തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നു; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നിർദ്ദേശപ്രകാരം ഇ.ഡി. പ്രവർത്തിക്കുന്നു ; കിഫ്‌ബിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ കത്ത്

കിഫ്ബിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ ഒടുവിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ.കിഫ്ബിക്കെതിരായ ഇ.ഡി. അന്വേഷണത്തിനെതിരെ മുഖ്യ തിര.കമ്മിഷണര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചു . തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നിർദ്ദേശപ്രകാരം ഇ.ഡി. പ്രവർത്തിക്കുകയാണെന്ന് കത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി .
രാഷ്ട്രീയ നേട്ടത്തിന് ഇ.ഡിയെ ഉപയോഗിക്കുന്നതിനെതിറീ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ വിജയയാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ നിർമലാ സീതാരാമൻ, സംസ്ഥാന സർക്കാരിനും കിഫ്ബിക്കും എതിരേ ആരോപണം ഉന്നയിച്ചു . ഇതിന്റെ തുടർച്ചയായിട്ടാണ് ഇ.ഡി., കിഫ്ബിക്കെതിരെ മാധ്യമങ്ങളിലൂടെ വാർത്തകൾ നൽകുന്നതെന്നും കത്തിൽ ആരോപിക്കുന്നുണ്ട്.
കിഫ്ബിയിലെ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കാൻ ഇ.ഡി. നിരന്തരം ശ്രമിക്കുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കേ കേന്ദ്ര അന്വേഷണ ഏജൻസികളെ അനാവശ്യമായി ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് കേന്ദ്രധനമന്ത്രി ശ്രമിക്കുന്നത്. ഇതിന് കേന്ദ്ര അന്വേഷണ ഏജൻസിയെ ഉപയോഗപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.
അന്വേഷണത്തിന് അനാവശ്യധൃതിയാണ് കേന്ദ്രഏജൻസികൾ കാണിക്കുന്നത്. കിഫ്ബിയുടെ സി.ഇ.ഒയെ ചോദ്യംചെയ്യാൻ വിളിക്കുമെന്ന് കഴിഞ്ഞദിവസം വാർത്തകൾ വന്നിരുന്നു. എന്നാൽ അദ്ദേഹത്തിന് ഇതുവരെയും ഇ.ഡിയിൽനിന്ന് ഒരു അറിയിപ്പ് കിട്ടിയിട്ടില്ല.
പൊതുജനങ്ങൾക്ക് ഉള്ള വിശ്വാസം ഇല്ലാതാക്കാനേ ഇത്തരം നടപടികൾ ഉപകരിക്കൂവെന്നും തിരഞ്ഞെടുപ്പ് നീതിപൂർവ്വം നടത്താനും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീതിപൂർവവുമായ ഇടപെടൽ ഉണ്ടാകാനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കിഫ്‌ബിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വന്ന വെളിപ്പെടുത്തലുകൾ ഇപ്രകാരമായിരുന്നു കിഫ്ബിയിൽ വ്യാപക ക്രമക്കേടെന്ന് ഇ.ഡി പറഞ്ഞിരുന്നു. കിഫ്ബി മസാലബോണ്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്തുഎന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വ്യാപക ക്രമക്കേടുനടന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാലാണിത്.
കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത്ത് സിങ്, കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മുംബൈ മേധാവി എന്നിവരെ അടുത്തയാഴ്ച ചോദ്യംചെയ്യാൻ കൊച്ചിയിലേക്ക് വിളിപ്പിച്ചു എന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha























