ടെന്‍ഷനോട് ടെന്‍ഷന്‍... ശ്രദ്ധാ കേന്ദ്രമായി കരമന പിആര്‍എസ് ആശുപത്രി; ശിവശങ്കറിനെ ഏത് നിമിഷവും കസ്റ്റംസ് പൊക്കുമെന്ന അഭ്യൂഹം ശക്തം; എല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് കള്ളക്കളികള്‍ പൊളിക്കാന്‍ ഐബിയും കസ്റ്റംസും ആശുപത്രിയില്‍; പ്രത്യേക ഘട്ടമുണ്ടായാല്‍ പട്ടാളത്തെ വിളിക്കാനൊരുങ്ങി അന്വേഷണ സംഘം

കംസ്റ്റംസിന്റെ സുരക്ഷയ്ക്കായി സംസ്ഥാന പോലീസിനെ അവഗണിച്ച് സിആര്‍എഫുകാരെ നിയോഗിച്ചത് നമ്മള്‍ കണ്ടതാണ്. അതേ പോലൊരു അവസ്ഥയാണ് തിരുവനന്തപുരം പിആര്‍എസ് ആശുപത്രി പരിസരത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വീണ്ടും സിആര്‍എഫുകാരെ വിളിക്കുമോ എന്നാണ് സകലരും ഉറ്റ് നോക്കുന്നത്.
അപ്രതീക്ഷിതമായാണ് കരമനയിലെ പിആര്‍എസ് ആശുപത്രി രാജ്യ ശ്രദ്ധാ കേന്ദ്രമായി മാറിയത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇവിടെ ഹൃദ്രോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു എന്നതായിരുന്നു ആദ്യവിവരം.
കസ്റ്റംസിന്റെ കാറിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചതെന്ന വിവരം പുറത്തായതോടെ ചാനലുകാള്‍ പാഞ്ഞെത്തി. ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ എത്തുന്നതു ചര്‍ച്ച ചെയ്യാന്‍ തയാറായിരുന്ന ടിവി ചാനലുകളുടെ തല്‍സമയ സംപ്രേക്ഷണവും ചര്‍ച്ചകളും ആശുപത്രി കേന്ദ്രീകരിച്ചായി.
വൈകിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി അവരുടെ കാറില്‍ കൂട്ടിക്കൊണ്ടു പോകുന്നതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതുവരെ ചോദ്യം ചെയ്യലിനെല്ലാം സ്വന്തം കാറിലായിരുന്നു ശിവശങ്കര്‍ എത്തിയിരുന്നത്. ഇതോടെ നാടകീയമായ അറസ്റ്റ് നീക്കമാണു നടന്നതെന്ന് ഉറപ്പായി. മാത്രമല്ല ശിവശങ്കര്‍ ആശുപത്രിയിലായതോടെ അറസ്റ്റ് ഒഴിവാക്കാന്‍ ആശുപത്രി കളിച്ചാല്‍ അത് പൊളിച്ചടുക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയായ ഐബി ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി. മാത്രമല്ല കസ്റ്റസും ആശുപത്രിയില്‍ തമ്പടിച്ചു. ഇതോടൊപ്പം വിളികാത്ത് സിആര്‍പിഎഫ് ക്യാമ്പും കാത്തിരുന്നു. കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ തങ്ങിയതോടെ അറസ്റ്റിനുള്ള നീക്കമാണെന്ന് അഭ്യൂഹമുയര്‍ന്നു.
വെള്ളിയാഴ്ച വൈകീട്ട് 5.30നാണ് പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടില്‍ കസ്റ്റംസ് സംഘമെത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് എടുത്ത പുതിയ കേസില്‍ ചോദ്യംചെയ്യുന്നതിന് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കൊച്ചിയിലുള്ള അഭിഭാഷകനെ അറിയിച്ചശേഷം ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കാറില്‍ കയറി. കാര്‍ തൊട്ടടുത്ത ജങ്ഷനില്‍ എത്തിയപ്പോള്‍ അദ്ദേഹം നെഞ്ചുവേദനിക്കുന്നതായി പറഞ്ഞു. ശിവശങ്കര്‍ ആവശ്യപ്പെട്ടതുപ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കരമനയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. ഇ.സി.ജി.യില്‍ വ്യതിയാനം കണ്ടതിനെത്തുടര്‍ന്ന് ഹൃദ്രോഗതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഹൃദ്രോഗവിദഗ്ധരടക്കമുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ചു. അദ്ദേഹം അപകടാവസ്ഥയില്‍ അല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
അറസ്റ്റിന് ശ്രമിച്ചതായി കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. സ്വര്‍ണക്കടത്ത് കേസ് പിടികൂടിയ അസി. കമ്മിഷണര്‍ രാമമൂര്‍ത്തി ഉള്‍പ്പെടെ പ്രിവന്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി. ഡോക്ടര്‍മാരില്‍നിന്ന് ശിവശങ്കറിന്റെ ചികിത്സാ വിവരങ്ങള്‍ ശേഖരിച്ചു. ശിവശങ്കറിനെ അറസ്റ്റുചെയ്യാനുള്ള നീക്കമാണ് കസ്റ്റംസ് നടത്തിയതെന്ന് സൂചനയുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ അഭിപ്രായം അനുസരിച്ചാകും തുടര്‍നടപടി.
ലൈഫ് മിഷന്‍ സാമ്പത്തിക ഇടപാടുകളിലും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുമായുള്ള ബന്ധത്തിന്റെപേരിലും കസ്റ്റംസിന് പുറമെ, എന്‍.ഐ.എ.യും ഇ.ഡി.യും ശിവശങ്കറിനെ 90 മണിക്കൂറിലേറെ ചോദ്യംചെയ്തിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ ഈ മാസം 23 വരെ അദ്ദേഹത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ജാമ്യാപേക്ഷ 23ന് പരിഗണിക്കും. കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെങ്കിലും അറസ്റ്റിന് സാധ്യതയുണ്ടെന്നറിഞ്ഞാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്. വ്യാഴാഴ്ചയും അദ്ദേഹത്തെ എട്ടരമണിക്കൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് കസ്റ്റംസിന്റെ നിര്‍ണായക നീക്കം.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























