ഇന്ത്യയില്‍ വില നിസ്സാരമെങ്കിലും കോവിഡ് വാക്‌സീന് ലോകവിപണിയില്‍ താരതമ്യേന കൂടിയ വിലയാണ്..ലഭ്യമായ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും വില കൂടിയ വാക്‌സീന്‍ ചൈനയിലെ സിനോവാക് ബയോടെക് നിര്‍മിച്ച വാക്‌സീനാണ്

കോവിഡിന് മുന്നില്‍ പല രീതിയില്‍ വലിയ വില നല്‍കേണ്ടി വന്നിരിക്കുകയാണ് ലോകത്തിന്. ഇതിനിടയിലാണ് ഇന്ത്യ വളരെ കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്‌സിനുമായി ലോകത്തിനാകെ രക്ഷകനായി അവതരിച്ചത്. ലഭ്യമായ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും വില കൂടിയ വാക്‌സീന്‍ ചൈനയിലെ സിനോവാക് ബയോടെക് നിര്‍മിച്ച വാക്‌സീനാണ്.
ഒറ്റ ഡോസിന് 2200 രൂപയാണ് വില. ലോകത്ത് ഏറ്റവുമധികം രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന ഫൈസര്‍ ബയോണ്‍ടെക് വാക്‌സീന് 1400 രൂപയും മൊഡേണ വാക്‌സീന് 1300 രൂപയുമാണ് വില. ഇന്ത്യയിലും വൈകാതെ ലഭ്യമാകുന്ന പ്രതീക്ഷിക്കപ്പെടുന്ന റഷ്യയുടെ സ്പുട്‌നിക് വാക്‌സീന് 730 രൂപ വരെയാകും വില.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന, കോവിഷീല്‍ഡിന് രാജ്യാന്തര വിപണിയില്‍ പല വിലയാണ്. സൗദി അറേബ്യയിലും ദക്ഷിണാഫ്രിക്കയിലും 390 രൂപയ്ക്ക് കോവിഷീല്‍ഡ് ലഭ്യമാകുമ്പോള്‍ ബ്രസീലില്‍ 370 രൂപ നല്‍കണം. കോവിഡ് വാക്‌സീന്‍ എന്നു വരുമെന്ന ആകാംക്ഷയ്‌ക്കൊപ്പം എല്ലാവരുടെയും ആശങ്ക വാക്‌സീനെന്തു വില വരുമെന്നതിലായിരുന്നു. തല്‍ക്കാലത്തേക്കെങ്കിലും ഇക്കാര്യത്തില്‍ ആശ്വാസത്തിന്റെ വിലയിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്കു വാക്‌സീന്‍ ലഭ്യമാക്കുന്ന രാജ്യമെന്ന ഖ്യാതി വാക്‌സീന്‍ കുത്തിവയ്പിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നു. ഇതുവരെ കുത്തിവച്ച വാക്‌സീന്റെ 95 ശതമാനത്തിലധികവും സൗജന്യമായി നല്‍കാന്‍ ഇന്ത്യയ്ക്കായി.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കും വാക്‌സീന്‍ നല്‍കിയ ആദ്യ ഘട്ടത്തില്‍ പൂര്‍ണമായും സൗജന്യമായിരുന്നു വാക്‌സീന്‍ വിതരണം. കഴിഞ്ഞദിവസം 60നു മുകളിലുള്ളവര്‍ക്കും 4559 പ്രായക്കാരില്‍ മറ്റു ഗുരുതര രോഗമുള്ളവര്‍ക്കും വാക്‌സീന്‍ നല്‍കുന്ന രണ്ടാം ഘട്ടത്തിനു തുടക്കമിട്ടു. ഇതിലും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയുള്ള വാക്‌സീന്‍ വിതരണം പൂര്‍ണമായും സൗജന്യമാക്കി. സ്വകാര്യ ആശുപത്രികളിലൂടെയുള്ള വാക്‌സീന്‍ ഡോസ് ഒന്നിനു പരമാവധി 250 രൂപയില്‍ കൂടരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന 2 വാക്‌സീനുകളും 250 രൂപയില്‍ കൂടരുതെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ ഏജന്‍സികളുടെയും ഫണ്ടിങ് തുടക്കത്തില്‍ കമ്പനികള്‍ക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം. വാക്‌സീന്‍ എടുക്കുന്നതു സംബന്ധിച്ചു ചിലരിലെങ്കിലും ആശങ്ക നിലനില്‍ക്കെ വില പരമാവധി താഴ്ത്തി കൂടുതല്‍ പേരെ വാക്‌സീനോട് അടുപ്പിക്കുകയെന്ന സമീപനമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റേത്.
