രാജ്യസഭാ സീറ്റ് വിവാദം കുത്തിക്കെടുത്താന്‍ നേതൃമാറ്റ മുറവിളി കോണ്‍ഗ്രസില്‍ ഉയരുന്നു. മറുമരുന്ന് ചികിത്സഫലിക്കില്ല, ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയില്ലെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം കപ്പടിക്കും

രാജ്യസഭാ സീറ്റ് കലാപം കോണ്‍ഗ്രസില്‍ അടങ്ങുന്നില്ല. നേതാക്കന്‍മാര്‍ക്കെതിരെ നാട്ടിലും സോഷ്യല്‍മീഡിയയിലും തുടരുന്ന പ്രതിഷേധം എങ്ങനെ നിയന്ത്രിക്കുമെന്ന് അറിയാതെ പകച്ച് പോയി മുതിര്‍ന്ന നേതാക്കള്‍. അടുത്തകാലം വരെ സി.പി.എമ്മിനെതിരെ ഒറ്റക്കെട്ടായി നിന്ന നേതാക്കളും പ്രവര്‍ത്തകരും ഒരൊറ്റ തീരുമാനം കൊണ്ട് നാല് വഴിക്കായി. പരസ്പ്പരം പോരടിച്ചിരുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൈകോര്‍ത്താണ് കോണ്‍ഗ്രസിനെ ഈ അരക്കില്ലത്തിലെത്തിച്ചത്. എന്നിട്ട് ചെന്നിത്തല നൈസായിട്ട് കണ്ടം വഴി ഓടി പി.ജെ കുര്യന്റെ കാലില്‍ വീണ്, മീശമാധവനിലെ ജഗതി പറയും പോലെ... കുര്യന്‍ സാര്‍ ക്ഷമിക്കണമെന്ന് (പുരുഷു എന്നെ അനുഗ്രഹിക്കണം) പറഞ്ഞെങ്കിലും അദ്ദേഹം പത്രസമ്മേളനത്തില്‍ ആഞ്ഞടിച്ചു.
കുര്യന്റെ വെണ്ണിക്കുളത്തെ വീട്ടില്‍ നിന്ന് തലസ്ഥാനത്തെത്തിയപ്പോഴേക്കും അഡാറ് പണി കുര്യന്‍ സാര്‍ സമ്മാനിച്ചെന്ന് അറിഞ്ഞ് ചെന്നിത്തല പത്രക്കുറിപ്പിറക്കി. രാജ്യസഭാ സീറ്റ് തീരുമാനിച്ചത് ഉമ്മന്‍ചാണ്ടി മാത്രമല്ല, ഞാനും എം.എം ഹസനും കൂടിയാണ്. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ട്രോളി... 'അല്ല അറിയാമേലാഞ്ഞ് ചോദിക്കുവാ... ഇയാള് ഏത് വള്ളത്തിലാ... കാല് വച്ചിരിക്കുന്നത്'. കുര്യന്‍ സാര്‍ രാജ്യസഭയില്‍ വരണം, ഡെപ്യൂട്ടി ചെയര്‍മാനാകണം- എന്ന് അങ്ങോട്ട് ചെന്ന് ആവശ്യപ്പെട്ടയാളാണ് ചെന്നിത്തല. എന്നിട്ടാണ് ഡല്‍ഹിയില്‍ ചെന്ന് കുര്യനെ തേച്ചത്. അതിനെ ന്യായീകരിക്കാന്‍ നടത്തുന്ന തള്ളുകള്‍ അണികള്‍ക്കും സാധാരണ പ്രവര്‍ത്തകര്‍ക്കും ഇതുവരെ ദഹിച്ചിട്ടില്ല.
രാജ്യസഭാസീറ്റ് കേരളാകോണ്‍ഗ്രസിന് സ്വര്‍ണത്തളികയില്‍ വെച്ച് കൊടുത്ത ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഹസനുമൊന്നും സാധാരണ പ്രവര്‍ത്തകരുടെയും അണികളുടെയും വായിലിരിക്കുന്ന ഭരണിപ്പാട്ട് കേള്‍ക്കേണ്ട. അത് കേട്ട് കണ്ടം വഴി ഓടി മറിഞ്ഞ് വീഴുകയാണ് പഞ്ചായത്ത് അംഗങ്ങളായ കോണ്‍ഗ്രസുകാരും മണ്ഡലം, ബൂത്ത് പ്രസിഡന്റ്മാരും. അവരുടെ സങ്കടങ്ങള്‍ ആര് കേള്‍ക്കാള്‍? ചായക്കോപ്പയിലെ കൊടുംങ്കാറ്റ് പോലെ എല്ലാം കെട്ടടങ്ങുമെന്നാണ് നേതൃത്വം ഇവരോട് പറയുന്നത്. അതങ്ങ് മാവിലായി ചെന്ന് പറഞ്ഞാമതിയെന്ന അവസ്ഥയാണ് സംസ്ഥാനത്തുടനീളമുള്ളത്. സീറ്റ് തര്‍ക്കം നേതൃമാറ്റ മുറവിളിക്കും വഴിതുറന്നിട്ടിരിക്കുകയാണ്.
അതേസമയം രാജ്യസഭാ സീറ്റ് വിവാദം കുത്തിക്കെടുത്താനാണ് നേതൃമാറ്റം വേണമെന്ന മുറവിളി ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്നും ആക്ഷേപമുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി അധ്യക്ഷനാക്കാന്‍ രാഹുല്‍ഗാന്ധി ഏതാണ്ട് തീരുമാനിച്ച് ഉറപ്പിച്ച ലക്ഷണമാണ്. അത് അറിഞ്ഞിട്ടാണ് ഇന്ന് ഇന്ദിരാഭവനില്‍ അദ്ദേഹത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് അറിയുന്നു. ഉമ്മന്‍ചാണ്ടിയെ ആന്ധ്രയിലേക്ക് കെട്ട്‌കെട്ടിച്ചത് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫാന്‍സ് അസോസിയേഷനായ ഐ ഗ്രൂപ്പിന് തീരെ പിടിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയെ കെ.പി.സി.സി പ്രസിഡന്റോ, പ്രതിപക്ഷനേതാവോ ആക്കണമെന്നാണ് പങ്കകളുടെ (ഫാന്‍സ്) ആവശ്യം.
ഇങ്ങനെ അധികാര കസേരകള്‍ മൂലം കലഹംപലവിധം കോണ്‍ഗ്രസില്‍ അരങ്ങേറുകയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 16 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് അധ്യക്ഷന്‍ വിളമ്പരം ചെയ്തത്. അതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും പാര്‍ട്ടിയെ ബൂത്ത് തലംമുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന് പകരം നേതാക്കള്‍ വീതംവെപ്പ് രാഷ്ട്രീയം നടത്തി അണികളെയും പ്രവര്‍ത്തകരെയും അകറ്റി നിര്‍ത്തുകയാണ്.
https://www.facebook.com/Malayalivartha























