പുതുവത്സര ദിനത്തില്‍ മണിപ്പുരില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

പുതുവത്സര ദിനത്തില്‍ മണിപ്പുരില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. തൗബാല്‍ ജില്ലയിലുണ്ടായ അക്രമത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. അജ്ഞാതരായ ഒരു സംഘം ആളുകള്‍ കൊള്ളയടിക്കാനാണ് എത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വെടിവയ്പിനു പിന്നാലെ നാട്ടുകാര്‍ അക്രമികളെത്തിയ വാഹനം തീയിട്ടു നശിപ്പിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും അടിയന്തര യോഗം വിളിച്ചു. കൊല്ലപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
കൂടുതല്‍ പൊലീസ് സംഘത്തെ സംഘര്‍ഷമേഖലയിലേക്ക് അയച്ചു. കുറ്റവാളികളെ പിടിക്കാന്‍ നാട്ടുകാര്‍ സഹായിക്കണം. നിയമത്തിന് വിധേയമായി നീതി നടപ്പാക്കന്‍ സര്‍ക്കാര്‍ എല്ലാ അധികാരങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു കൗമാരക്കാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. പൊലീസ് വാഹനത്തിനുനേരെയും ആക്രമണമുണ്ടായി.
https://www.facebook.com/Malayalivartha























