കേരളത്തിലെ കോൺഗ്രസ് നേതാക്കളെ സസൂക്ഷ്മം നിരീക്ഷിക്കാൻ ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം

കേരളത്തിലെ കോൺഗ്രസ് നേതാക്കളെ സസൂക്ഷ്മം നിരീക്ഷിക്കാനും കലാപ കൊടി ഉയർത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കാനും ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. കേരളത്തിൽ കോൺഗ്രസ് മെലിയുകയാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമിത് ഷാ ഇത്തരമൊരു നിർദ്ദേശം സംസ്ഥാന നേതാക്കൾക്ക് നൽകിയെന്നാണ് വിവരം.
കോൺഗ്രസിലെ ഗ്രൂപ്പ് കലാപം ഉച്ചസ്ഥായിലെത്തിയതോടെയാണ് തീരുമാനം. രാജ് മോഹൻ ഉണ്ണിത്താൻ ഉൾപ്പെടെയുള്ള നേതാക്കൾ ലിസ്റ്റിലുണ്ട്.
കോൺഗ്രസിൽ നിന്നും തൊഴിയുന്ന പ്രധാന നേതാക്കളെ സ്വീകരിക്കാൻ മനസുകൊണ്ട് തയ്യാറെടുക്കണമെന്നാണ് നിർദ്ദേശം. കോൺഗ്രസിൽ നിന്നും വൻതോതിൽ പ്രവർത്തകരുടെ ഒഴുക്ക് ബി ജെ പിയിലേക്കുണ്ട്. ബിജെപിയാണ് കോൺഗ്രസുകാർ ആഗ്രഹിക്കുന്ന രണ്ടാമത്തെ കക്ഷി. ഒരിക്കൽ കോൺഗ്രസിലെ പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് ബി ജെ പിയിൽ ചേരുമെന്ന് കേട്ടിരുന്നു. കണ്ണൂർ സിംഹം കെ.സുധാകരന്റെ പേര് പോലും ഇത്തരത്തിൽ കേട്ടതാണ്.
ചെങ്ങന്നൂരിൽ ശ്രീധരൻപിള്ള തോറ്റെങ്കിലും ബി ജെ പി പിൻമാറാൻ തയ്യാറായിട്ടില്ല. ശ്രീധരൻ പിള്ളക്ക് ബിജെഡിസിന്റെ വോട്ടുകൾ മാത്രമാണ് നഷ്ടമായതെന്ന് പാർട്ടി കരുതുന്നു. ചെങ്ങന്നൂർ മണ്ഡലത്തിൽ ബിജെപിക്ക് പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകൾ ഇത്തവണയും ലഭിച്ചു. ഒരു ഘട്ടത്തിൽ ബിജെപിയുടെ പരമ്പരാഗത കോട്ടയിൽ വിള്ളൽ വീഴുമെന്ന് ബിജെപി നേത്യത്വം സംശയിച്ചതാണ്. എന്നാൽ അതുണ്ടായില്ല. അതിനർത്ഥം ബി ജെ പി ക്ക് കേരളത്തിലുള്ള അടിത്തറക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ്.
ബി ജെ പി ഒത്തു പിടിച്ചാൽ കോൺഗ്രസ് നേതാക്കളെ അടർത്തി കൊണ്ടുവരാമെന്നാണ് കരുതുന്നത്. ജനകീയാടിത്തറയുള്ള നേതാക്കളെയാണ് അവർ കാത്തിരിക്കുന്നത്. പ്രവർത്തകരെയും കാത്തിരിക്കുന്നു. കോൺഗ്രസ് രണ്ട് പ്രബല സമുദായങ്ങളുടെ മാത്രം പാർട്ടിയാണെന്ന പ്രചരണം അഴിച്ചുവിട്ടിട്ടുണ്ട്. കേരള കോൺഗ്രസ് എമ്മിന് ഉമ്മൻ ചാണ്ടി സീറ്റ് നൽകിയതിലൂടെ അക്കാര്യം തെളിയിക്കപ്പെട്ടെന്നും കോൺഗ്രസ് നേതാക്കൾക്ക് ബി ജെ പി മാത്രമാണ് ശരണമെന്നും ശക്തമായ പ്രചരണമുണ്ട്. ഇടതുപക്ഷവും കോൺഗ്രസിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ബിജെപി പറയുന്നു.
കേരളത്തിലെ ബി ജെ പിയിൽ നേതാക്കളുടെ കുറവ് വൻതോതിലുണ്ട്. അഞ്ചോ ആറോ പേർ ഒഴികെ എടുത്തു പറയാൻ ഒരു പേരു പോലും ബി ജെ പി സംസ്ഥാന നേത്യത്വത്തിലില്ല. അപ്പോൾ മൂന്നോ നാലോ നേതാക്കളെ കോൺഗ്രസിൽ നിന്നും ലഭിക്കുകയാണെങ്കിൽ അടുത്ത തെരഞ്ഞടുപ്പിൽ മികച്ച മത്സരം കാഴ്ചവയ്ക്കാമെന്ന് ബിജെപി കരുതുന്നു. അതുപോലെ പ്രവർത്തകരെയും കണ്ണു വയ്ക്കുന്നു. കോൺഗ്രസിൽ പ്രവർത്തിച്ച് മടുത്തവർക്ക് ഒരത്താണിയായി ബിജെപി മാറിയേക്കാം.
https://www.facebook.com/Malayalivartha























