16 വര്‍ഷം നീണ്ട നിരാഹാരം ഇറോം ശര്‍മിള അവസാനിപ്പിച്ചതിന് പിന്നാലെ സമരം ഏറ്റെടുത്ത് 32 കാരിയായ മണിപ്പൂരി വനിത
16 വര്‍ഷം നീണ്ട നിരാഹാരം ഇറോം ശര്‍മിള അവസാനിപ്പിച്ചതിന് പിന്നാലെ സമരം ഏറ്റെടുത്ത് 32 കാരിയായ മണിപ്പൂരി വനിത രംഗത്തെത്തി. സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ആറംബാം റോബിത ലെയ്മ മരണം വരെ നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ചത്. കുറ്റകൃത്യങ്ങള്‍ക്കെതിരെ സ്ത്രീകള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ലെയ്മ ഇംഫാലിലെ തന്റെ ഓഫീസിന് മുന്നില്‍ നിരാഹാരം ആരംഭിച്ചു.
നിരാഹാരം ആരംഭിക്കുന്നതിന് മുമ്പ് ഇറോം ശര്‍മിളയെ സന്ദര്‍ശിക്കാന്‍ ജവഹര്‍ ലാല്‍ നെഹ്റു ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലെത്തിയെങ്കിലും ശര്‍മ്മിളയെ കാണാന്‍ അനുവദിച്ചില്ല. ഇറോം ശര്‍മിളയോടു തനിക്ക് ആദരവുണ്ടെന്നും അവര്‍ക്കു പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ ദൗത്യവുമായി താന്‍ മുന്നോട്ടുപോകുമെന്നും റോബിത പറഞ്ഞു.
അതിനിടെ, നിരാഹാര സമരം നടത്താനുള്ള റോബിതയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും ഇതില്‍നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ട് നിരവധി വനിതാ സംഘടനകളുടെ നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ തന്റെ തീരുമാനത്തില്‍നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണു റോബിത.
https://www.facebook.com/Malayalivartha