നഗ്‌ലയില്‍ വെളിച്ചമെത്തിയെന്ന് സ്വാതന്ത്ര്യ പ്രസംഗത്തില്‍ പ്രധാനമന്ത്രി; എവിടെയെന്ന് ചോദിച്ച് ഇരുട്ടിലായ ഗ്രാമീണര്‍; 'ആ ചിത്രവും ഞങ്ങളുടേതല്ല'

മോഡിയുടെ പ്രസംഗത്തില്‍ പ്രതിഷേധവുമായി ഒരു ഗ്രാമം. 'ഡല്‍ഹിയില്‍ നിന്നും കുറച്ചു യാത്ര ചെയ്താല്‍ ഹതരാസില്‍ നഗ്‌ല ഫതേല എന്നൊരു ഗ്രാമമുണ്ട്. നഗ്‌ലയിലേക്കുള്ള യാത്രയ്ക്ക് മൂന്ന് മണിക്കൂര്‍ സമയമേ വേണ്ടൂ. എന്നാല്‍ ആ ഗ്രാമത്തില്‍ വൈദ്യുതിയെത്താന്‍ 70 വര്‍ഷമെടുത്തു'
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിലെ ഏതാനും വരികളാണ് മുകളിലത്തേത്. പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് പ്രസംഗത്തില്‍ പരാമര്‍ശിച്ച ഗ്രാമീണര്‍. കാരണം വര്‍ഷങ്ങളായി ഇവിടത്തെ ഗ്രാമീണര്‍ ഇരുട്ടിലാണ്. ഗ്രാമത്തിലെ 600 വീടുകളില്‍ 450ലും വൈദ്യുതി എത്തിയിട്ടില്ല.
വൈദ്യുതി കണക്ഷന്‍ ലഭിച്ച 150 വീടുകളിലാകട്ടെ വെളിച്ചമെത്തിച്ചിരിക്കുന്നത് നിയമനാസൃതമല്ലാതേയും. തെരുവ് വിളക്കുകള്‍ക്കായി സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് വീടുകളിലേക്ക് വൈദ്യുതി എത്തിച്ചിരിക്കുന്നത്. വൈദ്യുതി ബില്‍ ആയി രണ്ട് മാസത്തേക്ക് ദക്ഷിണാഞ്ചല്‍ വിദ്യുത് നിത്രാന്‍ നിഗം ലിമിറ്റഡിന് ഓരോരുത്തരും 395 രൂപ നല്‍കുന്നുണ്ടെന്ന് ഗ്രാമ മുഖ്യന്‍ യോഗേഷ് കുമാര്‍ പറയുന്നു.
ഗ്രാമത്തിന്റെ യഥാര്‍ത്ഥ അവസ്ഥ അറിയാതെ ആകും പ്രധാനമന്ത്രിയുടെ പ്രതികരണമെന്ന് ഗ്രാമീണനായ ഉലനൂര്‍ ഉസ്മാനി പ്രതികരിച്ചു. ഡല്‍ഹിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ഹതരാസ് ജില്ലയിലാണ് നഗ്ല ഫത്തേല ഗ്രാമം. 3500 പേര്‍ ഇവിടെ വസിക്കുന്നു. 900 പേര്‍ക്ക് വോട്ടവകാശമുണ്ട്. പ്രധാനമന്ത്രിയുടെ ഗ്രാമീണ വൈദ്യുതീകരണ യജ്ഞത്തില്‍ ഇടംപിടിച്ചിട്ടുള്ള രാജ്യത്തെ 10,045 ഗ്രാമങ്ങളില്‍ ഒന്നാണ് നഗ്‌ലയും. 2017 മെയ് മാസത്തോടെ എല്ലാ ഗ്രാമങ്ങളിലെ വൈദ്യുതി എത്തിക്കുമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പറയുന്നത്.
ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോത് യോജനയ്ക്ക് കീഴില്‍ ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കാനുളള തയ്യാറെടുപ്പുകളെല്ലാം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നത് ശരിതന്നെ. വയറുകളും മീറ്ററുകളും പോസ്റ്റുകാലുകളും ഗ്രാമത്തില്‍ എത്തിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ഇപ്പോഴും ഞങ്ങള്‍ക്ക് സ്വപ്‌നമാണ്.
ഗ്രാമീണനായ പ്രദാന്‍ കുമാര്‍
നഗ്‌ല ഫത്തേല ഗ്രാമീണര്‍ ടിവി കാണുന്ന ചിത്രമെന്ന പേരില്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഷെയര്‍ ചെയ്ത ചിത്രവും ഗ്രാമീണരെ ഞെട്ടിച്ചു. ചിത്രത്തില്‍ കാണുന്ന ഗ്രാമം തങ്ങളുടേത് അല്ലെന്ന് ഗ്രാമീണര്‍ പറയുന്നു. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോത് യോജനയ്ക്ക് കീഴില്‍ വൈദ്യൂതികരിക്കപ്പെട്ട നഗ്‌ല സിദ്ധി ഗ്രാമത്തിന്റേതാകും ചിത്രമെന്നും അവര്‍ അനുമാനിക്കുന്നു.
ഗ്രാമം വൈദ്യുതീകരിക്കാത്തതിന് പോസ്റ്റുകളും വയറുകളും എത്തിച്ച സ്വകാര്യ കമ്പനിയെ പഴിക്കുകയാണ് പ്രാദേശിക പവര്‍ സബ് സ്‌റ്റേഷനിലെ സബ് ഡിവിഷണല്‍ ഓഫീസര്‍. സ്വകാര്യ കമ്പനിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണത്രെ വൈദ്യുതികരണത്തിന് തടസ്സം.
പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നഗ്‌ല ഫത്തേല പരാമര്‍ശിക്കപ്പെട്ടതിന് പിന്നാലെ വൈദ്യുതി വകുപ്പ് അധികൃതര്‍ ഗ്രാമത്തിന്റെ നിലവിലെ സ്ഥിതി മനസിലിക്കാന്‍ അവിടെ സന്ദര്‍ശനം നടത്തി. ഗ്രാമത്തിലെ നിയമവിരുദ്ധ വൈദ്യുതി കണക്ഷനുകള്‍ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നേരത്തെ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha






















