കളിയിറക്കല്ലേ സാറെ... സിബിഐയുടെ അന്വേഷണത്തെ തടയിട്ട് സര്‍ക്കാരും ഇഡിയുടെ അറസ്റ്റിനെ തടയിട്ട് ശിവശങ്കറും നടത്തി സഖാക്കളുടെ കയ്യടി വാങ്ങിയപ്പോള്‍ മലപോലെ കസ്റ്റംസ് വന്നിറങ്ങുമെന്ന് ആരും ഒട്ടും വിചാരിച്ചില്ല; കോടതി സമയം കഴിഞ്ഞ് ശിവശങ്കറെ പൊക്കിയത് വ്യക്തമായ ലക്ഷ്യത്തോടെ; എന്നാല്‍ കസ്റ്റംസിനെ കുരുക്കിലാക്കി ശിവശങ്കറിന്റെ ദേഹാസ്വാസ്ഥ്യം

സിബിഐയുടെ അന്വേഷണത്തെ തടയിട്ട് സര്‍ക്കാരും ഇഡിയുടെ അറസ്റ്റിനെ തടയിട്ട് ശിവശങ്കറും മുന്നേറിയപ്പോള്‍ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചതേയില്ല. കോടതി സമയം കഴിഞ്ഞ് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ എം ശിവശങ്കറെ കസ്റ്റംസ് പൊക്കിയത് കോടതി നീക്കങ്ങള്‍ തടയിടാനാണ്. ശനിയും ഞായറും കോടതി അവധിയായതിനാല്‍ തിങ്കളാഴ്ച മാത്രമേ കോടതിയില്‍ പോകാന്‍ കഴിയുകയുള്ളൂ. അത്രയും നേരം കസ്റ്റഡിയിലാക്കി എല്ലാം മണിമണിയായി പറയിപ്പിക്കാനാണ് കസ്റ്റംസ് ശ്രമിച്ചത്. എന്നാല്‍ കസ്റ്റംസിനെ വെട്ടിലാക്കുന്ന ട്വിസ്റ്റാണ് ഉണ്ടായത്.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പലപ്പോഴായി നൂറു മണിക്കൂറിലേറെ ചോദ്യം ചെയ്യലിന് വിധേയനായ ശിവശങ്കറിനെ ഇന്നലെ വൈകുന്നേരമാണ് കസ്റ്റംസ് വീട്ടിലെത്തി നിര്‍ബന്ധപൂര്‍വം കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകിട്ട് ആറിന് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നാലുമണിക്ക് ശിവശങ്കറിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു. മൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് ചട്ടം 108 പ്രകാരമുള്ള നോട്ടീസിലെ ക്രൈം നമ്പര്‍ കൃത്യമല്ലെന്ന് ശിവശങ്കര്‍ തര്‍ക്കിച്ചു. പുതിയ കേസാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. പിന്നീട് ഫോണില്‍ വിളിച്ച് തനിക്ക് സുഖമില്ലെന്നും ഹാജരാകാന്‍ കഴിയില്ലെന്നും ശിവശങ്കര്‍ അറിയിച്ചു. എന്നാല്‍, അഞ്ചരയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പൂജപ്പുരയിലെ വസതിയിലെത്തി ഒപ്പം വരണമെന്ന് നിര്‍ദ്ദേശിച്ചു. സ്വന്തം കാറില്‍ വരാമെന്ന് അറിയിച്ചെങ്കിലും കസ്റ്റംസ് അനുവദിച്ചില്ല.
കസ്റ്റംസും എന്‍. ഐ.എയും പിന്നാലെ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റും പലവട്ടം രാപകല്‍ ചോദ്യം ചെയ്തപ്പോഴെല്ലാം അക്ഷോഭ്യനായിരുന്ന ശിവശങ്കര്‍ ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ത്തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്നു. ഇക്കാര്യം കൊച്ചിയിലെ അഭിഭാഷകനെ ഫോണില്‍ അറിയിക്കുകയും ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ അദ്ദേഹം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും 23വരെ അറസ്റ്റ് തടയുന്ന ഉത്തരവ് നേടുകയും ചെയ്തിരുന്നു.
പൂജപ്പുരയിലെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കസ്റ്റംസിന്റെ കാറില്‍ സെക്രട്ടേറിയറ്റിനടുത്തെ കസ്റ്റംസ് ഓഫീസിലേക്ക് കൊണ്ടുവരവേ ജഗതിയില്‍ വച്ചാണ് ശിവശങ്കറിന് നെഞ്ചു വേദനയുണ്ടായത്. കടുത്ത പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലാണ് താനെന്ന് കസ്റ്റംസിനോട് ശിവശങ്കര്‍ പറഞ്ഞു. രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളിക വാങ്ങി നല്‍കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ശിവശങ്കര്‍ ആവശ്യപ്പെട്ടു. ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കസ്റ്റംസ് ശ്രമിച്ചപ്പോള്‍, ഭാര്യ ഡോക്ടറായി ജോലിചെയ്യുന്ന പി.ആര്‍.എസിലേക്ക് കൊണ്ടുപോകാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ഭാര്യയെ വിവരമറിയിച്ചശേഷം അതേ കാറില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നാലെ ഭാര്യ ഡോ.ഗീത ആശുപത്രിയിലെത്തി.
ഇ.സി.ജിയില്‍ വ്യതിയാനം കാണുകയും രക്തസമ്മര്‍ദ്ദം ഉയരുകയും ചെയ്തതിനെ തുടര്‍ന്ന് കാര്‍ഡിയാക് ക്രിട്ടിക്കല്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ് എന്‍.ഐ.എ സംഘവും ആശുപത്രിയിലെത്തി. ഇന്ന് ആന്‍ജിയോഗ്രാം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില അറിയിക്കണമെന്ന നിര്‍ദേശം നല്‍കി കസ്റ്റംസ് സംഘം മടങ്ങി. നിരീക്ഷണത്തിനായി രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു പുറമെ ഐ.ബി സംഘവും ആശുപത്രിയില്‍ തങ്ങുന്നുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. എന്തായാലും ഇതോടെ ആശുപത്രി പരിസരം ചാനലുകാരെ കൊണ്ട് നിറഞ്ഞു.
"
https://www.facebook.com/Malayalivartha























