30,000 രൂപ നിരക്കില്‍ ഗോവയിൽ നിന്ന് ബംഗളൂരുവിലേക്ക്; മൃതദേഹം കണ്ടെത്തിയത് സ്യൂട്ട്‌കേസിൽ നിന്ന്; സുചന സേത്തിയെ കുടുക്കിയതിനെ കുറിച്ച് ടാക്‌സി ഡ്രൈവരുടെ വാക്കുകൾ; കുഞ്ഞിന്റെ പിതാവ് വെങ്കട്ടരാമനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും; കുഞ്ഞിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം താന്‍ ഹാജരാകാമെന്ന് പിതാവ് ഉദ്യോഗസ്ഥരോട്

നാല് വയസുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുചന സേത്തിയെ കുടുക്കിയതിനെ കുറിച്ച് വെളിപ്പെടുത്തി ടാക്‌സി ഡ്രൈവര്‍. ഗോവയിലെ അഞ്ജുനയിലെ ടാക്‌സി ഡ്രൈവറായ റോയ്‌ജോണ്‍ ഡിസൂസയുടെ കാറിലാണ് കുഞ്ഞിന്റെ മൃതദേഹവുമായി ഗോവയില്‍ നിന്ന് സുചന ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഗോവൻ പൊലീസ് ഫോണിലൂടെ ബന്ധപ്പെട്ട് കൊലപാതകം സംബന്ധിച്ച രഹസ്യ വിവരം അറിയിച്ചതും ഡിസൂസയോടാണ്. തുടർന്ന് ഇയാൾ നടത്തിയ ഇടപെടലിന് പിന്നാലെയാണ് സുചനയെ പിടികൂടിയത്.
ഡിസൂസയുടെ വെളിപ്പെടുത്തൽ ഇങ്ങനെ : ഏഴാം തീയതി രാത്രി 11 മണിയോടെയാണ് ഹോട്ടല്‍ സോള്‍ ബനിയന്‍ ഗ്രാന്‍ഡെയുടെ റിസപ്ഷനില്‍ നിന്ന് എനിക്ക് കോള്‍ ലഭിച്ചത്. സുചന സേത്ത് എന്ന യുവതിയെ അടിയന്തിരമായി ബംഗളൂരുവിലേക്ക് കൊണ്ട് പോകണം എന്നായിരുന്നു ആവശ്യം. 12.30ന് ഹോട്ടലില്‍ എത്തി. 30,000 രൂപ നിരക്കില്‍ ബംഗളൂരുവിലേക്ക് പോകാന്‍ ധാരണയായി. സുചന തനിച്ചാണ് യാത്ര ചെയ്യുന്നതെന്നും ചുവന്ന ട്രോളി ബാഗ് ബൂട്ടില്‍ ഇടാനും പറഞ്ഞു. സ്യൂട്ട്‌കേസിന് നല്ല ഭാരമുണ്ടായിരുന്നു. പുലര്‍ച്ചെ 12.30ന് പുറപ്പെട്ട യാത്ര രണ്ട് മണിക്ക് ഗോവ-കര്‍ണാടക അതിര്‍ത്തിയിലെ ചോര്‍ള ഘട്ടിലെത്തി. അവിടെ, ഒരു ട്രക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഏകദേശം നാല് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ ഇവിടെ കുടുങ്ങിക്കിടക്കേണ്ടി വരുമെന്നും അത്യാവശ്യമാണെങ്കില്‍ വിമാനയാത്ര നോക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. പക്ഷെ എത്ര സമയമെടുത്താലും റോഡ് മാര്‍ഗം പോകാമെന്ന് അവര്‍ പറഞ്ഞു."
