അതിശൈത്യം, നാല് സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്, ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കാഴ്ച പരിധി 100 മീറ്ററില്‍ താഴെ, കനത്ത മൂടൽമഞ്ഞിൽ ചില വിമാന സർവീസുകൾ റദ്ദാക്കി...11 ട്രെയിനുകൾ വൈകിയതായി നോർത്തേൺ റെയിൽവേ

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടര്‍ന്ന് ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റോഡ് – റെയില്‍ – വ്യോമ ഗതാഗത്തെ മൂടല്‍ മഞ്ഞ് ബാധിച്ചു. ചില വിമാന സർവീസുകൾ റദ്ദാക്കുകയും ട്രെയ്നുകൾ വൈകുകയും ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് കാരണം 11 ട്രെയിനുകൾ വൈകിയതായി നോർത്തേൺ റെയിൽവേയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ പറയുന്നു.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കാഴ്ച പരിധി 100 മീറ്ററില്‍ താഴെയാണ്. തുടര്‍ന്ന് നോയിഡയില്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും രാജ്യ തലസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. നോയിഡ ഗുരുഗ്രാം മേഖലകളില്‍ ഇതുമൂലം വായു മലിനീകരണം വര്‍ദ്ധിച്ചിട്ടുണ്ട്. കാഴ്ചാ പരിതി കുറഞ്ഞത് റോഡ് ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. വാഹനങ്ങള്‍ അമിതവേഗത ഒഴിവാക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഡല്‍ഹിക്ക് സമാനമായി ഉത്തര്‍പ്രദേശിന്റെ കൂടുതല്‍ ഭാഗങ്ങളിലും വടക്കന്‍ രാജസ്ഥാനിലും മധ്യപ്രദേശിന്റെ വടക്കന്‍ മേഖലകളിലും മൂടല്‍മഞ്ഞ് തീവ്രമായേക്കാമെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് വ്യക്തമാക്കി. ശീതതരംഗം നിലനില്‍ക്കുന്നതിനാല്‍ താപനില ആറ് ഡിഗ്രിയില്‍ തന്നെ തുടര്‍ന്നേക്കും. നിലവിലെ സാഹചര്യത്തില്‍ താപനില 21 ഡിഗ്രിക്ക് മുകളിലേക്ക് കടക്കാന്‍ സാധ്യതയില്ല. അതിശൈത്യം തുടരുന്നതിനാല്‍ ഉത്തര്‍പ്രദേശിലെ പല നഗരങ്ങളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha























