ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായ നിഖില്‍ സുരേഷിനെയാണ് ചന്ദ്ര ലേഔട്ടിലെ താമസ സ്ഥലത്ത് ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. നിഖില്‍ കോളേജിലെ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം. വ്യാഴാഴ്ചയാണ് നിഖില്‍ ഉറക്ക ഗുളികകള്‍ കഴിച്ച് ജീവനൊടുക്കിയത്.
നിഖിലിനെ അടുത്തിടെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അച്ചടക്കമില്ലായ്മ, ക്ലാസില്‍ ഹാജരാകുന്നില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍. ഇതില്‍ നിഖില്‍ നിരാശനായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് പഞ്ഞു. എന്നാല്‍ സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. അതേസമയം കോളേജ് അധികൃതര്‍ക്കെതിരെ ആരോപണവുമായി നിഖിലിന്റെ കുടുംബം രംഗത്തെത്തി. സസ്‌പെന്‍ഷന് പിന്നാലെ നിഖില്‍ മാപ്പ് ചോദിച്ചിരുന്നുവെന്നും എന്നാല്‍ മകനെ തിരിച്ചെടുക്കാന്‍ കോളേജ് തയ്യാറായില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
നിഖിലിനെ കോളേജ് അധികൃതര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും മകന്റെ മരണത്തില്‍ നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും കോളേജിന് മുന്നില്‍ പ്രതിഷേധവുമായെത്തി. സസ്‌പെന്‍ഷനിലായതിന് പിന്നാലെ നിഖില്‍ അമ്മയ്‌ക്കൊപ്പം കോളേജിലെത്തി മാപ്പ് പറഞ്ഞിരുന്നു. ഇനി വീഴ്ച സംഭവിക്കില്ലെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും നിഖിലും അമ്മയും അധികൃതരോട് അഭ്യാര്‍ത്ഥിച്ചു.
എന്നാല്‍ ഇത് കോളേജ് മാനേജ്‌മെന്റ് അംഗീകരിച്ചില്ല, മകനെ അവര്‍ തിരിച്ചെടുത്തില്ല. ഇതില്‍ മനം നൊന്താണ് നിഖില്‍ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. അതേസമയം കോളേജ് അധികൃതര്‍ക്കെതിരെ രേഖാമൂലം പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























