1991 മുതല്‍ തുടങ്ങിയതാണ് ഉമ്മന്‍ചാണ്ടി പി.ജെ കുര്യന്‍ പോര്. ഡല്‍ഹി രാഷ്ട്രീയ തട്ടകമാക്കിയ കുര്യനെ തളയ്ക്കാന്‍ ഉമ്മന്‍ചാണ്ടിക്കായിരുന്നില്ല. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയായതോടെ കുര്യന്‍ പടര്‍ന്ന് പന്തലിച്ച് രാഷട്രീയ വടവൃക്ഷമായി. എന്നാല്‍ ഒറ്റ നീക്കത്തിലൂടെ കുര്യന്റെ വേരറുത്തു, ചാണ്ടിയുടെ ചാണക്യരാഷ്ട്രീയ കുടിലതന്ത്രം!

രാജ്യസഭാസീറ്റ് ഉണ്ടാക്കിയ കോലാഹലം കെട്ടടങ്ങിയില്ലെങ്കിലും എന്തിനാണ് ഉമ്മന്‍ചാണ്ടി കുര്യനെ വെട്ടിയതെന്ന ചോദ്യത്തിനുത്തരം ഇതുവരെ പൊതുസമൂഹത്തിന് മനസിലായിട്ടില്ല. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത മോദി സര്‍ക്കാരിനെ നേരിടാന്‍ പി.ജെ കുര്യനെ പോലെ തഴക്കവും പഴക്കവുമുള്ള നേതാവിനെ തന്നെ വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനറിയാം. അതുകൊണ്ടാണ് കുര്യനെ ഹൈക്കമാന്‍ഡ് രാജ്യസഭാ ഉപാധ്യക്ഷനാക്കാന്‍ തീരുമാനിച്ചത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഷാനവാസ് ഖാനായിരുന്നു രാജ്യസഭാ ഡെപ്യൂട്ടി ചീഫ്. അദ്ദേഹത്തെ ഹൈക്കമാന്‍ഡ് മന്ത്രിയാക്കിയപ്പോള്‍ പകരക്കാരനായി കുര്യന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിനും അത് സമ്മതമായിരുന്നു. അക്കാര്യം അദ്ദേഹം കുര്യനോട് നേരിട്ട് പറയുകയും ചെയ്തു. അങ്ങനെ 2012 ആഗസ്റ്റില്‍ കുര്യന്‍ രാജ്യസഭയിലെ കാര്യക്കാരനായി.
1980 മുതല്‍ ഡല്‍ഹി തട്ടകമാക്കി പ്രവര്‍ത്തിക്കുന്ന കുര്യന്‍ കേരള രാഷ്ട്രീയത്തിലേക്ക് ഇക്കാലമത്രയും തിരിഞ്ഞുനോക്കിയില്ല. എന്നിട്ടും ഉമ്മന്‍ചാണ്ടിക്ക് തന്നോട് വിരോധം തോന്നാന്‍ കാരണമെന്തെന്ന് അറിയില്ലെന്ന് കുര്യന്‍ പറയുന്നു. 1991ല്‍ രാജീവ്ഗാന്ധി പി.ജെ കുര്യനെ ലോക്‌സഭയില്‍ ചീഫ് വിപ്പാക്കി. അതിന് തടയിടാന്‍ ഉമ്മന്‍ചാണ്ടി ആന്റണിയെ ചട്ടംകെട്ടി. കുര്യനെ പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ആക്കി ഒതുക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അജണ്ട. ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ആന്റണി ഇക്കാര്യം കുര്യനോട് പറഞ്ഞു. നീന്താന്‍ തുടങ്ങുന്ന തന്റെ കാലില്‍ കല്ലുകെട്ടിയിടരുതെന്ന് കുര്യന്‍ പറഞ്ഞതോടെ ആന്റണി പിന്‍മാറി. കുര്യന്‍ തനിക്ക്‌മേലെ വളര്‍ന്ന് പടര്‍ന്ന് പന്തലിക്കുമോ എന്ന് ഉമ്മന്‍ചാണ്ടി അന്നേ ഭയന്നിരുന്നു.
പിന്നീടാണ് കുര്യനെതിരെ സൂര്യനെല്ലി കേസ് വിവാദം വരുന്നത്. അന്ന് ഗ്രൂപ്പ് ഭേദമന്യേ പലരും കുര്യനെ വളഞ്ഞാക്രമിക്കാന്‍ ശ്രമിച്ചു. കുര്യനും താനുമായി ഒരു പ്രശ്‌നവുമില്ലെന്നും രാഷ്ട്രീയമായി അദ്ദേഹത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ കൂട്ടത്തില്‍ വേറെ ചില കാര്യങ്ങളിലും സഹായം ചെയ്തിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിന്റെ ധ്വനി ഇതാണ്. അതുകൊണ്ട് വേറെ ചില സഹായങ്ങള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് പി.ജെ കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. അതിന് ഉമ്മന്‍ചാണ്ടി വ്യക്തമാ മറുപടി നല്‍കിയിട്ടില്ല. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായതോടെ ഇന്ദ്രപ്രസ്ഥത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പി.ജെ കുര്യനും പ്രധാനിയായി. കേരളത്തിലെ നേതാക്കളെയൊന്നും അദ്ദേഹമങ്ങനെ വകവെച്ചില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായ ജോസഫ് എം. പുതുശേരിയെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പി.ജെ കുര്യന്‍ ആദ്യം രംഗത്തെത്തി. സോളാറും ബാര്‍ക്കോഴയും അടക്കമുള്ള വിവാദങ്ങളില്‍ യു.ഡി.എഫ് നനഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു. ഓര്‍ത്തഡോക്‌സ് സഭയുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങളൊക്കെ സഭക്കാരനായ പുതുശേരിയെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ ഒരുവിധം പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടിക്കായിരുന്നു. കെ.എം മാണിയുടെ സമ്മതത്തോടെയായിരുന്നു അത്. എന്നാല്‍ തന്റെ സഭയായ മാര്‍ത്തോമയ്ക്ക് വേണ്ടി കുര്യന്‍ വേറെ ലെവലില്‍ ഒരു കളികളിച്ചു. കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാജു പുളിംപള്ളില്‍ വിമതനായി മല്‍സരിക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. പി.ജെ. കുര്യന്റെയും കേരളകോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം വിക്ടര്‍ ടി. തോമസിന്റെയും പിന്തുണയോടെയാണ് രാജു രംഗത്തത്തെിയത്. അപകടം മണത്ത ഉമ്മന്‍ചാണ്ടി ആന്റണിയെയും കെ.എം മാണിയെയും കളത്തിലിറക്കി പി.ജെ കുര്യനെ അനുനയിപ്പിച്ചു.
അങ്ങനെ പുതുശേരിയെ മാറ്റണമെന്ന് ആവശ്യത്തില്‍ പി.ജെ. കുര്യന്‍ പിന്‍മാറി. തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി പി.ജെ കുര്യനുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമവായത്തിലെത്തിയത്. മാണി മുന്നോട്ട് വച്ച സമവായ ഫോര്‍മുല കുര്യനും അംഗീകരിക്കുകയായിരുന്നു. എന്താണ് സമവായ ഫോര്‍മുല എന്ന് വെളിപ്പെടുത്താന്‍ നേതാക്കള്‍ തയാറായില്ല. സമവായം ഉണ്ടാക്കിയെന്ന് പറഞ്ഞിറങ്ങിയ ശേഷം കുര്യന്‍ തന്റെ സഭയായ മാര്‍ത്തോമ വഴിയുള്ള സ്വാധീനം ഉപയോഗിച്ച് പുതുശേരിയെ തോല്‍പ്പിച്ച് പുളിശേരി കുടിപ്പിച്ച് കിടത്തി. പക്ഷെ, പണി കിട്ടിയത് ഉമ്മന്‍ചാണ്ടിക്കും. ഓര്‍ത്തോക്‌സ് സഭയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി പുതുശേരിയെ തോല്‍പ്പിച്ചതെന്ന് സഭാ നേതൃത്വം തെറ്റിദ്ധരിച്ചു. ആ ധാരണ ഇതുവരെ തിരുത്തിയിട്ടില്ല. പക്ഷെ, കുര്യന് പണി പകരം കൊടുക്കാന്‍ ഉമ്മന്‍ചാണ്ടി കാത്തിരുന്നു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പേ ഉമ്മന്‍ചാണ്ടി കുര്യനെ വെട്ടാന്‍ വാള്‍ രാകിമിനുക്കിയിരുന്നു. അതിനായി കുഞ്ഞാലിക്കുട്ടിയെ ആദ്യം കളത്തിലിറക്കി. ഡല്‍ഹിയില്‍ ജോസ് കെ.മാണിയും രാഹുല്‍ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കുഞ്ഞാലിക്കുട്ടി വഴിയൊരുക്കി. അതിനും മുമ്പ് രാജ്യസഭാ സീറ്റ് തരാമെന്ന് കെ.എം മാണിയോട് ഉമ്മന്‍ചാണ്ടി അങ്ങോട്ട് പറഞ്ഞു. എന്നിട്ട് രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ കേരളാ കോണ്‍ഗ്രസ് യു.ഡി.എഫില്‍ നിര്‍ണായകമാണെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത ഉറപ്പിക്കാന്‍ അവരും വേണമെന്നും അതിന് രാജ്യസഭാ സീറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ യുവ നേതാക്കളുടെ ആരുടെയെങ്കിലും പേര് നിര്‍ദ്ദേശിച്ചാല്‍ ഹൈക്കമാന്‍ഡ് വെട്ടിനിരത്തുമെന്ന് അറിയാവുന്ന ഉമ്മന്‍ചാണ്ടി വിത്തെടുത്ത് കുത്തി. അത് ചെന്ന് കൊണ്ടത് ചെന്നിത്തലയുടെ ചെന്നിക്കും എം.എം. ഹസന്റെ കസേരയുടെ നട്ടിനും ബോള്‍ട്ടിനും പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇമേജിലും. തൊടുക്കുമ്പോള്‍ ഒന്ന് പതിക്കുമ്പോള്‍ പല വഴി, അതാണ് ചാണ്ടിയുടെ ചാണക്യരാഷ്ട്രീയ കുടിലതന്ത്രം!
https://www.facebook.com/Malayalivartha























