മകനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച, സ്‌റ്റാർട്ടപ്പ് കമ്പനിയുടെ സഹസ്ഥാപകയും സിഇഒയുമായ, മുപ്പത്തൊമ്പതുകാരി അറസ്റ്റിൽ...

നാല് വയസുകാരനായ മകനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച 'അമ്മ അറസ്റ്റിൽ. ബെംഗളൂരുവിലെ സ്‌റ്റാർട്ടപ്പ് കമ്പനിയുടെ സഹസ്ഥാപകയും സിഇഒയുമായ, മുപ്പത്തൊമ്പതുകാരി സുചന സേത്ത് ആണ് അറസ്റ്റിലായത്. ഗോവയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് യുവതി തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ സുചന ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനാണ് സുചന ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.
അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്ന് സുചന സമ്മതിച്ചു. ഭർത്താവുമായുള്ള വേര്‍പിരിയലിന്റെ പിരിമുറുക്കവും കുട്ടിയുടെ സംരക്ഷണത്തിനായുള്ള പോരാട്ടവും അടക്കമുള്ള കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലെ പുതപ്പില്‍ ജീവനക്കാരന്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് 39കാരി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ശ്വാസം മുട്ടിയാണ് മരണമെന്ന് കുട്ടിയുടെ ഓട്ടോപ്‌സി റിപ്പോര്‍ട്ടിലുമുണ്ട്. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല. കോടതിയില്‍ ഹാജരാക്കിയ സുചനയെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
മലയാളിയായ ഭർത്താവ് വെങ്കട്ട് രാമൻ, ഇപ്പോൾ വിദേശത്താണ്. ഇയാളോട് ഇന്ത്യയിലെത്താൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരുവരുടെയും വിവാഹ മോചന നടപടികൾക്കിടെയാണ് സുചന സ്വന്തം മകനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മകനെ ആഴ്ചയിലൊരിക്കല്‍ കാണാന്‍ കോടതി പിതാവായ വെങ്കട്ടിനെ അനുവദിച്ചിരുന്നു. സുചന ഇതിൽ അസ്വസ്ഥയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിനോടുള്ള ദേഷ്യം മൂലമാണ് കൊലപാതകം നടത്തിയതെന്നും, വിവാഹമോചനം അവസാനഘട്ടത്തിലാണെന്നും ഇവർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ പരിശോധന നടത്തും.
സുചനയുടെ ഭർത്താവ് കൊലപാതകം നടക്കുമ്പോള്‍ ഇന്തൊനീഷ്യയിലായിരുന്നു. മകനെ കൊലപ്പെടുത്തിയ വിവരം പൊലീസ് വെങ്കട്ടിനെ അറിയിക്കുകയും, എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ പൊലീസ് നിർദ്ദേശം നൽകുകയുമായിരുന്നു. ഹോട്ടൽ മുറിയിൽ വെച്ച് മകനെ കൊന്ന ശേഷം മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യവേയാണ് സുചന പൊലീസിന്‍റെ പിടിയിലാകുന്നത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യാന്‍ നേരം ബംഗളുരുവിലേക്ക് ടാക്സി വേണമെന്ന് ഇവർ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വിമാനത്തില്‍ പോവുന്നതായിരിക്കും ചെലവ് കുറവും സൗകര്യവുമെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും ടാക്സി തന്നെ വേണമെന്ന് സുചന നിര്‍ബന്ധം പിടിച്ചു. ഒടുവിൽ ഹോട്ടല്‍ ജീവനക്കാര്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കി.
യുവതി ഹോട്ടൽ വിട്ട ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോൾ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി.
ഇതോടെ പൊലീസുകാര്‍ ടാക്സി ഡ്രൈവറെ ഫോണില്‍ വിളിച്ചു. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ അടുത്താക്കിയെന്ന് യുവതി അറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ അതും നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് വീണ്ടും ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസിലാവാതിരിക്കാന്‍ കൊങ്ങിണി ഭാഷയിലാണ് സംസാരിച്ചത്.
വാഹനം എവിടെ എത്തിയെന്ന് ചോദിച്ചപ്പോള്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണെന്ന് ഡ്രൈവർ വ്യക്തമാക്കി. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയും കൊണ്ട് വണ്ടി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കയറാന്‍ ഗോവ പൊലീസ് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി എത്തിച്ചു. ഗോവ പൊലീസ് അറിയിച്ചതനുസരിച്ച് ഐമംഗലയിലെ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പൊലീസ് സുചനയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























