കെ.എസ്.ഇ.ബിയുടെ റവന്യൂ റിക്കവറി നേരിടുന്നവര്‍ക്കും കോടതി വ്യവഹാരം നടത്തുന്നവര്‍ക്കും വൈദ്യുതി മോഷണത്തിന് നടപടി നേരിടുന്നവര്‍ക്കും ആശ്വാസമായി മന്ത്രി എം.എം മണി

രണ്ടുവര്‍ഷത്തില്‍ കൂടുതലായുള്ള വൈദ്യുതി ചാര്‍ജ് കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് ഉദാരവ്യവസ്ഥയിന്‍മേല്‍ കെ.എസ്.ഇ.ബി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്കും വിവിധ കോടതികളില്‍ വ്യവഹാരം നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. വൈദ്യുതി നിയമം 2003 ന്റെ സെക്ഷന്‍ 126 അനുസരിച്ച് അനധികൃത വൈദ്യുതി ഉപയോഗത്തിന് നടപടി നേരിടുന്നവര്‍ക്കും ഈ പദ്ധതിയില്‍ അപേക്ഷ നല്‍കാവുന്നതാണ്.
എന്നാല്‍ മുന്‍പ് ഇത്തരം പദ്ധതികളില്‍ അപേക്ഷിച്ച് ആനുകൂല്യം പറ്റിയവര്‍ക്കും വൈദ്യുതി നിയമം 2003 ന്റെ സെക്ഷന്‍ 135 അനുസരിച്ച് വൈദ്യുതി മോഷണക്കുറ്റത്തിന്‍മേല്‍ നടപടി നേരിടുന്നവര്‍ക്കും ഈ പദ്ധതിയിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കില്ല.
2018 ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് പദ്ധതിയുടെ കാലാവധി. രണ്ടു മുതല്‍ 5 വര്‍ഷം വരെയുള്ള കുടിശ്ശികകള്‍ക്ക് നിലവിലെ 18 ശതമാനം പലിശയ്ക്ക് പകരമായി 8 ശതമാനവും 5 വര്‍ഷത്തില്‍ കൂടുതലുള്ള കുടിശ്ശികയ്ക്ക് 6 ശതമാനവും പലിശ നല്‍കിയാല്‍ മതിയാകും. പലിശത്തുക 6 തുല്യതവണകളായി അടയ്ക്കാനും വ്യവസ്ഥയുണ്ട്. എന്നാല്‍ പലിശയടക്കമുള്ള കുടിശ്ശികത്തുക ഒരുമിച്ചടയ്ക്കുന്നവര്‍ക്ക് പലിശയിന്‍മേല്‍ വീണ്ടും 2 ശതമാനത്തിന്റെ അധിക ഇളവും അനുവദിക്കുന്നതാണ്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ തുടങ്ങിയ ചില പ്രത്യേക ഉപഭോക്താക്കള്‍ക്ക് കുടിശ്ശികത്തുകയടയ്ക്കുന്നതിന് 12 ശതമാനം പലിശ നിരക്കില്‍ 6 മാസത്തെ തവണകളും ആവശ്യമെങ്കില്‍ അനുവദിക്കും. ഇളക്കിമാറ്റപ്പെട്ട കണക്ഷനുകള്‍ക്ക് പരമാവധി 6 മാസത്തെ ഡിമാന്റ് ചാര്‍ജ് / ഫിക്‌സഡ് ചാര്‍ജ് നല്‍കിയാല്‍ അവര്‍ക്ക് പുതിയ കണക്ഷന്‍ നല്‍കുന്നതാണ്. അടച്ചുപൂട്ടിയ വ്യവസായശാലകള്‍ക്കും തോട്ടങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.
എല്‍.റ്റി വിഭാഗത്തിലെ ഉപഭോക്താക്കള്‍ അതാത് സെക്ഷന്‍ ഓഫീസിലും എച്ച്.റ്റി/ഇ.എച്ച്.റ്റി വിഭാഗത്തിലെ ഉപഭോക്താക്കള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ റെവന്യുവിന്റെ ഓഫീസിലും 2018 ആഗസ്റ്റ് 31 ന് മുന്‍പായി കുടിശ്ശിക തീര്‍ക്കാനുള്ള അപേക്ഷ നല്‍കണം. വൈദ്യുതി ചാര്‍ജ് കുടിശ്ശികയുള്ള എല്ലാ ഉപഭോക്താക്കളും ഈ അവസരം വിനിയോഗിച്ച് കുടിശ്ശികതീര്‍ത്ത് നിയമനടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
https://www.facebook.com/Malayalivartha























