കളിമാറി കാര്യത്തിലേക്ക്... എം. ശിവശങ്കറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ ഐസിയുവിലേക്ക് മാറ്റിയതിനു പിന്നാലെ ചടുല നീക്കങ്ങളുമായി കസ്റ്റസ്; ആശുപത്രിയുടെ ഭാഗത്ത് നിന്നും അനാവശ്യ ഇടപെടലുകളുണ്ടായി ഡിസ്ചാര്‍ജ് വൈകിപ്പിക്കാതിരിക്കാന്‍ കസ്റ്റംസ് നീക്കം തുടങ്ങി

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയതോടെ പഴയ ഐഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ മറവി രോഗവും കുത്തിപ്പൊക്കി മാധ്യമ പ്രവര്‍ത്തകര്‍. അതുപോലെ ഈ ഐഎഎസ് ഉദ്യോഗസ്ഥനെ രക്ഷിക്കാതിരിക്കാന്‍ വലിയ നീക്കമാണ് കസ്റ്റംസ് നടത്തുന്നത്. മെഡിക്കല്‍ കോളേജിനെ ഐബി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മാത്രമല്ല ശിവശങ്കറിന് സിആര്‍പിഎഫ് സുരക്ഷ ആവശ്യപ്പെട്ട് കസ്റ്റംസ് അധികൃതര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. സിആര്‍പിഎഫ് ഇന്നു തന്നെ എത്തിയേക്കും. ശിവശങ്കറിനു നല്‍കുന്ന ചികിത്സയുടെയും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയുടെയും വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കണമെന്നു നിര്‍ദേശിച്ചു മെഡിക്കല്‍ കോളജ് അധികൃതര്‍ക്കു കസ്റ്റംസ് കത്തു നല്‍കി. വെളളിയാഴ്ച ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്കും ഇതുപോലെ കത്ത് നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ ഈ റിപ്പോര്‍ട്ട് അനുസരിച്ച് മറ്റ് ഡോക്ടര്‍മാരുടെ വിദഗ്‌ധോപദേശവും കസ്റ്റംസ് സ്വീകരിക്കും.
അതേസമയം നാളെ തിങ്കളാഴ്ച അതി നിര്‍ണായകമാണ്. അറസ്റ്റ് ഭയന്ന് ശിവശങ്കര്‍ നാളെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുമെന്നാണ് സൂചന. ഇതിനെ തുടര്‍ന്ന് അതിനെതിരെ വാദിക്കാന്‍ പ്രത്യേക നിയമവിദഗ്ധരെയും നിയോഗിച്ചു. ഇതോടെ വെളളിയാഴ്ച കസ്റ്റംസ് നടത്തിയത് അറസ്റ്റ് നീക്കം തന്നെയായിരുന്നുവെന്നു വ്യക്തമായി. ചോദ്യം ചെയ്യലിനു കൂട്ടിക്കൊണ്ടുപോകവെയാണ് ശിവശങ്കറെ ദേഹാസ്വാസ്ഥ്യത്തിന്റെ പേരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൃദ്രോഗ ലക്ഷണങ്ങളില്ലെന്ന് ഇന്നലെ ആന്‍ജിയോഗ്രാം പരിശോധനയില്‍ കണ്ടെത്തി. രക്തസമ്മര്‍ദവും സാധാരണ നിലയിലാണ്. എന്നാല്‍ കടുത്ത നടുവേദനയുണ്ടെന്നു ശിവശങ്കര്‍ പറഞ്ഞതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ നട്ടെല്ലിനു നേരിയ പ്രശ്‌നം കണ്ടെത്തി. കൂടുതല്‍ പരിശോധനയ്ക്കു ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെട്ടെങ്കിലും സാങ്കേതികമായ അസൗകര്യം വന്നു. ഇതോടെയാണ് മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അവിടെ ന്യൂറോ പരിശോധനയിലും വ്യക്തമായി. തുടര്‍ന്ന് നട്ടെല്ലിന്റെ പ്രശ്‌നം പരിശോധിക്കാന്‍ ഓര്‍ത്തോ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
കറന്‍സി കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ കസ്റ്റംസ് പിന്തുടരുന്നത്. കഴിഞ്ഞ വര്‍ഷം 1.90 ലക്ഷം ഡോളര്‍ (1.40 കോടി രൂപ) യുഎഇയിലേക്കു കടത്തിയ കേസില്‍ അദ്ദേഹത്തെ സംശയിക്കുന്നതായും വിശദമായി ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കമ്മിഷനായി കിട്ടിയ പണം വിദേശത്തേക്കു കടത്താന്‍ സ്വപ്ന സുരേഷിനു ഡോളറായി മാറ്റിനല്‍കിയതു ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നു തിരുവനന്തപുരത്തെ ഒരു ബാങ്ക് മാനേജര്‍ മൊഴി നല്‍കിയതായാണു സൂചന. സ്വപ്നയ്‌ക്കൊപ്പം ശിവശങ്കര്‍ 6 വിദേശയാത്രകള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. 3 യാത്രയില്‍ സരിത്തും ഒപ്പമുണ്ടായിരുന്നു.
ശിവശങ്കറിനൊപ്പമുള്ള വിദേശയാത്രയില്‍ സ്വപ്ന ഡോളര്‍ അങ്ങോട്ടേക്ക് കടത്തിയിട്ടുണ്ടെന്ന അവരുടെ മൊഴിയാണ് പുതിയ കേസിലേക്ക് നയിച്ചത്. ഈ യാത്രകള്‍ക്ക് ആരുടെയെങ്കിലും അനുവാദമുണ്ടോയെന്നും ഉണ്ടെങ്കില്‍ അവയുടെ രേഖ ഹാജരാക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. ഈ ഘട്ടം മുതലാണ് കേസിന്റെ ഗതിമാറിയത്. യാത്രകള്‍ക്ക് സര്‍ക്കാരില്‍നിന്ന് അനുമതിയുണ്ടെങ്കില്‍ അത് നല്‍കിയവരുടെ മൊഴിയെടുക്കാമെന്ന സ്ഥിതിയുണ്ട്.
ശിവശങ്കറിന്റെ അറസ്റ്റുണ്ടായാല്‍ സംസ്ഥാന സര്‍ക്കാരിന് അത് വലിയ പ്രതിസന്ധിയാകും. തത്കാലം കസ്റ്റംസിന് വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പരിശോധനകള്‍ക്കും മറ്റുമായി കിട്ടുന്ന സമയത്തിനുള്ളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനാകും. ഇതിനെ പൊളിച്ചടുക്കാനാണ് കസ്റ്റംസ് എല്ലാവിധ ഒരുക്കങ്ങളും നടത്തുന്നത്.
https://www.facebook.com/Malayalivartha