തുടര്‍ന്നുള്ള യാത്രയില്‍ സുചന നിശബ്ദയായിരുന്നു. വെള്ളം കുടിക്കണോ എന്ന് മാത്രമായിരുന്നു അവര്‍ ചോദിച്ചത്. മണിക്കൂറുകളുടെ യാത്രയ്ക്ക് ശേഷം രാവിലെ 11 മണിക്ക് പൊലീസ് എന്റെ ഫോണില്‍ വിളിച്ചു. കാര്‍ യാത്രിക തനിച്ചാണോ കൂടെ ഒരു കുട്ടി ഉണ്ടായിരുന്നോ എന്ന് ഓഫീസര്‍ കൊങ്കണി ഭാഷയില്‍ ചോദിച്ചു. അവള്‍ തനിച്ചാണെന്ന് മറുപടി നല്‍കി. തുടര്‍ന്നാണ് ഹോട്ടല്‍ മുറിയിലെ രക്തക്കറയെ കുറിച്ചും അവളെ സംശയമുണ്ടെന്നും പറഞ്ഞത്. ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഫോണ്‍ സുചനയ്ക്ക് കൈമാറി. കുട്ടിയെ കുറിച്ച് ചോദിച്ചു. അവള്‍ മറുപടി നല്‍കി. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം പൊലീസ് വീണ്ടും എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു, ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന്. അങ്ങനെ തന്ത്രപരമായി കുറെ മുന്നോട്ട് പോയി. ഔട്ട് പോസ്റ്റിലെത്തി ഉദ്യോഗസ്ഥനെ കണ്ട് ഫോണ്‍ കൈമാറി. തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടു. ശേഷം സ്യൂട്ട്‌കേസ് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.''
തിങ്കളാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് ഓട്ടോപ്സി റിപ്പോർട്ടിലെ കണ്ടെത്തൽ. മകനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പെട്ടെന്നുള്ള ദേഷ്യത്തിൽ തലയിണ എടുത്ത് മുഖത്ത് അമർത്തിയതാണ് എന്നുമാണ് സുചന പൊലീസിനോട് പറഞ്ഞത്. കുഞ്ഞ് മരിച്ചെന്ന് കണ്ടപ്പോൾ പരിഭ്രാന്തയായി. കുറേ നേരം കുഞ്ഞിനരികെ ഇരുന്നു. പിന്നെ കത്തിയെടുത്ത് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നോർത്ത് ഗോവയിലെ കോണ്ടോലിമിലുള്ള സർവീസ് അപ്പാർട്ട്മെന്‍റിലെ കിടക്കയിൽ കണ്ട രക്തക്കറ സുചനയുടെ തന്നെ രക്തമാണെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ അച്ഛനും കുടുംബവും കാണാതിരിക്കാനാണ് ഗോവയിലേക്ക് പോയതെന്നാണ് സുചന പറയുന്നത്. ര്‍പിരിഞ്ഞ് കഴിയുകയാണെങ്കിലും വിവാഹമോചന കേസിന്റെ അവസാന ഘട്ടങ്ങളിലായിരുന്നു, ഗോവയില്‍ നാലു വയസുകാരന്‍ കുഞ്ഞിനെ കൊന്നക്കേസിലെ പ്രതി സുചനയും ഭര്‍ത്താവ് വെങ്കട്ടരാമനും. വെങ്കട്ടരാമന് ഒരു കോടിയിലധികം വാര്‍ഷിക വരുമാനമുണ്ടെന്നും അതില്‍ മകനെ നോക്കുന്നതിനായി പ്രതിമാസം രണ്ടര ലക്ഷം രൂപ ജീവനാംശം വേണമെന്ന് സുചന ആവശ്യപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാര്‍ഹിക പീഡനം, കുഞ്ഞിനെയും തന്നെയും ശാരീരികമായി പീഡിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് വെങ്കട്ടരാമനെതിരെ സുചന കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
സുചനയുടെ വീട്ടില്‍ പ്രവേശിക്കുന്നതിനും അവരുമായും കുട്ടിയുമായും ആശയവിനിമയം നടത്തുന്നതിനും വെങ്കട്ടരാമനെ കോടതി വിലക്കിയിരുന്നു. എല്ലാ ഞായറാഴ്ചയും കുഞ്ഞിനെ കാണാന്‍ അവസരമൊരുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയിലാണ് കുഞ്ഞിനെ സുചന കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വെങ്കട്ടരാമനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരങ്ങള്‍. കുഞ്ഞിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം താന്‍ ഹാജരാകാമെന്ന് വെങ്കട്ടരാമന്‍ അന്വേഷണഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. നാലു വയസുകാരന്‍ കുട്ടിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്നലെ ബംഗളൂരുവില്‍ കഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























