അമ്മയുടെ കണ്‍മുന്നില്‍ വച്ച് മേല്‍ക്കൂരയോടൊപ്പം പിഞ്ചോമന തൊട്ടിലോടെ പറന്നുപോയി, ഒടുവില്‍...

ഇന്നലെ വൈകുന്നേരം പെയ്ത മഴയ്‌ക്കൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂരയോടൊപ്പം പറന്നു പോയ തൊട്ടിലിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. വെങ്ങാനൂര്‍ സ്റ്റേഡിയത്തിനു സമീപം ചരുവിളയില്‍ കുമാര്‍ ഷീബ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള മകന്‍ വിനായകനാണ് രക്ഷപ്പെട്ടത്,.
ഇന്നലെ വൈകിട്ട് അഞ്ചോടെ അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ ഷീറ്റ് മേഞ്ഞ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും പറന്നു പൊങ്ങി, ഇതിനിടെയാണ് മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന തൊട്ടിലും പറന്നത്. ഈ സമയം വിനായകനാകട്ടെ തൊട്ടിലില്‍ സുഖമായി കിടന്നുറങ്ങുകയായിരുന്നു. പറന്നു പോയ മേല്‍ക്കൂര വീട്ടിനോട് ചേര്‍ന്ന തെങ്ങില്‍ തട്ടി നിന്നതിനാല്‍ ദുരന്തം ഒഴിവായി. അമ്മ ഷീബയുടെ കണ്‍മുന്നിലായിരുന്നു സംഭവം.
മറ്റ് രണ്ടു മക്കളും അപ്പോള്‍ വീട്ടിലുണ്ടായിരുന്നു. കുഞ്ഞുമായി തൊട്ടില്‍ പറക്കുന്നത് കണ്ടപ്പോള്‍ എന്തെന്നറിയാതെ ഷീബ അമ്പരന്നു. പെട്ടെന്നു മനസാന്നിധ്യം വീണ്ടെടുത്ത്. ഏണി ചാരി, തെങ്ങില്‍ തട്ടിക്കിടന്ന തൊട്ടിലില്‍ നിന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു
ഉടന്‍ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് പരിക്കോ മറ്റ് കുഴപ്പങ്ങളോ ഇല്ലെന്ന് ഡോക്ടര്‍ അറിയിച്ചു. മേല്‍ക്കൂരയിലെ ഫാനിനും ട്യൂബ് ലൈറ്റുകള്‍ക്കുമൊപ്പമാണ് തൊട്ടില്‍ പറന്നത്.
https://www.facebook.com/Malayalivartha























