ശിവശങ്കറിന് നെഞ്ചുവേദന...മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യംചെയ്യാനായി കൊണ്ടുപോകവേ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍... മൂന്നുമണിക്കൂറോളം ആശുപത്രിയില്‍ തങ്ങിയശേഷമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യംചെയ്യാനായി കൊണ്ടുപോകവേ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുമണിക്കൂറോളം ആശുപത്രിയില്‍ തങ്ങിയശേഷമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ തങ്ങിയതോടെ അറസ്റ്റിനുള്ള നീക്കമാണെന്ന് അഭ്യൂഹമുയര്‍ന്നു. വെള്ളിയാഴ്ച വൈകീട്ട് 5.30-നാണ് പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടില്‍ കസ്റ്റംസ് സംഘമെത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് എടുത്ത പുതിയ കേസില്‍ ചോദ്യം ചെയ്യുന്നതിന് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കൊച്ചിയിലുള്ള അഭിഭാഷകനെ അറിയിച്ചശേഷം ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കാറില്‍ കയറി.
കാര്‍ തൊട്ടടുത്ത ജങ്ഷനില്‍ എത്തിയപ്പോള്‍ അദ്ദേഹം നെഞ്ചുവേദനിക്കുന്നതായി പറഞ്ഞു. ശിവശങ്കര്‍ ആവശ്യപ്പെട്ടതുപ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കരമനയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. ഇ.സി.ജി.യില്‍ വ്യതിയാനം കണ്ടതിനെത്തുടര്‍ന്ന് ഹൃദ്രോഗതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ഹൃദ്രോഗവിദഗ്ധരടക്കമുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ചു. അദ്ദേഹം അപകടാവസ്ഥയില്‍ അല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
അറസ്റ്റിന് ശ്രമിച്ചതായി കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. സ്വര്‍ണക്കടത്ത് കേസ് പിടികൂടിയ അസി. കമ്മിഷണര്‍ രാമമൂര്‍ത്തി ഉള്‍പ്പെടെ പ്രിവന്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി.
ഡോക്ടര്‍മാരില്‍ നിന്ന് ശിവശങ്കറിന്റെ ചികിത്സാവിവരങ്ങള്‍ ശേഖരിച്ചു. ശിവശങ്കറിനെ അറസ്റ്റുചെയ്യാനുള്ള നീക്കമാണ് കസ്റ്റംസ് നടത്തിയതെന്ന് സൂചനയുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ അഭിപ്രായം അനുസരിച്ചാകും തുടര്‍നടപടി. ലൈഫ് മിഷന്‍ സാമ്പത്തിക ഇടപാടുകളിലും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുമായുള്ള ബന്ധത്തിന്റെപേരിലും കസ്റ്റംസിന് പുറമെ, എന്‍.ഐ.എ.യും ഇ.ഡി.യും ശിവശങ്കറിനെ 90 മണിക്കൂറിലേറെ ചോദ്യംചെയ്തിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ ഈ മാസം 23 വരെ അദ്ദേഹത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ജാമ്യാപേക്ഷ 23-ന് പരിഗണിക്കും.
"
https://www.facebook.com/Malayalivartha