വാക്‌സീന്‍ സ്വീകാര്യത ഉറപ്പിക്കുന്ന മുറയ്ക്കു കമ്പനികള്‍ക്കു സ്വീകാര്യമായ വില അനുവദിക്കുമെന്ന സൂചന സര്‍ക്കാര്‍ തന്നെ നല്‍കുന്നുണ്ട്. അസാധാരണ സാഹചര്യം പരിഗണിച്ച്, ഇന്ത്യയില്‍ വില നിസ്സാരമെങ്കിലും കോവിഡ് വാക്‌സീന് ലോകവിപണിയില്‍ താരതമ്യേന കൂടിയ വിലയാണ്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയ്‌ക്കെതിരായ വാക്‌സീന് 2200 മുതല്‍ 2700 രൂപ വരെയാണ് ഡോസ് ഒന്നിനു വില. ന്യൂമോകോക്കല്‍ വാക്‌സീന്‍ തദ്ദേശീയമായി വികസിപ്പിച്ച ആശ്വാസം വിലയിലും പ്രതിഫലിക്കുമെങ്കിലും ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിച്ചു വന്നിരുന്നത് ഫൈസറും എംഎസ്ഡിയും വികസിപ്പിച്ച വാക്‌സീനുകളാണ്.
ഫൈസര്‍ വാക്‌സീന് 3200 രൂപ വരെ നല്‍കേണ്ടി വന്നിരുന്നു. പകര്‍ച്ചപ്പനിക്കെതിരായ വാക്‌സീനുകള്‍ക്കും 500 മുതല്‍ 1500 വരെ വിലയുണ്ട്. ഹെപ്പറ്റൈറ്റീസ് ബിക്കെതിരായ വാക്‌സീനുകള്‍ക്ക് 100 രൂപയില്‍ താഴെയാണ് വില. വാക്‌സീനുകള്‍ വ്യാപക ഉപയോഗത്തിലേക്കു വരുമ്പോള്‍ വില കുറയുകയാണ് സ്വാഭാവിക രീതി.
കുത്തിവയ്ക്കുന്ന ഓരോ ഡോസ് വാക്‌സീനിലും 150 രൂപ കമ്പനികള്‍ക്കും 100 രൂപ വാക്‌സീന്‍ നല്‍കുന്ന ആശുപത്രിക്കുള്ള സര്‍വീസ് ചാര്‍ജുമാണ്. ആകെ വില 250 രൂപയാക്കി നിശ്ചയിച്ചതില്‍ വാക്‌സീന്‍ കമ്പനികള്‍ക്കും നിസ്സാര ലാഭത്തിനു കുത്തിവയ്പു നല്‍കേണ്ടി വരുന്നതില്‍ സ്വകാര്യ ആശുപത്രികളില്‍ ഒരുവിഭാഗത്തിനും അതൃപ്തിയുണ്ടെന്നു വ്യക്തമാണ്.
ചിലര്‍ ഇതു പരസ്യമാക്കുകയും ചെയ്തു. വില 250 ആയി നിജപ്പെടുത്തിയതിനെതിരെ മരുന്നുകമ്പനിയായ ബയോകോണ്‍ ചെയര്‍പഴ്‌സണ്‍ കിരണ്‍ മജുംദാറും രംഗത്തുവന്നിരുന്നു. നിലനില്‍പ്പിനു പ്രയാസമാകുംവിധം തീരെ ചെറിയ തുകയാണിതെന്നും സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന തോന്നലാണ് വാക്‌സീന്‍ കമ്പനികള്‍ക്കെന്നുമായിരുന്നു അവരുടെ പരാതി. ലോകാരോഗ്യ സംഘടന പോലും 3 ഡോളര്‍ വിലയിട്ടപ്പോള്‍ അതിനെക്കാള്‍ താഴ്ത്തിയത് എന്തിനാണെന്നും അവര്‍ ചോദിച്ചു.
ട്രയല്‍ ഘട്ടങ്ങള്‍ പൂര്‍ത്തിയാകാത്ത വാക്‌സീനുകള്‍ നല്‍കുന്നതിലെ റിസ്‌ക്കും കുറഞ്ഞ ലാഭവുമാണ് ആശുപത്രികളെ പിന്നോട്ടടിക്കുന്നത്. പക്ഷെ എന്തൊക്കെ കാരണങ്ങള്‍ ആരൊക്കെ നിരത്തിയാലും ഈ ഒരു സമയം വരെ ഇ്ന്ത്യയ്ക്ക് കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് മുന്നില്‍ തന്നെ വലിയ തലയെടുപ്പുണ്ട് എന്ന കാര്യം ചിലരൊക്കെ മറക്കാതിരിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha






















