അധികാരമില്ലെങ്കിലും മുല്യാധിഷ്ഠിത രാഷ്ട്രീയത്തില്‍ മരണം വരെ ഉറച്ച് നില്‍ക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്. സി.പി.എം രാജ്യസഭാ സീറ്റ് നല്‍കാത്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്

രാജ്യസഭാ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ഒളിയമ്പുമായി ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തി. അധികാരമില്ലെങ്കിലും മുല്യാധിഷ്ഠിത രാഷ്ട്രീയത്തില്‍ മരണം വരെ ഉറച്ച് നില്‍ക്കുമെന്ന് അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു. ജനപ്രതിനിധികള്‍ക്ക് തുടര്‍ച്ചയായി രണ്ട് തവണ അഥവാ പത്ത് വര്‍ഷം എന്ന തത്വത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഉറച്ച് നില്‍ക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു. അധികാര കുത്തകക്കെതിരെ 1987 ല്‍ കോണ്‍ഗ്രസില്‍ ഞാന്‍ ഉയര്‍ത്തിയ ആവശ്യങ്ങളാണ് ഇപ്പോഴത്തെ യുവതലമുറ കലാപമാക്കി മാറ്റിയിരിക്കുന്നതെന്നും കോണ്‍ഗ്രസിലെ രാജ്യസഭാ സീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയാന്‍ ഫിലിപ്പ്് ഓര്‍മിക്കുന്നു.
സിപിഎമ്മിനെ പോലെ രണ്ടു തവണ പൂര്‍ത്തിയാക്കിയ എം എല്‍ എ മാര്‍ക്കും എം.പി മാര്‍ക്കും വീണ്ടും സീറ്റ് നല്‍കരുതെന്ന എന്റെ ആവശ്യം കെ പി സി സി തള്ളിയതിനെ തുടര്‍ന്നാണ് 2001 ല്‍ ഏറ്റവുമധികം കാലം എം എല്‍ എ സ്ഥാനത്തിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിച്ചു ഞാന്‍ വീരമൃത്യു വരിച്ചത്. ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും മുഖ്യ പ്രശനം അധികാര കുത്തകയാണ്. സ്ഥാനം കിട്ടിയവര്‍ക്കു തന്നെയാണ് തുടര്‍ച്ചയായി സ്ഥാനങ്ങള്‍. ഒരേ ആളുകള്‍ തന്നെ സംഘടനാ സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
കോണ്‍ഗ്രസില്‍ നിന്ന് കലഹിച്ച് എല്‍.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കുന്ന ചെറിയാന്‍ ഫിലിപ്പിച്ച് അവരും അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയിട്ടില്ല. ഇത്തവണത്തെ രാജ്യസഭാ സീറ്റ് ചെറിയാന്‍ ഫിലിപ്പിന് നല്‍കാമെന്ന് സി.പി.എം മുമ്പ് പറഞ്ഞിരുന്നതാണ്. എന്നാല്‍ ചെറിയാന്‍ ഫിലിപ്പ് ഔദ്യോഗികമായി സീറ്റ് ചോദിച്ചിട്ടില്ലായിരുന്നു. അദ്ദേഹത്തിന് സീറ്റ് നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സി.പി.എം പരിഗണിച്ചിരുന്നില്ല. സി.പി.എമ്മിന് ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്ന് എം.പിമാരില്ലാത്തതിനെ തുടര്‍ന്നാണ് ഇത്തവണത്തെ രാജ്യസഭാ സീറ്റ് എളമരം കരീമിന് നല്‍കിയത്.

https://www.facebook.com/Malayalivartha























