ബുലന്ദ്ഷറില്‍ കൂട്ടമാനഭംഗം: ഗുണ്ടാസംഘത്തിന്റെ തലവന്‍ പിടിയില്‍
അമ്മയേയും മകളെയും ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ കൂട്ടമാനഭംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. രാജസ്ഥാനിലെ ഒരു ഗുണ്ടാസംഘത്തിന്റെ തലവനായ സലീം ബവാരിയയെയാണ് ഒരാഴ്ചയ്ക്കു ശേഷം പോലീസ് പിടികൂടിയത്. മീററ്റില്‍ നിന്നും മറ്റു രണ്ടു പേര്‍ക്കൊപ്പമാണ് തിങ്കളാഴ്ച ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍ ആറു പേര് അറസ്റ്റിലായെന്നും പോലീസ് അറിയിച്ചു.
സംഭവം നടന്നതിനു തൊട്ടടുത്ത ദിവസം തന്നെ മൂന്നു പ്രതികളെ പിടികൂടിയിരുന്നു. അവശേഷിക്കുന്ന മൂന്ന പേരെ കിഴക്കന്‍ മേഖലകളില്‍ നിന്ന് പിടികൂടിയെന്നും യു.പി. ഡി.ജി.പി ജാവീദ് അഹമ്മദ് അറിയിച്ചു. കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്നലെ അലഹബാദ് ഹൈക്കോടതി പോലീസിനോട് തേടിയിരുന്നു. അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുന്നതിലും സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.
ജൂലായ് 31നാണ് നോയിഡ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ ഹൈവേയില്‍ തടഞ്ഞുനിര്‍ത്തി അക്രമികള്‍ അമ്മയേയും പതിനാലുകാരിയായ മകളെയും കൂട്ടമാനഭംഗത്തിനിരയാക്കിയത്. കാറിലെ പുരുഷന്മാരെയെല്ലാം കെട്ടിയിട്ട ശേഷമായിരുന്നു ഈ ക്രൂരത. യാത്രക്കാരെ കൊള്ളയിച്ച ശേഷം മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചതാണ് ഈ സംഭവം. അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ പോലീസിന്റെ ഹെല്‍പ്പ് നമ്പറില്‍ വിളിച്ചുവെങ്കിലും ആരും പ്രതികരിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha