ഐ.പി.എല്‍ മാതൃകയില്‍ സംസ്ഥാനത്ത് ജലമേളകള്‍ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന ടൂറിസം വകുപ്പ്

ഐ.പി.എല്‍ മാതൃകയില്‍ സംസ്ഥാനത്ത് ജലമേളകള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ഒരുങ്ങുന്നു. ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരം മുതല്‍ കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി മത്സരം വരെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് നടത്താനാണ് ടൂറിസം വകുപ്പ് ഒരുങ്ങുന്നത്.
2018 ആഗസ്ത് 11 മുതല്‍ നവംബര്‍ ഒന്ന് വരെ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്ദ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങള്‍ ഒഴിച്ചുള്ള അഞ്ച് ജില്ലകളിലെ വള്ളംകളികള്‍ ഉള്‍പ്പെടുത്തും.
നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്ന 20 ചുണ്ടന്‍ വള്ളങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഒമ്പത് ചുണ്ടന്‍വള്ളങ്ങളാണ് തുടര്‍ന്നുള്ള ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുക. ജല മഹോത്സവങ്ങളായാണ് ഓരോ പ്രദേശത്തും ലീഗ് മത്സരങ്ങള്‍ നടത്തുക.
ആലപ്പുഴ ജില്ലയിലെ പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, മാവേലിക്കര, കായംകുളം, എറണാകുളം ജില്ലയിലെ പിറവം, പൂത്തോട്ട, തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറം, കോട്ടയം ജില്ലയിലെ താഴത്തങ്ങാടി, കൊല്ലം ജില്ലയിലെ കല്ലട, കൊല്ലം എന്നീ വേദികളിലാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























