കോവിഡ് മുക്തരായവര്‍ക്ക് ഡിസ്ചാര്ജിനുമുമ്പ് പരിശോധന വേണ്ടെന്ന് വിദഗ്ധ സമിതി

കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നതിനാല്‍ പുതിയ രോഗികളെ കണ്ടെത്താനുള്ള പരിശോധന കൂട്ടണമെന്നും രോഗം സ്ഥിരീകരിച്ചവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുമ്പ് വീണ്ടും പരിശോധന നടത്തേണ്ടതില്ലെന്നും വിദഗ്ധ സമിതിയുടെ ശിപാര്‍ശ. തന്മൂലം കോവിഡ് മുക്തരെ കണ്ടെത്താനുള്ള പരിശോധന ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പറയുന്നു.
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞാല്‍ ആ ആളെ പത്താം ദിവസം ഡിസ്ചാര്‍ജ് ചെയ്യാം. 10 ദിവസം കഴിഞ്ഞാല്‍ രോഗം പടരാനുളള സാധ്യത തീരെ കുറവാണ്. അതുകൊണ്ട് നെഗറ്റീവായെന്ന് കണ്ടെത്താനുള്ള പരിശോധന അനാവശ്യമാണെന്നു സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പറയുന്നു.
ലക്ഷണങ്ങളുള്ളവരുടെ കാര്യത്തില്‍ ലക്ഷണങ്ങള്‍ മാറുന്ന മുറയ്ക്ക് ഡിസ്ചാര്‍ജ് ചെയ്യാം. അവര്‍ക്കും പരിശോധന വേണ്ട. ഗുരുതരാവസ്ഥയിലുള്ള രോഗിയാണെങ്കിലും ലക്ഷണങ്ങള്‍ മാറിയാല്‍ പരിശോധന നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാം. രോഗമുക്തരായശേഷം ഒരാഴ്ചകൂടി വീടുകളില്‍ തങ്ങാനുള്ള നിര്‍ദേശവും ഇനി വേണ്ടെന്നാണ് സമിതി നിലപാട്. ഇതനുസരിച്ചു ഡിസ്ചാര്‍ജ് നയത്തില്‍ മാറ്റം വരുത്തണമെന്ന് സമിതി ശിപാര്‍ശ ചെയ്തു.
കോവിഡ് നെഗറ്റീവ് ആയോ എന്നറിയാനുള്ള പരിശോധന സംസ്ഥാനത്ത് ഒരു ദിവസം 5,000 ത്തിനു മുകളില്‍ പേര്‍ക്ക് നടത്തുന്നുണ്ട്. ഈ പരിശോധന കൂടി പുതിയ രോഗികളെ കണ്ടെത്താന്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഓഗസ്റ്റില്‍ വിദഗ്ധ സമിതി ഈ നിര്‍ദേശം നല്‍കിയെങ്കിലും ഡിസ്ചാര്‍ജിനായുള്ള പി.സി.ആര്. പരിശോധന ഒഴിവാക്കി ആന്റിജന്‍ പരിശോധന ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.
https://www.facebook.com/Malayalivartha