എല്ലാം സിനിമാ സ്റ്റൈലില്‍... ശിവശങ്കറിനെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ പിആര്‍എസ് ആശുപത്രിയില്‍ ലൈവായി ഒരു സംഘട്ടനം; പത്രക്കാരുടെ എല്ലൂരുന്നത് സ്വപ്നയുടെ ഗുണ്ടയാണോയെന്ന് അന്വേഷണം നടത്തിയപ്പോഴല്ലേ ബഹുരസം; ശക്തമായ നിലപാടുമായി പത്രപ്രവര്‍ത്തക യൂണിയന്‍

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത് ചാനലുകളായ ചാനലുകള്‍ ലൈവായി കാണിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഒരു പൊരിഞ്ഞ തല്ല്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന ശിവശങ്കറിന്റെ തിരുമുഖം ഒന്ന് ക്യാമറയില്‍ ഒപ്പാന്‍ പെടാപാടു പെടുകയായിരുന്നു ചാനലുകാരും പത്രക്കാരും. ആംബുലന്‍സില്‍ കയറ്റുന്ന സമയത്താണ് അതിനുള്ള അവസരം ഒത്തുവന്നത്. കൊറോണ സമയത്ത് 5 പേരില്‍ കൂടുതല്‍ കൂടിയാല്‍ 141 ആണ് കേരളത്തില്‍. ശിവശങ്കറിന്റേ ഫോട്ടോ എടുക്കുന്ന പത്രക്കാര്‍ക്ക് എന്ത് 141. അങ്ങനെ ചാഞ്ഞും ചരിഞ്ഞും വീഡിയോ എടുക്കുന്ന സമയത്താണ് പിന്നില്‍ നിന്നും ആക്രമണമുണ്ടായത്. തള്ളി മാറ്റുകയും മാറിനില്‍ക്കെടാ എന്ന് ആക്രോശിച്ച് ആഞ്ഞടിക്കുകയും ചെയ്തു. സ്വപ്നയുടെ ഗുണ്ടയാണോയെന്നാണ് പലരും കരുതിയത്. പത്രക്കാര്‍ക്ക് എന്ത് സ്വപ്ന എന്ത് ഗുണ്ട. അവരുണ്ടോ അനുസരിക്കുന്നു അവര്‍ അയാളെ തള്ളിമാറ്റി വീഡിയോയും ഫോട്ടോയുമെടുത്തു.
ശിവശങ്കരനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയപ്പോള്‍ പത്രക്കാര്‍ ഉണര്‍ന്നു. സ്വപ്നയുടെ ഗണ്ടയല്ല ആശുപത്രി ജീവനക്കാരനാണ് തല്ലിയതെന്ന് മനസിലാക്കി. വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരേയാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചതെന്ന് ആരോപിച്ച് അവര്‍ പ്രശ്‌നമുണ്ടാക്കി. അവസാനം മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചത് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍ കിരണ്‍ ആണെന്ന് കണ്ടെത്തി. പത്രപ്രവര്‍ത്തകര്‍ ഇളകിയതോടെ കിരണിനെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. വനിതകളുള്‍പ്പെടെ പരിക്കേറ്റ അഞ്ചു മാധ്യമ പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടി.
അതേസമയം പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയുമിറക്കി. ആ പ്രസ്താവന ഇങ്ങനെയാണ്. പിആര്‍എസ് ആശുപത്രിക്കു മുമ്പില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരായ കേസില്‍ പ്രതിക്ക് ശിക്ഷ ഉറപ്പാക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എം ശിവശങ്കറിനെ ആംബുലന്‍സിലേയ്ക്ക് മാറ്റുന്ന ചിത്രമെടുക്കുമ്പോഴാണ് ഒരു പ്രകോപനവുമില്ലാതെ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. അപ്രതീക്ഷിത ആക്രമണം ആയിരുന്നതിനാല്‍ പ്രതിരോധിക്കാന്‍പോലുമായില്ല. മൂന്ന് വിലപിടിപ്പുള്ള ക്യാമറകള്‍ക്ക് കേടു വരുത്തി. അതിന് ഇയാളില്‍നിന്ന് നഷ്ടപരിഹാരം ഇടാക്കണം. ഡിജിപി യും സിറ്റി പൊലീസ് കമ്മീഷണറും ഡിസിപിയും ഉടന്‍ ഇടപെട്ട് പ്രതിയെ അറസ്റ്റ് ചെയ്തു. ഡി സി പി സ്റ്റുവര്‍ട്ട് കീലര്‍ ആശുപത്രിയില്‍ എത്തി മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം സംഭവം ആവര്‍ത്തിക്കിക്കാതിരിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്നും ജാഗ്രതയുണ്ടാകണമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലവും സെക്രട്ടറി ബി അഭിജിത്തും ആവശ്യപ്പെട്ടു.
എന്തായാലും പത്രക്കാരുടെമേല്‍ കൈവച്ച സ്വപ്നയുടെ ഗുണ്ടയെന്ന് കരുതിയ ആശുപത്രി ജീവനക്കാരനെ പൊക്കിയതോടെ പത്രക്കാരും ഹാപ്പിയായി. ശിവശങ്കറാകട്ടെ മെഡിക്കല്‍ കോളേജിലുമായി. ശിവശങ്കറിന് ഹൃദയസംബന്ധമായ തകരാറില്ലെന്ന് ആന്‍ജിയോഗ്രാം പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. നട്ടെല്ലിലെ വേദനയ്ക്ക് നടത്തിയ പരിശോധനയില്‍ ഡിസ്‌കിന് തകരാര്‍ കണ്ടു. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി ഓര്‍ത്തോ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ ന്യൂറോ വിഭാഗത്തിന്റെ പരിശോധനയില്‍ ശിവശങ്കറിന് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. ആരോഗ്യനില തൃപ്തികരമാണ്. തുടര്‍ചികിത്സയ്ക്കായി ന്യൂറോ, ഹൃദ്‌റോഗ വിഭാഗം ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. എന്തായാലും പിആര്‍എസില്‍ നിന്നിട്ട് ഇനി കാര്യമില്ലെന്ന് മനസിലാക്കി ചാനലുകാര്‍ ഇപ്പോഴുള്ളത് മെഡിക്കല്‍ കോളേജിന് ചുറ്റുമാണ്.
"
https://www.facebook.com/Malayalivartha























