നീലഗിരിയില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാര്‍; നാളെ പന്തല്ലൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍

തമിഴ്നാട് നീലഗിരിയിലെ പന്തലൂര്‍ മേങ്കോറഞ്ച് തേയിലത്തോട്ടത്തില്‍ പുലിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാര്‍. നാടുകാണി, ഗൂഡല്ലൂര്‍, ദേവാല, പന്തല്ലൂര്‍ ഉള്‍പ്പെടെയുള്ള ടൗണുകളിലാണ് റോഡ് ഉപരോധിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ തുടങ്ങിയ ഉപരോധം മണിക്കൂറുകളോളം നീണ്ടു. ഞായറാഴ്ച പന്തല്ലൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
രാത്രി വൈകിയും സമരം നീണ്ടതോടെ നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിയത്. മൈസൂരു, ഊട്ടി ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര തിരിച്ചവരും വഴിയില്‍ കുടുങ്ങി.അങ്കണവാടിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നു വയസ്സുകാരിക്ക് നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാന്‍സിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. വീടിനു സമീപത്തു വച്ചാണ് പുലി ആക്രമിച്ചത്. ഓടിക്കൂടിയവര്‍ ഉടനെ പന്തല്ലൂര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നത് തുടര്‍ സംഭവമായിട്ടും അധികൃതര്‍ അനാസ്ഥ പുലര്‍ത്തുകയാണെന്നും ജീവനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം. കലക്ടറും ഉന്നത വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇക്കാര്യത്തില്‍ ഉറപ്പും നല്‍കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























