ്ചലിനെ തുടർന്നും അറബിക്കടലിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കി. കടൽകൊള്ളക്കാരെ നേരിടാനുള്ള കൂടുതൽ കമാൻഡോകളെ യുദ്ധകപ്പലുകളിലെത്തിക്കും. കടൽകൊള്ളക്കാരെ ശക്തമായി നേരിടാൻ നാവിക സേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ എല്ലാ യുദ്ധക്കപ്പലുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























