സംസ്ഥാനത്ത് കനത്ത മഴ; പൊലിഞ്ഞത് ആറ് ജീവനുകള്‍

സംസ്ഥാനത്ത് മഴയില്‍ പൊലിഞ്ഞത് ആറ് ജീവനുകള്‍. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലായി ആറ് പേരാണ് മരിച്ചത്. ഇടുക്കി ഹൈറേഞ്ചില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. ജില്ലയിലെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റും മഴയുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ വൈകിട്ട് ആനച്ചാലില്‍ ഉരുള്‍പൊട്ടി. മൂന്നുവീടുകളിലേക്ക് കല്ലും മണ്ണും കുത്തിയൊലിച്ചെങ്കിലും ജീവനാശമുണ്ടായില്ല . മൂന്നാറിലുണ്ടായ കനത്ത മഴയില്‍ ദേശീയ പാതയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിലായി.
ഹൈറേഞ്ചിലൂടെയുള്ള രാത്രി സമയത്തെ യാത്രകള്‍ക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. അപകടസാധ്യത കണക്കിലെടുത്ത് ആനച്ചാലില്‍ റിസോര്‍ട്ട് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. അപകടഭീഷണി നേരിടുന്ന പ്രദേശത്തെ ആളുകളെ ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തില്‍ മാറ്റിപ്പാര്‍പ്പിച്ചു. മൂന്നാര്‍, കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ ചിലയിടങ്ങളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഹൈറേഞ്ച് മേഖലയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
പല വീടുകളുടെയും മേല്‍ക്കൂരകള്‍ തകരുകയും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഉരുള്‍പ്പൊട്ടല്‍ ഭീഷണി നേരിടുന്ന താലൂക്കുകളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മഴ കനത്തതിനെതുടര്‍ന്ന് കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. വിവിധ സ്ഥലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജില്ലയിലുണ്ടായ കൃഷിനാശത്തിന്റെ കണക്കുകള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.
https://www.facebook.com/Malayalivartha























