സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ നല്‍കേണ്ടെന്ന് സുപ്രീം കോടതി
സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ് പെര്‍മിറ്റുകള്‍ നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതിയും ശരിവച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ബസുടമകള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം സര്‍ക്കാരിന് സ്വീകരിക്കാമെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2013-ലാണ് സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ മാത്രം നല്കിയാല് മതിയെന്ന് തീരുമാനിച്ചത്. നിലവില്‍ ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് കാലാവധി തീരുന്നതുവരെ സര്‍വീസ് തുടരാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പെര്‍മിറ്റ് കാലാവധി തീരുന്ന മുറയ്ക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഏറ്റെടുത്തുവരികയാണ്. ഇത്തരം നിരവധി സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്തു കഴിഞ്ഞു. മുഴുവന്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളും ഏറ്റെടുക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha