രാമപുരത്തുകാർക്കും വേണം ചങ്ക് ബസിനെ; ചങ്ക് ബസിനായി വിദ്യാർത്ഥികളുടെ ഒരു അപേക്ഷ കൂടി

ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും ഒരു ബസ് ആലുവയിലേക്ക് മാറ്റിയപ്പോൾ അതിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാർഥിനിയുടെ അപേക്ഷ കണക്കിലെടുത്ത് ഈ ബസിനെ തിരികെ എത്തിച്ചിരുന്നു. പിന്നീട് ഈ ബസിന് "ചങ്ക് ബസ്" എന്ന് പേരും നൽകിയിരുന്നു.
ഇപ്പോഴിതാ സമാന ആവശ്യവുമായി എത്തിയിരിക്കുകയാണ് പാലായിലെ ഒരു കൂട്ടം വിദ്യാർത്ഥിനികൾ തച്ചങ്കരിക്ക് എഴുതിയ കത്തിലാണ് കുട്ടികൾ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നിർത്തലാക്കിയ രാമപുരം സ്റ്റേ ബസ് സർവീസ് പുനരാരംഭിക്കണമെന്നാണ് കുട്ടികളുടെ ആവശ്യം.
തങ്ങളുടെ നാടിന്റെ ചങ്കാണ് ഈ കെ എസ് ആർ ടി സി ബസെന്നും രക്ഷിതാക്കളിൽ പലരും രാവിലെ ആറു മണിക്ക് ജോലിക്കായി പാലായിലേക്ക് പോകുന്നതും രാത്രി ഒമ്പതരയോടെ വീട്ടിലെത്തുന്നതും ഈ ബസിലാണെന്നും കത്തിൽ കുട്ടികൾ വ്യക്തമാക്കുന്നു. ഒരു ചേച്ചി ആവശ്യപ്പെട്ടപ്പോൾ ചങ്ക് ബസ് തിരികെ നൽ കിയ തച്ചങ്കരി സാർ തങ്ങളുടെ അപേക്ഷയും പരിഗണിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്.
യുകെജി വിദ്യാർത്ഥികൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ 300 ഓളം കുട്ടികൾ ; ഒപ്പിട്ട ഹർജിയാണ് നല്കിയിരിക്കുന്നത്. പതിറ്റാണ്ടുകളായി രാത്രി 9.20ന് ഏഴാച്ചേരി വഴിയും 9.30ന് ചക്കാമ്പുഴ വഴിയും രാമപുരത്തേക്ക് നടത്തിയിരുന്ന സ്റ്റേ ബസുകൾ കെ എസ് ആർ ടി സി ഒറ്റയടിക്ക് നിർത്തലാക്കിയിരുന്നു. പുലർച്ചെ 5.30ന് ചക്കാമ്പുഴ വഴിയും 6.00ന് ഏഴാച്ചേരി വഴിയും പുറപ്പെടുന്ന ആദ്യ സർവീസ് കൂടിയാണിത്. ഇത് നിർത്തലാക്കിയതോടെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലായി. ഇതോടെയാണ് തച്ചങ്കരിക്ക് അപേക്ഷ നല്കിയത്.
രാമപുരം റൂട്ടിലെ നിരവധി സർവീസുകൾ അടുത്തിടെ നിർത്തലാക്കിയിരുന്നു. സ്വകാര്യ ബസ് ഉടമകളും കെ എസ് ആർ ടി സി യിലെ തൊഴിലാളി നേതാവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിട്ടാണ് ഇതെന്ന് ആരോപണം ഉണ്ട്. നല്ല വരുമാനമുള്ള സർവീസുകൾ വെട്ടിച്ചുരുക്കുമ്പോഴും തൊഴിലാളി നേതാവിന്റെ വീടിനു മുന്നിലൂടെ ഓടുന്ന വരുമാനമില്ലാത്ത സർവീസ് ഇപ്പോഴും തുടരുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
https://www.facebook.com/Malayalivartha























