ഡബ്യുസിസി അവര്‍ക്ക് ഇഷ്ടപ്പെട്ട ആളുകള്‍ക്ക് നേരെയുള്ള പല ആരോപണങ്ങളും അവര്‍ മൂടിവയ്ക്കുന്നു... മാര്‍ക്കറ്റുള്ള നടന്‍മാര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ വരുന്ന കാര്യങ്ങള്‍ മാത്രം പുറത്ത് പറഞ്ഞാല്‍ പോരല്ലോ? പുറത്തുവരുമ്പോള്‍ എല്ലാവരുടെ കാര്യങ്ങളും പുറത്തുവരണമല്ലോ? ഡബ്ല്യുസിസിക്കെതിരെ തുറന്ന പോരിൽ ഭാഗ്യലക്ഷ്മി

ഡബ്യുസിസിയുടെ നിലപാടുകളെ ചോദ്യം ചെയ്യുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയായേക്കാവുന്ന പ്രതികരണമാണ് ഭാഗ്യലക്ഷ്മി നടത്തിയിരിക്കുന്നത്. എനിക്ക് ഒരു സംഘടനയുടെ ആവശ്യമില്ല. നേരത്തെ ഞാന്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്കായി ഒരു സംഘടനയുണ്ടാക്കിയിരുന്നു. പിന്നീട് അതില്‍ നിന്ന് പ്രാഥമിക അംഗത്വം വരെ രാജിവച്ചു. എന്നിട്ടും ഞാന്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അതെന്റെ ആത്മവിശ്വാസം കൊണ്ടാണ്. നിലപാടുകള്‍ തുറന്നുപറയുമ്പോള്‍ അവസരം നഷ്ടമാകുമോ എന്ന ആശങ്ക എനിക്കില്ലെന്നും ഭാഗ്യലക്ഷ്മി പറയുകയാണ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായി ഡബ്ല്യുസിസി രൂപംകൊള്ളുന്നത്. ആക്രമണം നേരിട്ട നടിക്ക് അവര്‍ നല്‍കിയ പിന്തുണ പരിധിയില്ലാത്തതാണ്. നടിക്ക് നീതി കിട്ടുന്നതിന് ഏതറ്റം വരെയും പോകുമെന്നും ഡബ്ല്യുസിസി ഭാരവാഹികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ ശക്തമായ നിലപാടുകള്‍ അവര്‍ എടുക്കുകയും ചെയ്തിരുന്നു. സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുക, മാന്യമായി ജോലി ചെയ്യാനുള്ള പരിസരം ഒരുക്കുക, വേതന കാര്യത്തില്‍ തുല്യത ഉറപ്പാക്കുക. തുടങ്ങി പ്രസക്തമായ ഒട്ടേറെ ആവശ്യങ്ങളാണ് ഡബ്ല്യുസിസി നേതൃത്വങ്ങള്‍ മുന്നോട്ട് വച്ചിരുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൂട്ടായ്മ രൂപം കൊള്ളുന്നതെങ്കിലും സംഘടനാ ചട്ടക്കൂടിലേക്ക് അവര്‍ എത്തിയിട്ടില്ല. ഇക്കാര്യം ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ തുടര്‍ന്നുള്ള സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മീഷനെ നിയോഗിച്ചത്. ജോലി സ്ഥലത്ത് സിനിമാ രംഗത്തുള്ള വനിതകള്‍ നേരിടുന്ന പ്രതിസന്ധികള്‍ പഠിച്ച് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. പല പ്രമുഖരെയും കുറിച്ചുള്ള വിവരങ്ങള്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട് എന്നാണ് പറയപ്പെടുന്നത്. ഭാഗ്യലക്ഷ്മി ഡബ്ല്യുസിസിയില്‍ അംഗമല്ല. ഞാന്‍ ആ കൂട്ടായ്മയില്‍ ഇല്ലാത്തതു കൊണ്ട് അഭിപ്രായം പറഞ്ഞാല്‍ അസൂയയാണെന്ന് പ്രതികരണമുണ്ടാകും.
പലപ്പോഴും പറയണമെന്ന് തോന്നിയ കാര്യങ്ങള്‍ പോലും ഞാന്‍ പറഞ്ഞിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. ജനാധിപത്യ രാജ്യമായതുകൊണ്ടുതന്നെ ഏതൊരു വ്യക്തിക്കും സംഘടനകള്‍ക്കുമെതിരെ വിമര്‍ശനം ഉയരണമല്ലോ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഡബ്യൂസിസി രൂപംകൊണ്ട സമയം ഞാന്‍ ഏറെ സന്തോഷിച്ചിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഒരു കൂട്ടായ്മ വരിക എന്നത് നല്ല കാര്യമാണ്. ഒരുപാട് സ്ത്രീകള്‍ക്ക് ധൈര്യം പകരുന്ന ഒരു കൂട്ടായ്മയാകുമെണ് എന്ന് ഞാന്‍ കരുതി. കാലക്രമേണ അത് രജിസ്റ്റര്‍ ചെയ്ത് ഒരു സംഘടനയായി മാറുമെന്നും ഞാന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തോളമായി. ഇപ്പോഴും ഡബ്ല്യുസിസി കൂട്ടായ്മയായി തന്നെ നിലനില്‍ക്കുന്നു.
അവര്‍ക്ക് ഇഷ്ടപ്പെട്ട ആളുകള്‍ക്ക് നേരെയുള്ള പല ആരോപണങ്ങളും അവര്‍ മൂടിവയ്ക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. മാര്‍ക്കറ്റുള്ള നടന്‍മാര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ വരുന്ന കാര്യങ്ങള്‍ മാത്രം പുറത്ത് പറഞ്ഞാല്‍ പോരല്ലോ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. പുറത്തുവരുമ്പോള്‍ എല്ലാവരുടെ കാര്യങ്ങളും പുറത്തുവരണമല്ലോ. അവരുടെ പ്രതികരണത്തില്‍ എനിക്ക് അനുഭവപ്പെട്ട കാര്യമാണ് ഞാന്‍ പറയുന്നത്. ചിലര്‍ക്ക് നേരെ വരുന്ന ആരോപണത്തില്‍ പ്രതികരിക്കുകയും ചിലര്‍ക്ക് നേരെ വരുന്നതില്‍ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന നിലപാടില്ലായ്മ ഡബ്ല്യുസിസിക്കുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























