ട്രെയിനിന്റെ മേല്‍ക്കൂര തകര്‍ത്ത് 5.78 കോടി രൂപ കവര്‍ന്നു

എക്‌സ്പ്രസ് ട്രെയിനിന്റെ ചരക്കു ബോഗിയുടെ മേല്‍ക്കൂര തകര്‍ത്ത് ഹോളിവുഡ് സിനിമാ സ്‌റ്റൈലില്‍ 5.78 കോടി രൂപ അപഹരിച്ചു. ചെന്നൈയിലേക്കു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സേലത്തെ അഞ്ചു ബാങ്കുകളില്‍നിന്നു ശേഖരിച്ചു ട്രെയിനില്‍ കൊണ്ടുപോയ കാലാവധി കഴിഞ്ഞതും മുഷിഞ്ഞതുമായ നോട്ടുകളാണു മോഷ്ടിക്കപ്പെട്ടത്. തിങ്കാളാഴ്ച രാത്രി സേലത്തുനിന്നു പുറപ്പെട്ട എക്‌സ്പ്രസ് ട്രെയിന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.55നു ചെന്നൈ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണു മോഷണവിവരം അധികൃതര്‍ അറിയുന്നത്. 226 തടിപ്പെട്ടികളിലായി 342 കോടി രൂപയുടെ 23 ടണ്‍ നോട്ടാണു മൂന്നു ബോഗികളിലായി ട്രെയിനില്‍ ഉണ്ടായിരുന്നത്. മുഷിഞ്ഞ നോട്ടുകളും ജൂണ്‍ 30നു മുമ്പ് വിപണിയില്‍ നിന്നു പിന്‍വലിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ട 2005നു മുമ്പ് പുറത്തിറക്കിയ നോട്ടുകളുമായിരുന്നു ഇവ. ആയുധധാരികളായ പത്തു സുരക്ഷാ ഉദ്യോഗസ്ഥര്‍ പണത്തിനു കാവല്‍ ഉണ്ടായിരുന്നു. നോട്ടുകള്‍ സൂക്ഷിച്ചിരുന്ന ഒരു ബോഗിയുടെ മേല്‍ക്കൂര ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറത്തു മാറ്റിയാണു മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ബോഗി തുറന്നു പരിശോധിച്ചപ്പോഴാണു മോഷണവിവരം അറിയുന്നത്. നാലു തടിപ്പെട്ടികളിലെ പണമാണു നഷ്ടപ്പെട്ടത്. ഇത് 5.78 കോടി രൂപ വരുമെന്ന് ഐജി എം. രാമസുബ്രഹ്മമണി പറഞ്ഞു. പുലര്‍ച്ചെ 1.30 ഓടെ സേലം വിരുദാചലം സ്‌റ്റേഷനുകള്‍ക്കിടയിലാണു മോഷണം നടന്നതെന്നു പോലീസ് സംശയിക്കുന്നു. ഇലക്ട്രിക് എന്‍ജിനു പകരം ഡീസല്‍ എന്‍ജിന്റെ സഹായത്തോടെയാണ് ഈ പാതയില്‍ ട്രെയിന്‍ സഞ്ചരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പരാതിയെത്തുടര്‍ന്നു റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. ഓടുന്ന ട്രെയിനില്‍ രാജ്യത്ത് ഇത്തരത്തിലുള്ള മോഷണം ആദ്യമാണെന്നു റെയില്‍വേ ഡിഐജി ഭാസ്‌കരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























