കൊയിലാണ്ടി പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറി ഇടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം
കൊയിലാണ്ടി പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറി ഇടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ട് മണി കഴിഞ്ഞതോടെയാണ് സംഭവം നടന്നത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട കാറിലാണ് ലോറി ഇടിച്ചത്. സ്ത്രീകളും കുട്ടികളുമെല്ലാം അടങ്ങുന്ന യാത്രക്കാര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നുവെന്നും അപ്പോഴാണ് ലോറി പിറകില്‍ വന്ന് ഇടിച്ചതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
അതേസമയം ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്ത 68-കാരന് ചികിത്സയിലിരിക്കെ മരിച്ചു.തൃശ്ശൂര്‍ കരുവന്നൂര്‍ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്.
ഏപ്രില്‍ രണ്ടാംതീയതിയാണ് പവിത്രനെ ബസ്സില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടത്. പിന്നാലെ റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു.
തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ശാസ്താ' ബസിലെ കണ്ടക്ടറായ രതീഷാണ് പവിത്രനെ ബസില്‍നിന്ന് തള്ളിയിട്ടത്. ചില്ലറയെ ചൊല്ലി ബസില്‍വെച്ച് കണ്ടക്ടറും യാത്രക്കാരനായ പവിത്രനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല.
പിന്നീട് തൊട്ടടുത്ത സ്റ്റോപ്പില്‍ പവിത്രനെ ഇറക്കാനായി ബസ് നിര്‍ത്തിയപ്പോഴാണ് കണ്ടക്ടര്‍ ഇദ്ദേഹത്തെ ബസില്‍ നിന്ന് തള്ളിയിട്ടത്. വീണുകിടന്ന പവിത്രനെ കണ്ടക്ടര്‍ പിന്നാലെയെത്തി മര്‍ദിച്ചതായും പരാതിയുണ്ടായിരുന്നു.വീഴ്ചയിലും മര്‍ദനത്തിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പവിത്രനെ ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
https://www.facebook.com/Malayalivartha