സുരക്ഷാ ബെല്‍റ്റ് ശരിയായി ധരിച്ചില്ല; കോയമ്പത്തൂരിലെ ബിസിനസ്സുകാരന് പാരാഗ്ലൈഡിങ്ങിനിടെ വീണ് മരിച്ചു
53 വയസുകാരനായ ബിസിനസുകാരന് പാരാഗ്ലൈഡിങ്ങിനിടെ മരിച്ച സംഭവത്തിന്റെ വിഡിയോ വൈറലാകുന്നു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് സംഘടിപ്പിച്ച ഫെസ്റ്റിനിടെ മല്ലേശ്വരറാവുവാണ് അപകടത്തില്‍ പെട്ടത്. സുരക്ഷാ ബെല്‍റ്റ് ശരിയായി ധരിക്കാത്തതാണ് അപകടകാരണമെന്നാണ് സൂചന.
മൈതാനത്ത് നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് ഇദ്ദേഹം താഴേക്ക് പതിച്ചത്. സുരക്ഷാ സംവിധാനത്തിലെ പിഴവ് മനസ്സിലാക്കി താഴെയുള്ളവര്‍ ഇദ്ദേഹത്തിന് നേരെ ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിപാടിയുടെ ചുമതലയുണ്ടായിരുന്ന ഗ്ലൈഡറായ ബാബു സംഭവത്തിന് ശേഷം ഒളിവിലാണ്.
സാഹസിക വിനോദങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ചയാളായിരുന്നു മല്ലേശ്വര റാവു. 60 മീറ്റര്‍ ഉയരത്ത് നിന്നുമാണ് ഇദ്ദേഹം താഴേക്ക് പതിച്ചത്. പരിപാടി കാണാനെത്തിയ ഒരാളാണ് മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
സുരക്ഷാ ബെല്‍റ്റ് പാരാഗ്ലൈഡറുമായി ബന്ധിപ്പിക്കാന്‍ വിട്ടുപോയിരുന്നോയെന്നും ഗ്ലൈഡിങ്ങിനിടെ ബെല്‍റ്റ് അഴിഞ്ഞുപോയതാണോ എന്നും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പരിപാടിയുടെ സംഘാടകര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നും പൊലിസ് വ്യക്തമാക്കി.
കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് സംഘടിപ്പിച്ച പാരാഗ്ലൈഡ് ഫെസ്റ്റില്‍ 500 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. സംഭവസ്ഥലത്ത് ഒരു ആംബുലന്‍സ് പോലും അധികൃതര്‍ ഏര്‍പ്പാടാക്കിയിരുന്നില്ല.
https://www.facebook.com/Malayalivartha