കൊച്ചിയില്‍ മോദി മാസാകും... അയോധ്യ പ്രതിഷ്ഠാ ചടങ്ങിനു പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും; കോണ്‍ഗ്രസ് അയോധ്യയിലേക്കില്ലാത്തത് ഹിന്ദി ഹൃദയ ഭൂമിയില്‍ എങ്ങനെ ബാധിക്കുമെന്ന് ആശങ്ക; പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ ഒരു കിലോമീറ്ററോളം

അങ്ങനെ രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. അയോധ്യയിലേക്കില്ലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ, രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യ മുന്നണിക്കുള്ളില്‍ ഐക്യം രൂപമെടുക്കുന്നു. പ്രതിഷ്ഠയുടെ മറവില്‍ ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്നാണ് 28 കക്ഷികളുള്ള മുന്നണിയിലെ ഭൂരിപക്ഷ നിലപാട്. അതേ സമയം കോണ്‍ഗ്രസ് അയോധ്യയിലേക്കില്ലാത്തത് ഹിന്ദി ഹൃദയ ഭൂമിയില്‍ എങ്ങനെ ബാധിക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഉദ്ധവ് താക്കറെ (ശിവസേന), ഹേമന്ത് സോറന്‍ (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച), അരവിന്ദ് കേജ്രിവാള്‍ (ആം ആദ്മി പാര്‍ട്ടി), അഖിലേഷ് യാദവ് (എസ്പി) എന്നിവര്‍ക്കു ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെങ്കിലും അതിനു ബിജെപിയുടെ ക്ഷണം ആവശ്യമില്ലെന്നും വിശ്വാസത്തിന്റെ പേരിലാണു ക്ഷേത്രത്തിലേക്കു പോകുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിഷ്ഠാചടങ്ങ് ബഹിഷ്‌കരിക്കുന്ന കോണ്‍ഗ്രസ്, തൃണമൂല്‍ അടക്കമുള്ള കക്ഷികളുടെ നിലപാടിനെ ഇവര്‍ തള്ളിപ്പറയുന്നുമില്ല. പ്രതിഷ്ഠാചടങ്ങ് ബിജെപി രാഷ്ട്രീയായുധമാക്കുന്നത് ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നാണ് മുന്നണിയിലെ ധാരണ. ചടങ്ങിന്റെ പേരില്‍ പരസ്പരം കുറ്റപ്പെടുത്തുന്ന പ്രസ്താവനകള്‍ പരമാവധി ഒഴിവാക്കാനാണു ശ്രമം.
പ്രതിഷ്ഠാ ചടങ്ങിനു പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യതയും പ്രതിപക്ഷം മുന്നില്‍ക്കാണുന്നു. ചടങ്ങിന്റെ പേരില്‍ പ്രതിപക്ഷത്തു വിള്ളലുണ്ടാക്കാനാണു ബിജെപിയുടെ ശ്രമമെന്നും അതിനെ അതിജീവിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.
ഹിന്ദുത്വ അജന്‍ഡയ്ക്കു പിന്നാലെ പോകേണ്ടെന്നും തൊഴിലില്ലായ്മ, വിലക്കയറ്റം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ഉചിതമെന്നും വിലയിരുത്തിയാണ് പ്രതിഷ്ഠാചടങ്ങ് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 16നു കൊച്ചിയില്‍ റോഡ് ഷോ നടത്തുക എംജി റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നിന്ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് വരെ. വൈകിട്ട് 6നു ഹോസ്പിറ്റല്‍ റോഡ്, പാര്‍ക്ക് അവന്യു വഴി ഒരു കിലോമീറ്ററോളമാണു റോഡ് ഷോ. ഗവ. ഗസ്റ്റ് ഹൗസിലാണു പ്രധാനമന്ത്രി താമസിക്കുക.
കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ 16നു വൈകിട്ട് 5നു പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം റോഡ് ഷോയില്‍ പങ്കെടുക്കാനെത്തും. അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അരലക്ഷം പ്രവര്‍ത്തകരെ അണിനിരത്തുമെന്നു ബിജെപി ജില്ലാ കമ്മിറ്റി അറിയിച്ചു. തുറന്ന വാഹനത്തിലാകും റോഡ് ഷോ എന്നാണു സൂചന. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ യുവജന സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി തേവരയില്‍ റോഡിലൂടെ നടന്നാണു റോഡ്‌ഷോ നടത്തിയത്.
പ്രധാനമന്ത്രി 17നു രാവിലെ 7നു ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്കു പോകും. അവിടെനിന്നു തിരിച്ചെത്തി രാവിലെ 10നു വില്ലിങ്ഡന്‍ ഐലന്‍ഡില്‍ കൊച്ചിന്‍ ഷിപ്യാഡില്‍ ഇന്റര്‍നാഷനല്‍ ഷിപ് റിപ്പയര്‍ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് 11ന് എറണാകുളം മറൈന്‍ഡ്രൈവില്‍ സംസ്ഥാനത്തെ ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ 'ശക്തികേന്ദ്ര' ചുമതലക്കാരുടെ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. 7000 പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ അറിയിച്ചു. ഈ പരിപാടിക്കു ശേഷം നരേന്ദ്ര മോദി ഡല്‍ഹിയിലേക്കു മടങ്ങും.
അതേസമ.#ം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന പ്രക്രിയയില്‍ കോണ്‍ഗ്രസ് മാറ്റം വരുത്തുന്നു. ഓരോ മണ്ഡലത്തിലും ഈയിടെ നിയോഗിക്കപ്പെട്ട കോഓര്‍ഡിനേറ്റര്‍മാര്‍ നല്‍കുന്ന രഹസ്യ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും നിര്‍ണയം. ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha























