രാജസ്ഥാനില്‍ ഗുജ്ജാര്‍ അടക്കം അഞ്ചു വിഭാഗങ്ങള്‍ക്ക് ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം

രാജസ്ഥാനില്‍ ഗുജ്ജാര്‍ അടക്കം അഞ്ച് സമുദായ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗുജ്ജാര്‍/ഗൂര്‍ജര്‍, ബഞ്ജാര/ബാല്‍ദിയ/ലബാന, ഗാഡിയലോഹര്‍/ഗഡാലിയ, റെയ്ക/റെബരി, ഗഡാരിക എന്നീ വിഭാഗങ്ങള്‍ക്കാണ് ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
നിയപക്രാരമുള്ള 50% സംവരണ പരിധിക്കുള്ളില്‍ നിര്‍ത്തിക്കൊണ്ടായിരിക്കും ഇതെന്ന് സംസ്ഥാന പാര്‍ലമെന്ററി കാര്യമന്ത്രി രാജേന്ദ്ര റാത്തോഡ് പറഞ്ഞു. പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയായിരിക്കും സംവരണം നടത്തുക. ഗവര്‍ണറുടെ അംഗീകാരത്തോടെ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തുവരും. നിലവില്‍ വിവിധ വിഭാഗങ്ങള്‍ക്കായി 49% സംവരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
1994ല്‍ ഒബിസി പട്ടികയില്‍ അഞ്ച് ജാതി വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും ഈ സംവരണം പ്രയോജനം ചെയ്യും. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഗുര്‍ജര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തി ഒബിസി സംവരണം 21ല്‍ നിന്ന് 26% ആയി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.
എന്നാല്‍ നിയമാനുസൃതമായ 50% സംവരണവും കടന്ന് 54% ആയതോടെ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. സംവരണം 50 ശതമാനത്തിന് മുകളില്‍ കടക്കരുതെന്ന് സുപ്രീം കോടതിയും സര്‍ക്കാരിന് താക്കീത് നല്‍കിയിരുന്നു. അതേസമയം, സംവരണം ഒരു ശതമാനം മാത്രമായതില്‍ വിവിധ സമുദായ നേതാക്കള്‍ വിയോജിപ്പുമായി എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അഞ്ചു ശതമാനം സംവരണമാണ് ഉറപ്പ് നല്‍കിയിരുന്നതെന്നും ഒരു ശതമാനം നേരത്തെ നല്‍കിയിരുന്നതാണെന്നും ഗുജ്ജാര്‍ അരക്ഷണ്‍ സംഘര്‍ഷ സമിതി വക്താവ് ഹിമ്മത്ത് സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha























