വാഹനത്തിന്റെ നിർത്താതെയുള്ള ഹോൺ കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോൾ കണ്ടത് ഡ്രൈവിങ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ ചലനമറ്റിരിക്കുന്ന വ്യാപാരിയെ; ജീവനൊടുക്കേണ്ട സാഹചര്യമില്ലെന്ന് ബന്ധുക്കൾ

റോഡരികില്‍ തീപിടിച്ച നിലയില്‍ കണ്ടെത്തിയ ജീപ്പിനുള്ളില്‍ വ്യാപാരിയെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. പൊന്‍മുടി കോലത്ത് ബേബി മാത്യു (ബേബിച്ചന്‍-52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.30-ന് വെള്ളത്തൂവല്‍- കൊന്നത്തടി റോഡില്‍ സത്യന്‍കടയ്ക്ക് സമീപത്താണ് സംഭവം. പൊന്‍മുടിയിലെ വീട്ടില്‍നിന്ന് ആനച്ചാലില്‍ കെ.എം.ട്രേഡിങ് എന്ന തന്റെ സ്ഥാപനത്തിലേക്ക് പോകുംവഴിയാണ് സംഭവം ഉണ്ടായത്.
വാഹനത്തിന്റെ നിർത്താതെയുള്ള ഹോൺ കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോൾ ജീപ്പിൽ തീപടരുന്നതാണു കണ്ടത്. ചാറ്റൽമഴയുമുണ്ടായിരുന്നു. അയൽവാസികൾ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചു. വാഹനം പരിശോധിച്ചപ്പോഴാണു ഡ്രൈവിങ് സീറ്റിൽ ബേബിച്ചനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
യാത്രയ്ക്കിടെ ജീപ്പിന് തീപിടിച്ചെന്നാണ് പോലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. എന്നാല്‍ ജീപ്പ് റോഡരികില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്ന രീതിയിലായിരുന്നു കിടന്നതെന്ന് പോലീസ് പറയുന്നു. വീട്ടിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വാങ്ങിയ ഇന്ധനം വാഹനത്തില്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. തീപിടിക്കാനുള്ള സാഹചര്യം വ്യക്തമല്ല. ജീവന്‍ ഒടുക്കേണ്ട സാഹചര്യം ഒന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞില്ലെന്ന് വെള്ളത്തൂവല്‍ എസ്.ഐ. ടി.കെ.ആസാദ് പറഞ്ഞു. മൃതദേഹം പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
ഫോറന്‍സിക് വിദഗ്ധര്‍ ചൊവ്വാഴ്ച എത്തിയതിനുശേഷമേ വാഹനം റോഡരികില്‍നിന്ന് മാറ്റൂ. പൊന്‍മുടി കദളിക്കാട്ടില്‍ ആശയാണ് ഭാര്യ. ജോസഫ് ബേബി, അമല്‍ ബേബി എന്നിവര്‍ മക്കളാണ്.
https://www.facebook.com/Malayalivartha























