അദാനിക്കേസില്‍ ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി വിധി നിരാശാജനകവും ദൗര്‍ഭാഗ്യകരവുമാണെന്ന് സിപിഐ എം

അദാനിക്കേസില്‍ ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി വിധി നിരാശാജനകവും ദൗര്‍ഭാഗ്യകരവുമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. സുപ്രീംകോടതിയുടെ വിശ്വാസ്യത ഉയര്‍ത്തുന്ന വിധിയായി ഇതിനെ കാണാനാകില്ല. സെബിയെ പോലെ നിയമപരമായി അധികാരമുള്ള ഏജന്‍സി അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ ത്വരിതഗതിയില്‍ അന്വേഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നില്ല.
അദാനിക്കെതിരായ പ്രത്യക്ഷമായ കുറ്റം 2014ല്‍ സെബിക്ക് ഡിആര്‍ഐ കൈമാറിയിരുന്നു. അദാനിക്കെതിരായ ആരോപണങ്ങള്‍ സെബി അന്വേഷിക്കുന്നതായി 2021ല്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കി, എന്നാല്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സെബി ഇക്കാര്യം നിഷേധിച്ചു. പരാതികളില്‍ന്മേല്‍ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കാതെ കോടതി സെബിയുടെ നിഷേധം മുഖവിലയ്ക്ക് എടുത്തത് അത്ഭുതകരമാണ്.
രണ്ടാമതായി, 'ആത്യന്തിക ഗുണഭോക്താവ്' ആരാണെന്നത് മറച്ചുവയ്ക്കാന്‍ സെബി സ്വന്തം ചട്ടങ്ങള്‍ തിരുത്തുകയും സുതാര്യത കൂടുതല്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇത്തരം ഭേദഗതികള്‍ സെബിയുടെ നിയമപരമായ അധികാരത്തെ പ്രതികൂലമായി ബാധിച്ച അന്തരീക്ഷത്തിലാണ് അന്വേഷണം നടന്നതെന്ന് സുപ്രീംകോടതി വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എന്നാല്‍ 'ആത്യന്തിക ഗുണഭോക്താവും' വിദേശ നിക്ഷേപകരും തമ്മിലുള്ള ബന്ധം മറച്ചുപിടിക്കാന്‍ പാകത്തില്‍ ഭിത്തിയായി മാറിയ ഈ ഭേദഗതികള്‍ക്ക് സുപ്രീംകോടതി അംഗീകാരം നല്‍കി.
മൂന്നാമതായി, ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകളില്‍ 'ചട്ട ലംഘനം' ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാനും അതിന്മേല്‍ നടപടി എടുക്കാനും സര്‍ക്കാരിന് കോടതി അനുമതി നല്‍കിയിരിക്കയാണ്. ഹിതകരമല്ലാത്ത വാര്‍ത്തകള്‍ നല്‍കുന്നവരെ ക്രൂശിക്കുന്ന സമീപനം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച എല്ലാ മാധ്യമങ്ങളെയും അപകടത്തിലാക്കുമെന്നും പിബി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























