വന്ദേ ഭാരത് എക്‌സ്പ്രസില്‍ പഴകിയ ഭക്ഷണം ലഭിച്ചതായി പരാതി... ഐആര്‍സിടിസി മാപ്പ് പറഞ്ഞ് രംഗത്ത്; ഈ സേവനം നല്‍കിയ ഭക്ഷണ വിതരണക്കാരില്‍നിന്ന് പിഴ ഈടാക്കും, കര്‍ശന നടപടി സ്വീകരിക്കും

വന്ദേ ഭാരത് എക്‌സ്പ്രസില്‍ നിന്നും പഴകിയ ഭക്ഷണം ലഭിച്ചതായി യാത്രക്കാരുടെ പരാതി. വന്ദേ ഭാരതിലെ മോശം ഭക്ഷണത്തെക്കുറിച്ച് യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഡല്‍ഹിയില്‍നിന്ന് വാരാണസിയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിലായിരുന്നു സംഭവം.
യാത്രക്കാര്‍ക്കായി കൊണ്ടുവന്ന ഭക്ഷണത്തില്‍നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പഴകിയ ഭക്ഷണമാണെന്ന് ബോധ്യപ്പെട്ടത്. ഭക്ഷണം കൊണ്ടുവന്ന ട്രേ സഹിതം എടുത്തുകൊണ്ടുപോകാന്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നതും ദൃശ്യത്തിലുണ്ട്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ഇന്ത്യന്‍ റെയില്‍വെയും മറ്റു ഉദ്യോഗസ്ഥരെയും ടാഗ് ചെയ്താണ് മോശം ഭക്ഷണത്തിന്റെ ദൃശ്യങ്ങള്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തത്.
എനിക്ക് ലഭിച്ച ഭക്ഷണം ദുര്‍ഗന്ധം നിറഞ്ഞതും മോശവും നിലവാരമില്ലാത്തതുമാണ്. എന്റെ കൈയില്‍നിന്ന് ഭക്ഷണത്തിനായി ഈടാക്കിയ തുക തിരികെ നല്‍കണം. ഇത്തരം ഭക്ഷണ വിതരണക്കാര്‍ വന്ദേ ഭാരതിന്റെ പേര് മോശമാക്കും''- യാത്രക്കാരന്‍ അഭിപ്രായപ്പെട്ടു. ഇതിനു താഴെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. മറ്റു ട്രെയിനുകളിലും മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്നും കോച്ചുകളില്‍ വൃത്തിയില്ലെന്നും യാത്രക്കാര്‍ പ്രതികരിച്ചിട്ടുണ്ട്.
ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ പരാതി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പിഎന്‍ആറും മൊബൈല്‍ നമ്പര്‍ വിവരങ്ങളും കൈമാറണമെന്നും റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു. ഐആര്‍സിടിസി മാപ്പ് പറഞ്ഞ് രംഗത്തെത്തി. ''താങ്കള്‍ക്കുണ്ടായ മോശം അനുഭവത്തില്‍ മാപ്പ് ചോദിക്കുന്നു. വിഷയത്തെ ഗൗരവമായാണ് കാണുന്നത്. ഈ സേവനം നല്‍കിയ ആളില്‍നിന്ന് പിഴ ഈടാക്കും, കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കും''- ഐആര്‍സിടിസി പറഞ്ഞു.
https://www.facebook.com/Malayalivartha























